Skip to main content

'നെറ്റ് സീറോ എമിഷൻ' പദ്ധതിയുമായി സഹകരണവകുപ്പ്

കേരളത്തിന്റെ പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിർത്തുന്നതിനായി ബൃഹദ് പദ്ധതിയുമായി സഹകരണവകുപ്പ്.  'നെറ്റ് സീറോ എമിഷൻ പദ്ധതി സഹകരണമേഖലയിൽ' എന്നു പേരിട്ടിരിക്കുന്ന പദ്ധതിക്ക് ലോകപരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് തുടക്കമാവും. കാർബൺ ഡൈ ഓക്സൈഡ്, മീഥൈൻ, നൈട്രസ് ഓക്സൈഡ് തുടങ്ങിയ ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളലും ആഗിരണവും തുലനാവസ്ഥയിലേക്ക് എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. മനുഷ്യപ്രേരിത കാർബൺ ബഹിർഗമനം കുറയ്ക്കാൻ സഹകരണ സംഘങ്ങളുടെ പ്രവർത്തനങ്ങൾ നെറ്റ് സീറോ എമിഷനുമായി ബന്ധപ്പെടുത്തി ചിട്ടപ്പെടുത്തും. സഹകരണവകുപ്പിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങൾ, കൃഷിയിടങ്ങൾ, സംഘങ്ങളുടെ സഹകരണത്തോടെ ലഭ്യമാകുന്ന പൊതു ഇടങ്ങൾ എന്നിവ നെറ്റ് സീറോ എമിഷൻ പ്രദേശങ്ങളാക്കി മാറ്റുന്നതിനായി വിവിധ പദ്ധതികൾ മുൻഗണന നൽകി നടപ്പാക്കും.

ഇതിന്റെ ഭാ​ഗമായി പൊതുസ്ഥലങ്ങളിലും സംഘങ്ങളുടെ കൈവശമുള്ള ഭൂമിയിലും മരങ്ങൾ നട്ടു പരിപാലിക്കും. ഓരോ  പ്രദേശത്തിനും അനുയോജ്യമായ രീതിയിലുള്ള മരങ്ങളാണ് നടുക. കൃഷിയിൽ ഏർപ്പെട്ടിരിക്കുന്ന സംഘങ്ങളിലൂടെ കാർബൺ ന്യൂട്രൽ  കൃഷി പ്രോത്സാഹിപ്പിക്കും. സഹകരണ സ്ഥാപനങ്ങളുടെ കഴിഞ്ഞ സാമ്പത്തിക വർഷത്തെ കാർബൺ ഓഡിറ്റ് റിപ്പോർട്ട് തയാറാക്കുകയും അതിനായി ഓഡിറ്റ് നടത്താൻ പരിശീലനവും നൽകും.വകുപ്പുമായി ബന്ധപ്പെട്ട യോഗങ്ങൾക്കായി ഹരിതയോഗ പ്രോട്ടോക്കോൾ തയാറാക്കി പ്രസിദ്ധീകരിക്കുകയും സ്ഥാപനങ്ങൾ ഹരിത കെട്ടിടങ്ങളാക്കാനുള്ള മാർഗരേഖ തയാറാക്കുകയും ചെയ്യും. എൽ.ഇ.ഡി ബൾബ്, പുനരുപയോഗക്ഷമമായ വസ്തുക്കൾ എന്നിവയുടെ ഉപയോഗം ഓഫീസുകളിൽ പ്രോത്സാഹിപ്പിക്കും. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വർധിപ്പിക്കുകയും സൗരോർജ്ജ സംവിധാനം ഘട്ടം ഘട്ടമായി ഏർപ്പെടുത്തുകയും ചെയ്യും.

എല്ലാ ഉൽപന്നങ്ങൾക്കും കാർബൺ ന്യൂട്രൽ സർട്ടിഫിക്കേഷൻ ലഭിക്കുന്നതിന് ദീർഘകാല പദ്ധതി നടപ്പാക്കും. ഇതോടൊപ്പം രണ്ടു വർഷം കൊണ്ട് സഹകരണവകുപ്പിന്റെ 20 ശതമാനം ഉൽപന്നങ്ങളും കാർബൺ ന്യൂട്രൽ സർട്ടിഫിക്കേഷൻ നേടുന്നതിനും ശ്രമിക്കും. കുടുംബശ്രീ, സ്കൂളുകൾ, മറ്റു സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെ  മിയാവാക്കി കാടുകളുടെ മാതൃക രൂപീകരണം, പാർക്കുകൾ ഒരുക്കൽ, മഴവെള്ളസംഭരണം എന്നിവയും നടപ്പിലാക്കും. ഇതോടൊപ്പം, വരുന്ന ഒരു വർഷത്തെ കാർബൺ ഓഡിറ്റിംഗും നടത്തും. പദ്ധതിയുടെ ഭാഗമായി ഒരാഴ്ച മുതൽ അഞ്ചു വർഷം വരെ നീളുന്ന അടിയന്തര- ഹ്രസ്വകാല - ഇടക്കാല - ദീർഘകാല  പദ്ധതികൾ നടപ്പാക്കും. 

പ്രവർത്തനങ്ങൾ വിലയിരുത്താൻ സംസ്ഥാനതലത്തിൽ സഹകരണ രജിസ്ട്രാറും ജില്ലാതലത്തിൽ ജോയിന്റ് രജിസ്ട്രാറും താലൂക്ക് തലത്തിൽ അസിസ്റ്റന്റ് രജിസ്ട്രാറും സ്ഥാപനതലത്തിൽ സ്ഥാപനമേധാവിയും ചെയർമാനായി കമ്മിറ്റികൾ രൂപീകരിക്കും. ലോക പരിസ്ഥിതി ദിനത്തിൽ ഓരോ സംഘവും പൊതു ഇടങ്ങൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ വൃക്ഷത്തെകൾ നട്ടു പരിപാലിക്കും. പൊതുജനങ്ങൾക്ക് വൃക്ഷത്തെകളും നൽകും. സഹകരണസംഘം രജിസ്ട്രാറുടെ കീഴിൽ പ്രവർത്തിക്കുന്ന 12,284 സംഘങ്ങളിലും ബ്രാഞ്ചുകളിലും രണ്ടു വർഷത്തിനുള്ളിൽ സംഘങ്ങളുടെ സാമ്പത്തിക സ്ഥിതിയുടെ അടിസ്ഥാനത്തിൽ സൗരോർജ്ജ പ്ലാന്റുകൾ നിർമ്മിക്കും. ഓഫീസുകൾ ഹരിതകാര്യാലയങ്ങളാക്കും. ഊർജ്ജ സംരക്ഷണത്തിനും  സുസ്ഥിരമാലിന്യ സംസ്കരണം, സുസ്ഥിരഗതാഗതം എന്നിവയ്ക്കും പ്രാധാന്യം നൽകും.

'നെറ്റ് സീറോ എമിഷൻ പദ്ധതി സഹകരണ മേഖലയിൽ' എന്ന  പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ജൂൺ അഞ്ചിന് രാവിലെ 10 ന്  അയ്മനം എൻ.എൻ. പിള്ള സ്മാരക സാംസ്കാരിക നിലയത്തിൽ  സഹകരണ - രജിസ്ട്രേഷൻ മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും.

date