Skip to main content

ജില്ലയിലെ 1479 സർക്കാർ സ്ഥാപനങ്ങളിൽ കെ-ഫോൺ സൗകര്യം 

കെ-ഫോൺ ജില്ലയിലെ 1195 വീടുകളിലേക്ക്
  

എല്ലാവർക്കും ഇന്റർനെറ്റ് എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന കെ-ഫോൺ പദ്ധതി ജൂൺ അഞ്ചിന്  യാഥാർഥ്യമാകുന്നു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് നിർവഹിക്കും. ജില്ലയിലെ 13 മണ്ഡലങ്ങൾ കേന്ദ്രീകരിച്ചും കെ-ഫോൺ ഉദ്ഘാടന ചടങ്ങുകൾ നടക്കും. മന്ത്രിമാർ, എം എൽ എമാർ, ജനപ്രതിനിധികൾ ഉൾപ്പടെയുളളവർ വിവിധ മണ്ഡലങ്ങളിലായി നടക്കുന്ന ചടങ്ങിൽ പങ്കെടുക്കും. 

കെ-ഫോൺ പദ്ധതിയുടെ ആദ്യഘട്ടത്തിന്റെ ഭാഗമായി ജില്ലയിലെ 13 മണ്ഡലങ്ങളിലെയും  ബിപിഎൽ കുടുംബങ്ങൾക്കാണ് കണക്ഷൻ നൽകുന്നത്. ആദ്യ ഘട്ടത്തിന്റെ ഭാഗമായി ജില്ലയിൽ ആകെയുള്ള  2614  സർക്കാർ സ്ഥാപനങ്ങളിലായി 1479 ഓഫീസുകളിൽ കെ-ഫോൺ  കണക്ഷൻ ലഭ്യമായി.  

ഒരു നിയമസഭാ മണ്ഡലത്തിൽ 100 വീടുകൾ എന്ന കണക്കിൽ 13 നിയമസഭ മണ്ഡലങ്ങളിലെയും 1300 കുടുംബങ്ങൾക്കും കണക്ഷൻ നൽകും . ഇതിൽ നിലവിൽ 1195 ബി പി എൽ കുടുംബങ്ങളിൽ കെ-ഫോൺ അനുവദിക്കുന്നതിന്റെ സർവ്വേ നടപടികൾ പൂർത്തിയാക്കി കണക്ഷൻ നൽകുന്ന ജോലികൾ ആരംഭിച്ചു.  നിലവിൽ  36 വീടുകളിൽ കണക്ഷൻ ലഭ്യമാക്കി. ബാക്കിയുള്ള വീടുകളിൽ കണക്ഷൻ നൽകുന്ന നടപടികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. കേരള വിഷനാണ് വീടുകളിൽ കണക്ഷൻ എത്തിക്കുന്ന കരാർ ഏറ്റെടുത്തിരിക്കുന്നത്.

ജില്ലയിൽ കെ-ഫോണിനായി മൊത്തം  2595.482 കി.മീ ദൂരത്തിലാണ് ലൈൻ വലിക്കേണ്ടത്. ഇതിൽ ദേശീയ പാത പ്രവൃത്തി കാരണവും റെയിൽവേ ക്രോസിംഗും വരുന്ന 210 കി മീ ദൂരം ഒഴികെയുള്ള സ്ഥലങ്ങളിൽ കേബിൾ വലിക്കുന്ന പ്രവൃത്തികൾ പൂർത്തിയായി. 
കെ-ഫോൺ ഇന്റർനെറ്റ് വിതരണം ബന്ധിപ്പിക്കുന്ന പോയിന്റ്സ് ഓഫ് പ്രസൻസുകളും സ്ഥാപിച്ചു. ജില്ലയിലെ 26 കെ എസ് ഇ ബി സബ് സ്റ്റേഷനുകളിലാണ് പോയന്റ്സ് ഓഫ് പ്രസൻസ് സ്ഥാപിച്ചിരിക്കുന്നത്. കെ ഫോണിന്റെ  കേബിളുകളും ട്യൂട്ടർ, സ്വിച്ച് , 24 മണിക്കൂർ വൈദ്യുതി, യുപിഎസ്, ബാറ്ററികൾ, ഇൻവെർട്ടർ, എയർകണ്ടീഷൻ എന്നിവയാണ് പോയിന്റസ് ഓഫ് പ്രസൻസിൽ സജ്ജീകരിച്ചിരുക്കുന്നത്. 26 സബ് സ്റ്റേഷനുകൾ വഴി ജില്ലയിലെ കെ- ഫോൺ കണക്ഷനുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന പോയിന്റ് ഓഫ് പ്രസൻസ് (പി ഒ പി) ചേവായൂർ സബ് സ്റ്റേഷനിലാണ് സ്ഥാപിച്ചിട്ടുള്ളത്. പി ഒ പി യുടെ നിർമ്മാണ പ്രവൃത്തി ഒരു വർഷം മുമ്പേ തന്നെ പൂർത്തീകരിച്ചിരുന്നു

date