Skip to main content

മഴക്കാലപൂർവ പ്രതിരോധപ്രവർത്തനങ്ങൾ: സെമിനാർ സംഘടിപ്പിച്ചു

 

മഴക്കാലപൂർവ പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി കൊച്ചി കോർപ്പറേഷനിലെ ആശ പ്രവർത്തകർക്കായി ബോധവൽക്കരണ സെമിനാർ നടത്തി. എറണാകുളം ടൗൺ ഹാളിൽ സംഘടിപ്പിച്ച സെമിനാർ മേയർ കൊച്ചി കോർപ്പറേഷൻ മേയർ അഡ്വ. എം അനിൽകുമാർ ഉദ്ഘാടനം ചെയ്തു.

പകർച്ചവ്യാധി പ്രതിരോധ നടപടികളുടെ ഭാഗമായി ആശ പ്രവർത്തകരുടെ നേതൃത്വത്തിൽ നടത്തേണ്ട പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനോടനുബന്ധിച്ചാണ് സെമിനാർ സംഘടിപ്പിച്ചത്. പകർച്ചവ്യാധികളുടെ പ്രതിരോധത്തിനും നിയന്ത്രണത്തിനുമായി ആരോഗ്യജാഗ്രത എന്ന പേരിൽ തുടർച്ചയായ പ്രവർത്തനങ്ങൾ നടന്നുവരികയാണ്‌. പുതുതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന രോഗങ്ങളെയും നിലവിലുള്ള രോഗങ്ങളെയും പ്രതിരോധിക്കാനും നിയന്ത്രിക്കാനും സമയബന്ധിതമായ ചിട്ടയായ പ്രവർത്തനങ്ങൾ നടത്തുകയാണ്‌. ഈ പ്രവർത്തനങ്ങളിൽ ആശ പ്രവർത്തകർ വളരെ പ്രധാന പങ്കാണ്‌ വഹിക്കുന്നത്. ഈ പ്രവർത്തനങ്ങളിൽ ആശ പ്രവർത്തകരെ സജ്ജമാക്കുന്നതിനായി സെമിനാറുകളും വിവിധ പരിശീലനപരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. ദേശീയ നഗരാരോഗ്യദൗത്യം കോർഡിനേറ്റർമാരായ സൗമ്യ സത്യനാഥ്, അഞ്ജു ബേബി, ആശ കോഓഡിനേറ്റർ സജ്ന നാരായണൻ, പി.ആർ.ഒ ഡി.ശിവപ്രസാദ് എന്നിവർ നേതൃത്വം നല്കി.

ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ കെ.കെ ആശ അധ്യക്ഷത വഹിച്ചു. ദേശീയ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.  ആർ. നിഖിലേഷ് മേനോൻ മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ അഷ്റഫ്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ആർ റെനീഷ്, ആർദ്രം മിഷൻ നോഡൽ ഓഫീസർ ഡോ. സി.രോഹിണി, ജില്ലാ എഡുക്കേഷൻ മീഡിയ ഓഫീസർ സി.എം ശ്രീജ, ടെക്നിക്കൽ അസിസ്റ്റന്റ് ഷാജു പി.ജോൺ തുടങ്ങിയവർ പങ്കെടുത്തു.

പ്രതിരോധിക്കാം പകർച്ചവ്യാധികളെ

ഡെങ്കിപ്പനി ഉൾപ്പെടെയുള്ള രോഗങ്ങളെ പ്രതിരോധിക്കാനുള്ള പ്രവർത്തനം വീടുകളിൽ നിന്നു തന്നെ തുടങ്ങണം. കൊതുകിന്റെ ഉറവിടങ്ങൾ കണ്ടെത്തി നശിപ്പിക്കുന്നതിനായി ആഴ്ചയിൽ ഒരിക്കൽ ഡ്രൈ ഡേ ആചരിക്കണം. കൊതുക് കടിയേല്ക്കാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കണം. 

പകർച്ചവ്യാധികൾ തിരിച്ചറിഞ്ഞ് പ്രതിരോധിക്കാം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മൂക്കും വായും പൊത്തിപിടിക്കണം. ഇതിലൂടെ രോഗം പകരാതെ കാക്കാനാവും. പനിയുള്ളവർ ചൂടുള്ള പാനിയങ്ങൾ ക്രമമായി നിരന്തരം കുടിയ്ക്കുക. ഉപ്പുചേർത്ത കട്ടിയുള്ള കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, ഇളനീർ എന്നിവ നല്ലതാണ്‌. നന്നായി വേവിച്ചതും മൃദുവായതും പോഷക പ്രധാനവുമായ ഭക്ഷണം ചെറിയ അളവിൽ ഇടവിട്ട് തുടർച്ചയായി കഴിക്കുക. പനി പൂർണമായും മാറും വരെ വിശ്രമിക്കുക. 

പനി ഒരു രോഗമല്ല, രോഗലക്ഷണമാണ്‌. പനിയെ ഭയപ്പെടേണ്ട, രോഗിയെ ജാഗ്രതയോടെ പരിചരിക്കുക. സ്വയം ചികിത്സ ചെയ്യരുത്. ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം മരുന്നുകൾ കഴിക്കുക. സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ കഴുകുക. പനി മറ്റുള്ളവരിലേക്ക് പകരാതെ സൂക്ഷിക്കാൻ ഇത്തരം ശീലങ്ങളിലൂടെ സാധിക്കും.

date