Skip to main content

സ്കൂൾ പ്രവേശനോത്സവത്തിന് ഹരിത പെരുമാറ്റട്ടം പാലിക്കണം;ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്

 

സ്കൂൾ പ്രവേശനോത്സവത്തിന്  പൂർണ്ണമായും ഹരിത പെരുമാറ്റച്ചട്ടം പാലിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്. ജൂൺ ഒന്നിന് സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന ഓൺലൈൻ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരുവനന്തപുരം മലയിൻകീഴ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ 9ന് മുഖ്യമന്ത്രി പിണറായി വിജയൻ 2023-24 അധ്യയന വർഷത്തെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും.  ചടങ്ങ് തത്സമയം കാണുന്നതിനായി ജില്ലയിലെ എല്ലാ സ്കൂളുകളിലും സൗകര്യമൊരുക്കും. പ്രവേശനോത്സവവുമായി ബന്ധപ്പെട്ട സ്വാഗതസംഘം രൂപീകരിക്കണം. നോട്ടീസുകൾ പ്രസിദ്ധീകരിക്കണം. കുട്ടികളുടെ കലാപരിപാടികൾ സംഘടിപ്പിക്കണമെന്നും പ്രദേശത്തെ ജനപ്രതിനിധികളെ പ്രവേശനോത്സവത്തിൽ പങ്കെടുപ്പിക്കാൻ സ്കൂൾ അധികൃതർ പ്രത്യേകം ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

 എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടപ്പിലാക്കണം. ജൈവമാലിന്യങ്ങളും അജൈവമാലിന്യങ്ങളും വേർതിരിച്ച് നിക്ഷേപിക്കുന്നതിന് വിദ്യാർത്ഥികൾക്ക് പ്രത്യേക ബോധവൽക്കരണം നടത്തണം. ജൈവമാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്കരിച്ച്  ജൈവവളമാക്കി മാറ്റണം. സ്കൂളുകളിൽ ആവശ്യമായ വേസ്റ്റ് ബിന്നുകൾ വിതരണം ചെയ്യണം. എല്ലാ സ്കൂളുകളിലും വരുന്ന ഒരു വർഷക്കാലത്തേക്ക് ലഹരിമുക്ത ക്യാമ്പയിൻ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

ഈ വർഷം ഹരിത വിദ്യാലയങ്ങളിലേക്ക് വേണം കുട്ടികളെ വരവേൽക്കാൻ. ജൂൺ 5ന് പരിസ്ഥിതി ദിനം വിപുലമായി ആഘോഷിക്കണം. മാലിന്യ സംസ്കരണം, ലഹരി മുക്ത ക്യാമ്പയിൻ എന്നിവയുമായി ബന്ധപ്പെട്ട് വിദ്യാർഥികൾക്ക് പ്രതിജ്ഞ ചൊല്ലി കൊടുക്കണം. മാലിന്യ പരിപാലന ക്യാമ്പയിനുകൾ ശക്തമാക്കാൻ എൻ.എസ്.എസ്, എൻ.സി.സി യൂണിറ്റുകളെ ഉപയോഗപ്പെടുത്തണം. വിദ്യാർത്ഥികളെയും അധ്യാപകരെയും ഉൾപ്പെടുത്തി ക്ലീൻ ഡ്രൈവ് സംഘടിപ്പിക്കണം. സ്കൂളുകളിൽ പച്ചത്തുരുത്ത് ഒരുക്കണം. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന സ്കൂളുകളെ തെരഞ്ഞെടുത്തു വർഷത്തിൽ രണ്ട് പ്രാവിശ്യം ട്രോഫി വിതരണം ചെയ്യുമെന്നും യോഗത്തിൽ അദ്ദേഹം പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് നേതൃത്വം നൽകിയ യോഗത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനിതാ റഹീം,  വിദ്യാഭ്യാസ ഉപഡയറക്ടർ ഹണി ജി അലക്സാണ്ടർ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.ജെ ജോമി, പ്രധാന അധ്യാപകർ, പി.ടിഎ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

date