തദ്ദേശ സ്ഥാപനങ്ങളിലെ അംഗങ്ങളുടെ ഒഴിവ് റിപ്പോർട്ട് ചെയ്യാത്തവർക്കെതിരെ നടപടി
തദ്ദേശ സ്ഥാപനങ്ങളിലുണ്ടാകുന്ന അംഗങ്ങളുടെ ആകസ്മിക ഒഴിവ് യഥാസമയം റിപ്പോർട്ട് ചെയ്യാത്ത തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്കെതിരെ നിയമപ്രകാരമുള്ള ശിക്ഷാ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു.
തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷൻ, ഉപാധ്യക്ഷൻ, അംഗം എന്നിവരുടെ ഒഴിവുണ്ടായ ദിവസം തന്നെ കമ്മീഷനിലേക്ക് റിപ്പോർട്ട് ചെയ്യേണ്ടതാണ്. മതിയായ കാരണത്താൽ ഒരാഴ്ചയ്ക്കുള്ളിൽ ഒഴിവ് കമ്മീഷനെ അറിയിക്കാത്ത സെക്രട്ടറിമാർക്ക് ആയിരം രൂപ വരെ പിഴ ചുമത്തുന്നതിനും പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കുന്നതിനും കമ്മീഷന് അധികാരമുണ്ട്.
ഇതു സംബന്ധിച്ച വിശദമായ മാർഗനിർദേശങ്ങൾ കമ്മീഷൻ പുറപ്പെടുവിച്ചു. കമ്മീഷന്റെ വെബ്‌സൈറ്റിൽ ലോഗിൻ ചെയ്തു വേക്കൻസി മൊഡ്യൂൾ സോഫ്റ്റ് വെയർ വഴി ഓൺലൈനായി ഒഴിവ് റിപ്പോർട്ട് ചെയ്യേണ്ടതാണെന്ന് കമ്മീഷൻ എല്ലാ സെക്രട്ടറിമാർക്കും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ നിർദേശം നൽകി.
പി.എൻ.എക്‌സ്. 2506/2023
- Log in to post comments