Skip to main content
വാണിമേൽ പഞ്ചായത്ത്

വാണിമേൽ പഞ്ചായത്ത് വികസനോത്സവം സമാപിച്ചു 

 

പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വാണിമേൽ പഞ്ചായത്ത്തല വികസനോത്സവം 23-24' സമാപിച്ചു. വാണിമേല്‍ ഗ്രാമപഞ്ചായത്തിലെ ഊരുകള്‍ കേന്ദ്രീകരിച്ചുള്ള കലാകായിക പരിപാടികളുടെ സമാപന സമ്മേളനം തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി വനജ ഉദ്ഘാടനം ചെയ്തു. വാണിമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരയ്യ ടീച്ചർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.  

കുട്ടികളുടെ മാനസികവും ശാരീരികവും വൈജ്ഞാനികവുമായ ഉന്നമനം ലക്ഷ്യമാക്കി സ്കൂൾ അവധിക്കാലം മാറ്റിയെടുക്കുന്നതിനായി പട്ടികവർഗ്ഗ വികസന വകുപ്പ് ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന കുട്ടികളുടെ കലാകായിക സാംസ്കാരിക പരിപാടിയാണ് "വികസനോത്സവം '. ഇതിന്റെ ഭാഗമായി  മെയ് 27 മുതൽ  വാണിമേല്‍ ഗ്രാമപഞ്ചായത്തിലെ ഊരുകള്‍ കേന്ദ്രീകരിച്ച് നിരവധിയായ കലാകായിക പരിപാടികൾ സംഘടിപ്പിച്ചിരുന്നു.

വിലങ്ങാട് പാരിഷ് ഹാളിൽ നടന്ന  സമാപന സമ്മേളനത്തിൽ കലാകായിക മത്സര വിജയികൾക്കുള്ള സമ്മാനദാനവും നടന്നു. എസ്  എസ് എൽ സി, പ്ലസ് ടു  വിജയികൾക്കുള്ള  ജില്ലാ ട്രൈബൽ ഡെവലപ്പ്മെന്റ് ഓഫീസിന്റെ  ഉപഹാരം പേരാമ്പ്ര ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ ഷമീർ എ വിതരണം ചെയ്തു.

കായിക മത്സരങ്ങളുടെ ഭാഗമായി നടന്ന വോളിബോൾ മത്സരം ചിറ്റാരി  കോളനിയിലും  അത് ലറ്റിക്സ്, വടംവലി മത്സരങ്ങൾ വിലങ്ങാട്  സ്കൂളിലും   നടന്നു. പേരാമ്പ്ര ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിൻ്റെയും വാണിമേൽ ഗ്രാമ പഞ്ചായത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച വോളിബോൾ മത്സരം ട്രൈബൽ ഡെവലപ്പ്മെന്റ് ഓഫീസർ  എം കെ മെഹറൂഫ് ഉദ്ഘാടനം ചെയ്തു. വടംവലി മത്സര വിജയികൾക്കുള്ള സമ്മാനം വാണിമേൽ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് സൽമ രാജു വിതരണം ചെയ്തു.

ജില്ലാ പഞ്ചായത്ത് മെമ്പർ പി സുരേന്ദ്രൻ മാസ്റ്റർ വാണിമേൽ ഗ്രാമപഞ്ചായത്ത്  വൈസ് പ്രസിഡന്റ് സൽ‍മാരാജു, തൂണേരി  ബ്ലോക്ക്  പഞ്ചായത്ത്   വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി  ചെയർപേഴ്സൺ  ഇന്ദിര കെ കെ, വാണിമേൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ചന്ദ്ര ബാബു, വാർഡ് മെമ്പർമാരായ ജാൻസി, മജീദ്, വിവിധ കോളനികളിലെ ഊര് മൂപ്പൻമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു . പേരാമ്പ്ര ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ ഷമീർ എ സ്വാഗതവും എസ്ടി പ്രൊമോട്ടർ സജിന എസ് നന്ദിയും പറഞ്ഞു.

date