Skip to main content

പൊതു വിദ്യാലയങ്ങളിലെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെട്ടു: മന്ത്രി വി. അബ്ദുറഹിമാൻ

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുന്നതിനൊപ്പം അതിനുവേണ്ട അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനും സർക്കാർ പ്രത്യേകം പരിഗണന നൽകുന്നുണ്ടെന്ന് കായിക ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ. പൊന്നാനി ടൗൺ ജി.എം.എൽ.പി സ്‌കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊന്നാനി നഗരസഭാ പരിധിയിൽ വരുന്ന കടവനാട് വിദ്യാലയം ഉൾപ്പെടെ മൂന്നോളം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിർമാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാനുള്ള നടപടികൾ സ്വീകരിച്ചതായും മന്ത്രി കൂട്ടിച്ചേർത്തു. വിദ്യാലയങ്ങൾക്ക് പുറമെ ആരോഗ്യം, ജലസേചനം, ഭവന നിർമാണം തുടങ്ങി വിവിധ മേഖലകളിലായി സംസ്ഥാനത്ത് മികച്ച പുരോഗതിയാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു. ശിലാഫലകം മന്ത്രി അനാച്ഛാദനം ചെയ്തു. പി.എം.ജെ.വി.കെ പദ്ധതിയിൽ ഉൾപ്പെടുത്തി 1.32 കോടി രൂപ ചെലവഴിച്ച് ആധുനിക സൗകര്യങ്ങളോടെയാണ് മൂന്ന് നില കെട്ടിടം നിർമിച്ചത്. സ്‌കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ പൊന്നാനി നഗരസഭാ അധ്യക്ഷൻ ശിവദാസ് ആറ്റുപുറം അധ്യക്ഷത വഹിച്ചു. ഉപാധ്യക്ഷ ബിന്ദു സിദ്ധാർത്ഥൻ, നഗരസഭാ സെക്രട്ടറി എസ്. സജിറൂന്‍, സ്ഥിരം സമിതി അധ്യക്ഷരായ അജീന ജബ്ബാർ, ഒ.ഒ ഷംസു, രജീഷ് ഊപ്പാല, ഷീന സുദേശൻ, ടി. മുഹമ്മദ് ബഷീർ, നഗരസഭാ കൗൺസിലർമാർ, പൊന്നാനി എ.ഇ.ഒ ഷോജ, ബി.പി.ഒ ഹരിയാനന്ദകുമാർ, സ്‌കൂൾ പ്രധാനധ്യാപിക മിനി ടി വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.

date