Skip to main content
.

പ്രതാപമേട് കോളനിയില്‍ അംബേദ്കര്‍ ഗ്രാമവികസന പദ്ധതി തുടങ്ങി

 

പ്രതാപമേട് കോളനിയില്‍ നടപ്പിലാക്കുന്ന അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയുടെ നിര്‍മ്മാണ ഉദ്ഘാടനം എം എം മണി എം എല്‍ എ നിര്‍വഹിച്ചു. പ്രാദേശിക അസമത്വങ്ങള്‍ ഇല്ലായ്മ ചെയ്ത് സംസ്ഥാനത്തിന്റെ എല്ലാ മേഖലയിലും വികസനം എത്തിക്കുക എന്നതാണ് സര്‍ക്കാര്‍ നയം. പദ്ധതിയുടെ പൂര്‍ത്തീകരണത്തോടെ പ്രതാപമേടിന്റെ പ്രതാപം വര്‍ദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതാപമേട് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ സേനാപതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തിലോത്തമ സോമന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ നിര്‍മിതി കേന്ദ്രം അസിസ്റ്റന്റ് എന്‍ജിനീയര്‍ സന്തോഷ് കെ വി പദ്ധതി വിശദീകരിച്ചു. വിദൂരമായ മലഞ്ചരുവില്‍ ഒറ്റപ്പെട്ട് കിടക്കുന്ന പ്രദേശമാണ് പ്രതാപമേട്. എം എം മണി എംഎല്‍എയുടെ നിര്‍ദ്ദേശപ്രകാരമാണ് ഉടുമ്പന്‍ചോല നിയോജക മണ്ഡലത്തില്‍ നിന്നും നെടുങ്കണ്ടം ബ്ലോക്കിലെ സേനാപതി ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെട്ട പ്രതാപമേട് എസ് സി കോളനി പദ്ധതി നിര്‍വ്വഹണത്തിനായി തിരഞ്ഞെടുത്തത്. പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ള 38 കുടുംബങ്ങള്‍ ഉള്‍പ്പെടെ 47 കുടുംബങ്ങളാണ് കോളനിയില്‍ അധിവസിക്കുന്നത്.
പട്ടികജാതി കോളനികളിലെ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനായി ഓരോ നിയോജക മണ്ഡലത്തിലും അടിസ്ഥാന സൗകര്യ വികസനത്തില്‍ ഏറ്റവും പിന്നാക്കം നില്‍ക്കുന്നതും മുപ്പതോ അതിലധികമോ പട്ടികജാതി കുടുംബങ്ങള്‍ അധിവസിക്കുന്നതും വികസന പ്രവര്‍ത്തനങ്ങള്‍ ആവശ്യമുള്ളതുമായ രണ്ട് കോളനികളെ വീതം തെരഞ്ഞെടുത്ത് ഓരോ കോളനിയിലും ഒരു കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ അംബേദ്കര്‍ ഗ്രാമ വികസന പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. പ്രതാപമേട് കോളനിക്കകത്തുള്ള റോഡ്, ആശയവിനിമയ സൗകര്യം, കുടിവെള്ള സൗകര്യം, ഭവന പുനരുദ്ധാരണം, വൈദ്യുതീകരണം, സംരക്ഷണഭിത്തികളുടെ നിര്‍മ്മാണം, വൃദ്ധസദനത്തിന്റെ നവീകരണം, ഏഴ് സൗരോര്‍ജ വിളക്കുകള്‍ സ്ഥാപിക്കല്‍ തുടങ്ങിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് 96,76,601 രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്. കോണ്‍ട്രാക്ടര്‍മാരോ പ്രൊജക്റ്റ് മാനേജ്മെന്റ് കണ്‍സള്‍ട്ടന്‍സിയോ ഇല്ലാതെ നിര്‍മിതി കേന്ദ്രം നേരിട്ടാണ് പദ്ധതി നിര്‍വ്വഹണം നടത്തുന്നത്.
ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി ഡി ജോണി, സേനാപതി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബീന സണ്ണി, നെടുങ്കണ്ടം എസ് സി ഡി ഒ അല്‍ഹാഷ് എ, പട്ടികജാതി വികസന വകുപ്പ് അക്രഡിറ്റഡ് ഓവര്‍സിയര്‍ ശ്യാം കൃഷ്ണന്‍, അംബേദ്കര്‍ ഗ്രാമവികസന പദ്ധതി മോണിറ്ററിങ് സമിതി അംഗങ്ങളായ ഈശ്വരന്‍, ദീപ ഗോപാലന്‍, രാഷ്ട്രീയ കക്ഷി നേതാക്കളായ തോമസ് സേവ്യര്‍, കെ പി സുരേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

ചിത്രം: 
പ്രതാപമേട് കോളനിയിലെ അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയുടെ നിര്‍മ്മാണ ഉദ്ഘാടനം എം എം മണി എം എല്‍ എ നിര്‍വഹിക്കുന്നു

date