Skip to main content

മഴക്കാല മുന്നൊരുക്കം: അവലോകന യോഗം ചേർന്നു

കോട്ടയം: മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങൾ വിലയിരുത്താൻ കളക്‌ട്രേറ്റ് വിപഞ്ചിക ഹാളിൽ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് റെജി പി. ജോസഫിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച യോഗത്തിൽ ജില്ലയിലെ പകർച്ചവ്യാധി രോഗസാധ്യതകളെക്കുറിച്ചും വിവിധ വകുപ്പുകൾ എടുക്കേണ്ട മുൻകരുതൽ നടപടികളെക്കുറിച്ചും ചർച്ച ചെയ്തു.

ആരോഗ്യവകുപ്പ് സമയബന്ധിതമായ രോഗപ്രതിരോധ പ്രവർത്തനങ്ങൾ ബോധവത്കരണത്തിലൂടെ  നടപ്പാക്കും. എല്ലാ ആശുപത്രികളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും മരുന്നുകൾ, ജീവനക്കാർ, ലബോറട്ടറി സൗകര്യങ്ങൾ തുടങ്ങിയവ ഉറപ്പുവരുത്തും. ഗ്രാമപഞ്ചായത്ത്, കോർപ്പറേഷൻ, മുൻസിപ്പൽ പ്രദേശങ്ങളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ മഴക്കാലപൂർവ ശുചീകരണം സമയബന്ധിതമായി പൂർത്തിയാക്കും. ശുദ്ധജലവിതരണം,  മാലിന്യനിർമാർജനം, കൊതുക് നശീകരണം, തൊഴിലുറപ്പ് പദ്ധതികൾ ഏർപ്പെടുന്നവർക്കുള്ള സുരക്ഷ എന്നിവ ഉറപ്പാക്കും.
  പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ഏകോപനം ഉറപ്പുവരുത്തുന്നതിന് മോണിറ്ററി കമ്മിറ്റി റവന്യൂ വകുപ്പ് പ്രാവർത്തികമാക്കും. ശുദ്ധജല വിതരണം ഉറപ്പാക്കും. എല്ലാ ജലവിതരണ പദ്ധതികളിലും ജലശുദ്ധീകരണവും ക്ലോറിനേഷനും ജലവിഭവ വകുപ്പിന്റെ നേതൃത്വത്തിൽ  ഉറപ്പാക്കും. ഇതിനായി വാട്ടർ അതോറിറ്റി ലാബുകളിൽ സൗജന്യം കുടിവെള്ള ഗുണമേന്മ പരിശോധന നടത്തും. പൈപ്പുകളിലെ അറ്റകുറ്റപ്പണികൾ യഥാസമയം പൂർത്തിയാക്കുകയും ചെയ്യും. ജില്ലയിലെ ഇതര സംസ്ഥാന തൊഴിലാളികൾ, തോട്ടം തൊഴിലാളികൾ എന്നിവരുടെ ക്യാമ്പുകൾ തൊഴിൽ വകുപ്പും ആരോഗ്യവകുപ്പും സന്ദർശിച്ച് പരിശോധനകൾ നടത്തും. പകർച്ചവ്യാധി പ്രതിരോധത്തെക്കുറിച്ച് ബോധവൽക്കരണ ക്ലാസുകളും സംഘടിപ്പിക്കും. സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ അമ്മമാരെയും കൗമാരക്കാരെയും ഉൾപ്പെടുത്തി പകർച്ചവ്യാധിയെക്കുറിച്ചുള്ള ബോധവത്ക്കരണം ശക്തിപ്പെടുത്തും. സ്‌കൂളിലെ കിണറുകൾ ശുദ്ധീകരിച്ച് കൊതുക് നശീകരണം ഉറപ്പാക്കും.
 കൃഷിസ്ഥലങ്ങളിൽ കൃഷിവകുപ്പും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് എലി നശീകരണ നടപടികൾ സ്വീകരിക്കും. ശാസ്ത്രീയമായ ജൈവ മാലിന്യ നിർമാജന മാർഗ്ഗങ്ങൾ പ്രോത്സാഹിപ്പിക്കും. മൃഗസംരക്ഷണ വകുപ്പിൽ എല്ലാ ജീവനക്കാരും തൊഴിലാളികളും വാക്‌സിൻ എടുത്തു എന്ന് ഉറപ്പുവരുത്തും. മൃഗങ്ങളിലൂടെ പകരുന്ന രോഗങ്ങൾക്ക് എതിരെ ശക്തമായ നിരീക്ഷണം നടത്തും. ഓടകളുടെ അറ്റകുറ്റപണികൾ പൊതുമരാമത്ത് വകുപ്പ് പൂർത്തിയാക്കും. ഫിഷറീസ് വകുപ്പ് വഴി തീരപ്രദേശങ്ങളിലും ഹാർബറുകളിലും മത്സ്യ ഉത്പാദന കേന്ദ്രങ്ങളിലും കൊതുകു നശീകരണം  ഉറപ്പുവരുത്തും. ട്രൈബൽ പ്രമോട്ടർമാർ വഴി ട്രൈബൽ മേഖലയിൽ സാംക്രമിക രോഗങ്ങൾ പൊട്ടിപ്പുറപ്പെടുന്നത് തടയാൻ നടപടി സ്വീകരിക്കും. ഭക്ഷ്യസുരക്ഷ വകുപ്പും ആരോഗ്യവകുപ്പും സംയുക്തമായി ഭക്ഷണശാലകളിൽ പരിശോധനകൾ നടത്തുി ഭക്ഷ്യ വിഷബാധ ഒഴിവാക്കുവാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും യോഗത്തെ അറിയിച്ചു. യോഗത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ എൻ.പ്രിയ, ഡോ. സി.ജെ. സിതാര, വിവിധ വകുപ്പു ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

date