Skip to main content

ഭിന്നശേഷി സൗഹൃദമാവാൻ ഒരുങ്ങി മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത്

 

 ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുന്നതിനും അവരുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള  പദ്ധതികളുമായി മൂവാറ്റുപുഴ ബ്ലോക്ക്‌ പഞ്ചായത്ത്.  ഭിന്നശേഷി സൗഹൃദ ബ്ലോക്കാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ശാരീരിക, മാനസിക വെല്ലുവിളി നേരിടുന്നവർ, വാർഡ്, വരുമാനം, കുടുംബ പശ്ചാത്തലം എന്നിങ്ങനെ പ്രത്യേകം വേർതിരിച്ച് ലിസ്റ്റ് തയ്യാറാക്കി വിവിധ പദ്ധതികളാണ് ബ്ലോക്ക് പഞ്ചായത്ത് ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നത്. ഭിന്നശേഷിക്കാരുടെ ജീവിത നിലവാരം ഉയർത്തുന്നതിനും, മാനസിക ഉല്ലാസത്തിനും, സ്വയം പര്യാപ്തത കൈവരിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിവിധ പഞ്ചായത്തുകളിൽ  നടന്നുവരുന്നത്.

ഭിന്നശേഷി സമൂഹത്തിന്റെ മാനസിക ഉല്ലാസം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ  ബ്ലോക്ക്‌ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിവിധ ബഡ്‌സ് സ്കൂളുകളിലെ കുട്ടികളെ ഉൾപ്പെടുത്തി വിനോദയാത്ര സംഘടിപ്പിച്ചിരുന്നു. തിരുവനന്തപുരം മാജിക് പ്ലാനറ്റ്, വർക്കല ബീച്ച് എന്നീ സ്ഥലങ്ങൾ സന്ദർശിച്ച യാത്രയിൽ  കുട്ടികളോടൊപ്പം  രക്ഷിതാക്കളും പഞ്ചായത്ത് പ്രതിനിധികളും പങ്കുചേർന്നു .കൂടാതെ അവരുടെ സർഗ്ഗ വാസനകളെ പരിപോഷിപ്പിക്കുന്നതിന്  ബ്ലോക്ക്‌ തലത്തിൽ ഭിന്നശേഷി കലാ കായിക മേളയും സംഘടിപ്പിച്ചിരുന്നു . ബ്ലോക്ക്‌ പരിധിയിൽ ഉൾപ്പെടുന്ന പഞ്ചായത്തുകളിൽ നിന്നായി 52 കുട്ടികൾ മേളയിൽ പങ്കെടുത്തു. 

ബ്ലോക്ക്‌ പരിധിയിൽ ഉൾപ്പെടുന്ന വാളകം, മാറാടി, പായിപ്ര പഞ്ചായത്തുകളിലാണ് നിലവിൽ ബഡ്‌സ് സ്കൂളുകൾ പ്രവർത്തിക്കുന്നത്. പഞ്ചായത്തിന്റെ തനതു ഫണ്ടിൽ നിന്നും തുക വകയിരുത്തിയാണ് പ്രവർത്തനം. ഫിസിയോ തെറാപ്പി, തൊഴിൽ പരിശീലനം, കലാ - കായിക പരിശീലനം എന്നിവയും ഇവിടുത്തെ വിദ്യാർഥികൾക്ക് ലഭ്യമാക്കുന്നുണ്ട് . കല്ലൂർക്കാട്, ആയവന പഞ്ചായത്തുകളിലും മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയിലും ഈ വർഷം തന്നെ ബഡ്‌സ് സ്കൂളുകൾ ആരംഭിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ് . ബഡ്‌സ് സ്കൂളുകൾക്ക് പുറമെ സ്പെഷ്യൽ സ്കൂളുകളും വിവിധ സ്ഥലങ്ങളിൽ പ്രവർത്തിക്കുന്നുണ്ട് .
 
 ഭിന്നശേഷിക്കാരെ സാമ്പത്തികമായി ഉയർത്തുന്നതിനായി ബ്ലോക്ക്‌ ഓഫീസിനോട് ചേർന്ന് ഭിന്നശേഷിക്കാരായ വയോജനങ്ങൾക്ക് തൊഴിൽ സാധ്യത ഉറപ്പുവരുത്തുന്ന പദ്ധതി ഉടൻ ആരംഭിക്കുമെന്നും മൂവാറ്റുപുഴ ബ്ലോക്ക്‌ പ്രസിഡന്റ് ഡോ. ജോസ് അഗസ്റ്റിൻ പറഞ്ഞു.

date