Skip to main content

കെ. ഫോണ്‍ ഉദ്ഘാടനം ജൂണ്‍ 5ന്;  ജില്ലയില്‍ വിപുലമായി നടത്തും 

 

കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ്വര്‍ക്ക് (കെ ഫോണ്‍ ) ഉദ്ഘാടനം ജില്ലയില്‍ വിപുലമായി നടത്താന്‍ തീരുമാനം. ജില്ലയിലെ 14 നിയോജകമണ്ഡലങ്ങളില്‍ നടത്തുന്ന ഉദ്ഘാടന പരിപാടികളുടെ മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന  അവലോകന യോഗത്തിലാണ് തീരുമാനം. 

കെ ഫോണിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ അഞ്ചിന് വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് നിര്‍വഹിക്കും. അന്ന് വൈകിട്ട് മൂന്നിന് സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലും ഉദ്ഘാടന ചടങ്ങുകള്‍ സംഘടിപ്പിക്കും.

എംഎല്‍എമാരായ ടി.ജെ വിനോദ്, കെ.ജെ മാക്‌സി, പി. വി ശ്രീനിജന്‍,  എ.ഡി.എം എസ്.ഷാജഹാന്‍, തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷന്‍മാര്‍, സെക്രട്ടറിമാര്‍, കെ ഫോണ്‍ ജില്ലാ കോ ഓഡിനേറ്റര്‍ സി.പി വാസുദേവന്‍ തുടങ്ങിയവര്‍ ഓണ്‍ലൈന്‍ യോഗത്തില്‍ പങ്കെടുത്തു.

ജില്ലയില്‍ മണ്ഡലതല ഉദ്ഘാടനങ്ങള്‍ നടക്കുന്ന സ്ഥലങ്ങള്‍ 

കളമശ്ശേരി: കുസാറ്റ് ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം,പറവൂര്‍: ശ്രീനാരായണ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നോര്‍ത്ത് പറവൂര്‍, വൈപ്പിന്‍:ഗവണ്‍മെന്റ് അപ്പര്‍ പ്രൈമറി സ്‌കൂള്‍ എടവനക്കാട്, കൊച്ചി: ഗവണ്‍മെന്റ് യുപി സ്‌കൂള്‍ കുമ്പളങ്ങി, തൃപ്പൂണിത്തുറ: എസ്എന്‍ഡിപി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഉദയംപേരൂര്‍, എറണാകുളം: ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, അങ്കമാലി: ശ്രീ ശങ്കര കോളേജ് കാലടി, ആലുവ: മുന്‍സിപ്പല്‍ ഓഫീസ് ആലുവ, പെരുമ്പാവൂര്‍ : ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പെരുമ്പാവൂര്‍, കുന്നത്തുനാട്: ഗവണ്‍മെന്റ് അപ്പര്‍ പ്രൈമറി സ്‌കൂള്‍ പുത്തന്‍കുരിശ്, പിറവം :സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പിറവം, മൂവാറ്റുപുഴ: ഗവണ്‍മെന്റ് മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൂവാറ്റുപുഴ, കോതമംഗലം:  ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാതിരപ്പിള്ളി, തൃക്കാക്കര: മണ്ഡലത്തില്‍ മോഡല്‍ എന്‍ജിനീയറിങ് കോളേജ് തൃക്കാക്കര.

ഇന്റര്‍നെറ്റ് ഒരു അവകാശമായി പ്രഖ്യാപിച്ചുകൊണ്ട്, സാര്‍വത്രിക ഇന്റര്‍നെറ്റ് ലഭ്യത ഉറപ്പുവരുത്തുക എന്ന ലക്ഷ്യവുമായി സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്ത പദ്ധതിയാണ്  കെ-ഫോണ്‍. സംസ്ഥാനത്തുടനീളം സുശക്തമായ ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല  സ്ഥാപിക്കുന്നതിലൂടെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 14000  ഭവനങ്ങളിലേക്കും 30,000 ത്തില്‍പരം ഓഫീസുകളിലേക്കുമാണ് അതിവേഗ ഇന്റര്‍നെറ്റ് കണക്ഷന്‍ വ്യാപിക്കുന്നത്.

date