Skip to main content

സമ്പൂർണ വലിച്ചെറിയൽ മുക്ത ഗ്രാമപഞ്ചായത്തായി പെരുങ്കടവിള

ശുചിത്വ സുന്ദര ഗ്രാമപഞ്ചായത്തുകളുടെ പട്ടികയിലേക്ക് പെരുങ്കടവിളയും. മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി, സമ്പൂർണ വലിച്ചെറിയൽ മുക്ത പഞ്ചായത്തായി പെരുങ്കടവിള ഗ്രാമപഞ്ചായത്തിനെ പ്രഖ്യാപിച്ചു. നവകേരളം കർമ്മ പദ്ധതി സംസ്ഥാന കോർഡിനേറ്റർ ടി.എൻ.സീമ പ്രഖ്യാപനം നടത്തി. പ്രകൃതിയുടെയും മനുഷ്യന്റെയും ആരോഗ്യ സംരക്ഷണത്തിന് ഊന്നൽ നൽകുന്ന പഞ്ചായത്തിന്റെ പദ്ധതികൾ പ്രശംസനീയമാണെന്ന് ടി.എൻ.സീമ പറഞ്ഞു. ഹരിതകർമ്മ സേനയ്ക്കുള്ള ഇലക്ട്രിക് വാഹനത്തിന്റെ ഫ്‌ളാഗ് ഓഫും നിർവഹിച്ചു. പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി. ലാൽകൃഷ്ണൻ മാലിന്യ മുക്ത പ്രതിജ്ഞ ചൊല്ലികൊടുത്തു. വലിച്ചെറിയൽ മുക്ത യജ്ഞത്തിൽ പങ്കാളികളായ പ്രവർത്തകരെ ചടങ്ങിൽ ആദരിച്ചു.

ഗ്രാമപഞ്ചായത്തിലെ വാർഡ് സാനിടൈസേഷൻ സമിതികൾ, ഹരിതകർമ്മ സേനാംഗങ്ങൾ, കുടുംബശ്രീ തൊഴിലുറപ്പ് പ്രവർത്തകർ,  അങ്കണവാടി പ്രവർത്തകർ, ആശാവർക്കർമാർ, ആരോഗ്യപ്രവർത്തകർ, സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹകരണത്തോടെയാണ് സമ്പൂർണ വലിച്ചെറിയൽമുക്ത പദ്ധതി യാഥാർത്ഥ്യമാക്കിയത്.

പെരുങ്കടവിള പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സുരേന്ദ്രൻ അധ്യക്ഷനായി. ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, നവകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ സി. അശോക്, ഹരിതകർമ്മ സേന, കുടുംബശ്രീ, അങ്കണവാടി, ആശ പ്രവർത്തകർ എന്നിവരും പങ്കാളികളായി. ഹരിതകർമ്മ സേനയും ബഡ്സ് സ്‌കൂൾ വിദ്യാർഥികളും നിർമിച്ച വിവിധ ഉത്പന്നങ്ങളുടെ വിൽപനയും പരിപാടിയുടെ ഭാഗമായി നടന്നു.

date