Skip to main content
.

തൊടുപുഴയിലും മൂന്നാറിലും ശുചിത്വ സന്ദേശ റാലി സംഘടിപ്പിച്ചു

 
മാലിന്യമുക്തം നവകേരളം കാമ്പയ്ന്റെ ഭാഗമായി തൊടുപുഴയില്‍ സംഘടിപ്പിച്ച ശുചിത്വ സന്ദേശ റാലി തൊടുപുഴ നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് ഫ്ളാഗ് ഓഫ് ചെയ്തു. നഗരങ്ങളെ മാലിന്യമുക്തമാക്കുവാന്‍ ജനകീയ പങ്കാളിത്തം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. തെനംകുന്ന് മുതല്‍ മുനിസിപ്പല്‍ മൈതാനം വരെ സംഘടിപ്പിച്ച റാലിയില്‍ തൊടുപുഴ നഗരസഭയും ഇളംദേശം, തൊടുപുഴ ബ്ലോക്ക് പരിധിയിലെ മറ്റ് തദ്ദേശ സ്ഥാപനങ്ങളും പങ്കെടുത്തു. ഹരിത കര്‍മ്മസേന, കുടുംബശ്രീ, ബഹുജന സംഘടനകള്‍, വ്യാപാരി വ്യവസായി സംഘടനകള്‍ എന്നിവരുടെ സഹകരണത്തോടെയാണ് റാലി സംഘടിപ്പിച്ചത്. തൊടുപുഴ വി.എച്ച്.എസ്.എസിലെ എന്‍.എസ്.എസ് കുട്ടികള്‍ ഫ്ളാഷ് മോബും പുറപ്പുഴ ഗ്രാമപഞ്ചായത്തിലെ ഹരിത കര്‍മ്മസേന നാടകം അവതരിപ്പിച്ചു. ഉറവിട മാലിന്യ സംസ്‌കരണ സംവിധാനങ്ങളുടെ സഞ്ചരിക്കുന്ന പ്രദര്‍ശനവും പരിപാടിയോട് അനുബന്ധിച്ച് നടത്തി.
തൊടുപുഴ നഗരസഭ വൈസ് ചെയര്‍പെഴ്സണ്‍ ജെസ്സി ജോണി, ഇളംദേശം ബ്ളോക്ക് വൈസ് പ്രസിഡന്റ് ഷൈനി സന്തോഷ്, പുറപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് തോമസ് പയറ്റിനാല്‍, കുമാരമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഷെമീന നാസര്‍, ഉടുമ്പന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ലതീഷ്. എം. മരോട്ടിക്കല്‍, നവകേരളം ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഡോ. രാജേഷ് വി.ആര്‍, കോടിക്കുളം പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ബാബു എന്നിവര്‍ സംസാരിച്ചു. വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍മാര്‍ സന്നിഹിതരായിരുന്നു.

മൂന്നാര്‍: മുന്നാറില്‍ സംഘടിപ്പിച്ച ദേവികുളം ബ്ലോക്ക് തല ശുചിത്വ സന്ദേശ റാലി ബ്ലോക്ക് പഞ്ചായത്ത് അംഗം ജാക്വിലിന്‍ മേരി ഉദ്ഘാടനം ചെയ്തു. മൂന്നാര്‍, മറയൂര്‍, ദേവികുളം, മാങ്കുളം, ശാന്തന്‍പാറ, കാന്തലൂര്‍, വട്ടവട, ഇടമലക്കുടി, ചിന്നക്കനാല്‍ പഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍,ഹരിത കര്‍മ്മ സേന അംഗങ്ങള്‍, ആശാവര്‍ക്കര്‍മാര്‍ തുടങ്ങി 150 ഓളം പേര്‍ പങ്കെടുത്തു. മൂന്നാര്‍ പഞ്ചായത്തില്‍ വെച്ച് ശുചിത്വ പ്രതിജ്ഞ എടുത്തതിനു ശേഷം പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് എല്ലാ പഞ്ചായത്തുകളുടെയും മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഇന്റേണല്‍ വിജിലന്‍സ് ഓഫീസര്‍ അബ്ദുള്‍ സമദിന്റെ നേതൃത്വത്തില്‍ അവാലോകനം ചെയ്തു.

 

date