Skip to main content

ചെല്ലാനം ടെട്രാ പോഡ് രണ്ടാംഘട്ടം; നിര്‍മ്മാണം ഉടന്‍ ആരംഭിക്കും: ജില്ലാ കളക്ടര്‍  

 

തീരദേശത്തെ മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ കളക്ടര്‍ വിലയിരുത്തി

ചെല്ലാനം തീരപ്രദേശത്തെ ടെട്രാ പോഡ് കടല്‍ ഭിത്തിയുടെ രണ്ടാംഘട്ട നിര്‍മ്മാണത്തിനുള്ള എസ്റ്റിമേറ്റ് തയ്യാറാണെന്നും ഭരണാനുമതി ലഭിക്കുന്നതിനനുസരിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ കഴിയുമെന്നും ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് പറഞ്ഞു. 7.32 കിലോമീറ്റര്‍ ദൂരം വരുന്ന ഒന്നാം ഘട്ടം പൂര്‍ത്തിയായെന്നും കളക്ടര്‍ പറഞ്ഞു. ചെല്ലാനം ഗ്രാമപഞ്ചായത്തില്‍ ടെട്രാപോഡ് ഇല്ലാത്ത പ്രദേശങ്ങളിലെ മണ്‍സൂണ്‍ മുന്നൊരുക്കങ്ങളുടെ ഭാഗമായി മണല്‍വാട, ജിയോബാഗ് സ്ഥാപിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്താന്‍ എത്തിയതായിരുന്നു കളക്ടര്‍. ഇതിനായി 14 ലക്ഷം രൂപ ദുരന്തനിവാരണ ഫണ്ടില്‍ നിന്നും നേരത്തെ അനുവദിച്ചിരുന്നു. കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് എന്നിവിടങ്ങളിലാണ് മണല്‍വാട, ജിയോ ബാഗ് കടല്‍ഭിത്തി നിര്‍മ്മിക്കുന്നത്. 

ചെല്ലാനം ഹാര്‍ബര്‍ മുതല്‍ പുത്തന്‍തോട് ബീച്ച് വരെയുള്ള 7.32 കിലോ മീറ്റര്‍ ദൂരത്തില്‍ ടെട്രാ പോഡ് കടല്‍ ഭിത്തിയുടെ ആദ്യഘട്ടമാണ് പൂര്‍ത്തിയായത്. വാക് വേയുടെ നിര്‍മ്മാണവും പൂര്‍ത്തിയായി. പുത്തന്‍തോട് മുതല്‍ വടക്കോട്ട് കണ്ണമാലി പ്രദേശം ഉള്‍പ്പെടുന്നതാണ് ടെട്രാപോഡ് രണ്ടാംഘട്ടം. ഒന്നാംഘട്ടം പൂര്‍ത്തിയായതോടെ ചെല്ലാനത്തെ ജനങ്ങള്‍ വര്‍ഷങ്ങളായി അനുഭവിക്കുന്ന ദുരിതങ്ങള്‍ അവസാനിച്ചെന്നും അതിന്റെ ആശ്വാസത്തിലാണ് ജനങ്ങളെന്നും കളക്ടര്‍ പറഞ്ഞു. ജനപ്രതിനിധികളും പ്രദേശവാസികളുമായി കളക്ടര്‍ ചര്‍ച്ച നടത്തി. സര്‍ക്കാരിന്റെയും ജില്ലാഭരണകൂടത്തിന്റെയും പൂര്‍ണ പിന്തുണ തീരദേശ ജനതയ്ക്കുണ്ടാകുമെന്നും അവര്‍ ഉന്നയിച്ച കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയാകും മഴക്കാലം ശക്തിപ്പെടുന്നതിന് മുന്‍പുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുകയെന്നും കളക്ടര്‍ പറഞ്ഞു. 

ചെല്ലാനം പഞ്ചായത്തിലെ 12 വാര്‍ഡുകളില്‍ കടല്‍ഭിത്തിയില്ലാത്ത പ്രദേശങ്ങളില്‍ മണല്‍വാടയും ജിയോ ബാഗും വയ്ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഡി പ്രസാദ് പറഞ്ഞു. 15, 16 വാര്‍ഡുകളിലെ മണല്‍ത്തിട്ട നീക്കവും ആരംഭിച്ചു. 

ചെല്ലാനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനില സെബാസ്റ്റ്യന്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ.എല്‍ ജോസഫ്, കെ.എസ് നിക്‌സന്‍, സീമ ബിനോയ്, കെ.കെ കൃഷ്ണകുമാര്‍, റോസി പെക്‌സി, ബെന്‍സി, ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടര്‍ ഉഷ ബിന്ദു മോള്‍, മേജര്‍ ഇറിഗേഷന്‍, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date