Skip to main content

കളമശേരി മണ്ഡലത്തിലെ ത്രിദിന ശുചീകരണ പരിപാടിക്ക് ഇന്ന് (03) തുടക്കമാകും

 

കളമശേരി നിയോജക മണ്ഡലത്തിലെ ത്രിദിന ശുചീകരണ പരിപാടിക്ക് ഇന്ന് (ജൂണ്‍ 3) തുടക്കമാകും. കളമശേരിയെ മാലിന്യമുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന 'ശുചിത്വത്തിന് ഒപ്പം കളമശേരി' എന്ന ക്യാമ്പയിന്റെ ഭാഗമായുള്ള മാലിന്യ നിര്‍മ്മാർജന പരിപാടി ജൂണ്‍ മൂന്നു മുതല്‍ അഞ്ചു വരെയാണ് നടക്കുന്നത്.  

ശുചീകരണ യജ്ഞത്തിന്റെ ആദ്യ ദിവസമായ ജൂണ്‍ മൂന്നിന് മണ്ഡലത്തിലെ വീടുകളില്‍ നിന്നും ആക്രി സാധനങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും ശേഖരിക്കും. ഹരിതകര്‍മ്മ സേന വഴി അതാത് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഇവ കൈമാറും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ശുചിത്വ മിഷന്‍, ഹരിത കര്‍മ്മ സേന, കുടുംബശ്രീ, റസിഡന്റ്‌സ് അസോസിയേഷനുകള്‍, പൗര സമൂഹ സംഘടനകള്‍ തുടങ്ങിയവരെ ഉള്‍ക്കൊള്ളിച്ചു ജനകീയ പങ്കാളിത്തത്തോടെയാണ് ആക്രി സാധനങ്ങള്‍ ശേഖരിക്കുന്നത്. 

മാലിന്യ സംസ്‌കരണ യജ്ഞത്തിന്റെ രണ്ടാം ദിവസം ജൂണ്‍ നാലിന് രാവിലെ 9ന് കളമശേരിയില്‍ നടക്കുന്ന മാസ്സ് ക്ലീനിങ് ഡ്രൈവില്‍ മന്ത്രി. പി. രാജീവ്, ഹൈബി ഈഡന്‍ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ജില്ലാ കളക്ടര്‍ എന്‍. എസ്. കെ ഉമേഷ്, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

അന്നേദിവസം പൊതുസ്ഥലങ്ങള്‍ ശുചീകരിച്ച് വഴിയോരങ്ങളിലെ മാലിന്യം നീക്കം ചെയ്ത് വൃത്തിയാക്കും. വിപുലമായ ജനകീയ പങ്കാളിത്തത്തോടെ എല്ലാ വാര്‍ഡ് തലത്തിലും ശുചീകരണ യജ്ഞം സംഘടിപ്പിക്കും. മണ്ഡലത്തിലെ പ്രധാന റോഡുകള്‍ സംഘങ്ങളായി ചേര്‍ന്ന് വൃത്തിയാക്കും. യജ്ഞത്തിന്റെ അവസാന ദിവസമായ ജൂണ്‍ അഞ്ചിന് മണ്ഡലത്തിലെ വൃത്തിയാക്കിയ ഇടങ്ങളില്‍ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ വൃക്ഷത്തെകള്‍ വച്ചുപിടിപ്പിക്കും.

date