പരിസ്ഥിതി ദിനത്തിൽ കേരള മീഡിയ അക്കാദമി ഹരിത നടത്തം സംഘടിപ്പിക്കും
ലോക പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് കേരള മീഡിയ അക്കാദമി എറണാകുളം പ്രസ് ക്ലബ്ബിന്റെ സഹകരണത്തോടെ ഹരിത നടത്തം (ഗ്രീൻ വാക്ക്) സംഘടിപ്പിക്കും.രാവിലെ 8.45 മുതൽ 9.45 വരെ മറൈൻ ഡ്രൈവിലായിരിക്കും ഹരിത നടത്തം. മാധ്യമ വിദ്യാർത്ഥികളും മാധ്യമ പ്രവർത്തകരും പൊതുജനങ്ങളും ഹരിത നടത്തത്തിൽ പങ്കാളികളാകും.
ഭൂമിക്കും മനുഷ്യർക്കും ഒപ്പം എന്നതായിരിക്കും ഹരിത നടത്തത്തിന്റെ സന്ദേശം. ഗ്രീൻ വാക്കിനു ശേഷം കേരള മീഡിയ അക്കാദമി കാമ്പസിൽ പരിസ്ഥിതി സന്നദ്ധ പ്രവർത്തനങ്ങളും ഹരിത സമ്മേളനവും നടക്കും. പ്രശസ്ത ആർക്കിടെക്ടും പരിസ്ഥിതി പ്രവർത്തകനുമായ പദ്മശ്രീ ജി. ശങ്കർ ഹരിത കോൺഫറൻസ് ഉദ്ഘാടനം ചെയ്യും. അക്കാദമി ചെയർമാൻ ആർ.എസ്. ബാബു അധ്യക്ഷത വഹിക്കും. പരിസ്ഥിതി മാധ്യമ പ്രവർത്തനത്തിൽ മികച്ച സംഭാവനകൾ ചെയ്ത മാധ്യമ പ്രവർത്തകരായ കെ.എസ്. സുധി, പി. ബാലൻ, മധുരാജ്, എം. സുചിത്ര, വി.പി. റെജീന എന്നിവരെ സമ്മേളനത്തിൽ ആദരിക്കും.
അക്കാദമി വൈസ് ചെയർമാൻ ഇ.എസ്. സുഭാഷ്, സെക്രട്ടറി കെ.ജി. സന്തോഷ്, പ്രസ് ക്ലബ്ബ് പ്രസിഡന്റ് ഹരികുമാർ ആർ., സെക്രട്ടറി സൂഫി മുഹമ്മദ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ ഡയറക്ടർ കെ. രാജഗോപാൽ, അക്കാദമി അസിസ്റ്റന്റ് സെക്രട്ടറി പി.കെ. വേലായുധൻ എന്നിവർ സംസാരിക്കും.
പി.എൻ.എക്‌സ്. 2510/2023
- Log in to post comments