Skip to main content

"നാടിനു കാവലാകാൻ ഞങ്ങൾ ഹരിതകർമ്മസേനയ്ക്കൊപ്പം" ക്യാമ്പയിനുമായി കുടുംബശ്രീ

 

മാലിന്യ മുക്ത നവകേരളം സൃഷ്ടിക്കുന്നതിനായി മെഗാ ക്യാമ്പയിനുമായി കുടുംബശ്രീ  ജില്ലാ മിഷൻ. "നാടിനു കാവലാകാൻ ഞങ്ങൾ ഹരിതകർമ്മസേനയ്ക്കൊപ്പം" എന്ന ക്യാമ്പയിന്റെ പ്രധാന ഉദ്ദേശ്യം ഹരിത കർമസേനയെ കൂടുതൽ ജനകീയമാക്കുക എന്നതാണ്. ഇതിന്റെ ഭാഗമായി ജില്ലയിലെ മുഴുവൻ അയൽക്കൂട്ടങ്ങളെയും ഹരിത അയൽക്കൂട്ടമാക്കി മാറ്റുന്നതിനുളള പ്രവർത്തനങ്ങളാണ് നടപ്പാക്കുന്നത്. ജൂൺ ഒന്നിന് ആരംഭിച്ച ക്യാമ്പയിൻ ഈ മാസം 30 വരെ നീണ്ടു നിൽക്കും.

മാലിന്യ മുക്ത നവകേരളം, വലിച്ചെറിയൽ മുക്ത കേരളം തുടങ്ങിയ ക്യാമ്പയിനുകൾ ജനങ്ങൾ ഏറ്റെടുത്തതിന് പിന്നാലെയാണ്   പുതിയ ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. കുടുംബശ്രീ പ്രസ്ഥാനത്തിലെ മുഴുവൻ അംഗങ്ങളെയും,  ജൈവ മാലിന്യങ്ങൾ കൃത്യമായി ഉറവിടത്തിൽ തന്നെ സംസ്ക്കരിക്കുന്നതിനും അജൈവ മാലിന്യങ്ങൾ കലണ്ടർ പ്രകാരം ഹരിതകർമ്മസേനയ്ക്ക്  നൽകുന്നതിനും പ്രാപ്തരാക്കുക എന്നതാണ് ലക്ഷ്യം. എല്ലാ കുടുംബശ്രീ അയൽക്കൂട്ടങ്ങളും കൃത്യമായി യൂസർ ഫീ നൽകി ഹരിതകർമ്മസേനയ്ക്ക് മാലിന്യം കൈമാറണമെന്നാണ് നിർദേശം. ജൂൺ 30നകം പ്രവർത്തനങ്ങൾ പൂർത്തിയാക്കി ജില്ലയിലെ മുഴുവൻ അയൽക്കൂട്ടങ്ങളെയും ഹരിത അയൽക്കൂട്ടമായി പ്രഖ്യാപിക്കാനാണ് തീരുമാനം. 

ക്യാമ്പയിന്റെ ഭാഗമായി ഓൺലൈൻ പരിശീലനം, വിവരശേഖരണങ്ങൾ, പൊതുസഭാ  യോഗങ്ങൾ, അയൽക്കൂട്ട തല യോഗങ്ങൾ, ഹരിത അയൽക്കൂട്ട പ്രഖ്യാപനം തുടങ്ങിയവ സംഘടിപ്പിക്കും.

date