Skip to main content

50 വർഷം പഴക്കമുള്ള മരങ്ങൾക്ക് പൈതൃകവൃക്ഷ പദവി നൽകാൻ വെളിയന്നൂർ ഗ്രാമപഞ്ചായത്ത്   

              
                                       
കോട്ടയം:  പൊതു സ്ഥലങ്ങളിൽ നിൽക്കുന്ന 50 വർഷത്തിലധികം പഴക്കമുള്ള മരങ്ങൾക്ക് പൈതൃക പദവി നൽകുകയാണ് വെളിയന്നൂർ ഗ്രാമപഞ്ചായത്ത്. പൊതു സ്ഥലങ്ങളിലെയും ഉഴവൂർ - കൂത്താട്ടുകുളം, രാമപുരം - കൂത്താട്ടുകുളം, പുതുവേലി - വൈക്കം പാതയോരങ്ങളിലെയും മാവ്, ആൽ, ആഞ്ഞിലി മരങ്ങളെയാണ് പൈതൃക വൃക്ഷങ്ങളായി തിരഞ്ഞെടുക്കുന്നത്.
നവകേരളം കർമ്മ പദ്ധതി രണ്ടിന്റെ ഭാഗമായി ഹരിത കേരള മിഷൻ നടപ്പാക്കുന്ന ''നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ''പദ്ധതിയുടെ ഭാഗമായാണ് ഈ ജനകീയ ഇടപെടൽ. നെറ്റ് സീറോ കാർബൺ എമിഷൻ പദ്ധതി ഏറ്റെടുത്ത് നടപ്പാക്കാനായി സംസ്ഥാനത്ത് ആദ്യഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെട്ട ഗ്രാമപഞ്ചായത്താണ് വെളിയന്നൂർ.
പദ്ധതിപ്രകാരം പൈതൃക വൃക്ഷത്തിന് പ്രത്യേക സംരക്ഷണവും നൽകും. ഒരു പൈതൃക മരം മുറിക്കുമ്പോൾ മുറിച്ച മരത്തിന്റെ പഴക്കം എത്രയാണോ അത്രയും മരങ്ങൾ  നട്ടുപിടിപ്പിക്കും. നട്ടുപിടിപ്പിക്കുന്നവയുടെ  നിലനിൽപ്പ് ഉറപ്പാക്കും. ഇവ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമാക്കും. പദ്ധതിയുടെ ഭാഗമായുള്ള  മരങ്ങൾ ജിയോ ടാഗ് ചെയ്യുകയും ചെയ്യും. വിദ്യഭ്യാസ സ്ഥാപനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ നടപ്പിലാക്കുന്ന പൈതൃക മരം പദ്ധതി ജൂൺ അഞ്ചിന് രാവിലെ 10.30ന് അരീക്കര- പാറത്തോട് വഴിയരികിലെ മാവിൽ ചുവട്ടിൽ തുടക്കമാവും. ഈ പ്രദേശത്തെ മരങ്ങളുടെ തുടർസംരക്ഷണം ഏറ്റെടുക്കുന്നത് അരീക്കര സെന്റ് റോക്കീസ് യു.പി. സ്‌കൂൾ വിദ്യാർഥികളാണ്. ചടങ്ങിൽ ജനപ്രതിനിധികൾ, ഹരിത കേരളമിഷൻ- ശുചിത്വ മിഷൻ ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.

date