Skip to main content

ഹരിത സഭകൾ : ഒരു കേരള മോഡൽ പങ്കാളിത്ത വികസന മാതൃക

കേരള മോഡൽ പങ്കാളിത്ത വികസന മാതൃക തീർത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നാളെ ഹരിത സഭകൾ.

സംസ്ഥാന സർക്കാരിന്റെ നവകേരളം വൃത്തിയുള്ള കേരളം, വലിച്ചെറിയൽ മുക്ത കേരളം ക്യാമ്പയിനുകളുടെ ഭാഗമായി കേരളത്തെ മാലിന്യരഹിത സംസ്ഥാനമാക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ മാലിന്യമുക്തമാക്കിയതിന്റെ പ്രഖ്യാപനം ജൂൺ 5 പരിസ്ഥിതി ദിന ആഘോഷത്തിന്റെ ഭാഗമായി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഹരിതസഭകൾ നടക്കും.

മൂന്ന് ഘട്ടങ്ങളിലായി നടത്തുന്ന സമഗ്രമായ മാലിന്യ പരിപാലനം 2025 ഓടെ സംസ്ഥാനത്തെ മാലിന്യമുക്തമാക്കും.2023 ജൂൺ അഞ്ചുവരെയുള്ള അടിയന്തര പ്രവർത്തനങ്ങൾ, ഒക്ടോബർ വരെയുള്ള ഹൃസ്വകാല പ്രവർത്തനങ്ങൾ, 2024 മാർച്ച് വരെയുള്ള ദീർഘകാല പ്രവർത്തനങ്ങൾ എന്നിവയാണ് മൂന്ന് ഘട്ടങ്ങൾ.

ജൂൺ 5 വരെയുള്ള അടിയന്തരഘട്ട കർമ്മ പരിപാടിയുടെ ഇതുവരെയുള്ള സമഗ്രമായ വിലയിരുത്തലാണ് ഹരിത സഭകൾ. മുഴുവൻ വീടുകളിലെയും സ്ഥാപനങ്ങളിലെയും മാലിന്യം ഉറവിടത്തിൽ തന്നെ തരം തിരിക്കാനും തദ്ദേശ സ്വയംഭരണ സ്ഥാപനം നിർദ്ദേശിക്കുന്ന രീതിയിൽ മാലിന്യ പരിപാലനം നടത്താനും ക്യാമ്പയിനുകളുടെ ഭാഗമായി ഇതിനോടകം സാധിച്ചിട്ടുണ്ട്. ജൈവ മാലിന്യ സംസ്കരണത്തിനുള്ള സംവിധാനങ്ങൾ ലഭ്യമാക്കിയും, അജൈവമാലിന്യങ്ങൾ ഹരിത കർമ്മ സേനയെ ഉപയോഗിച്ച് വാതിൽ പടി ശേഖരണവും, പൊതു ഇടങ്ങളിലെ മാലിന്യ കൂമ്പാരങ്ങൾ നീക്കം ചെയ്തും, ജലാശയങ്ങളിലെ മാലിന്യം നീക്കം ചെയ്തും, സംഭരണ സംസ്കരണ കേന്ദ്രങ്ങൾ ആരംഭിച്ചും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പ്രവർതത്തിച്ചു.

അടിയന്തരഘട്ട പ്രവർത്തനങ്ങൾ പൂർത്തിയാക്കി പ്രവർത്തന റിപ്പോർട്ട് ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുകയാണ് ഹരിത സഭയിലൂടെ. തുടർന്ന് ഓരോ ഹരിത സഭയിലും പ്രവർത്തന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജനകീയ ഓഡിറ്റും സംഘടിപ്പിക്കും.

മാലിന്യ മുക്ത കേരളത്തിനായി വ്യക്തമായ പദ്ധതിയിലൂടെ ഘട്ടം ഘട്ടമായുള്ള ആസൂത്രണത്തിലൂടെ ശാശ്വതമായ പരിഹാരമാണ് കണ്ടെത്തുന്നത്.

date