Skip to main content

വിദ്യാർത്ഥികളിൽ മികവ് വളർത്താൻ "സ്ലേറ്റ് ഇൻ കുന്നത്തു നാട് "

 

വിദ്യാർഥികളുടെ മികവ് വളർത്താൻ കുന്നത്തുനാട്ടിൽ സ്ലേറ്റ് ഇൻ പദ്ധതി നടപ്പിലാക്കുന്നു. പി.വി ശ്രീനിജിൻ എം.എൽ.എയുടെ നേതൃത്വത്തിൽ മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതി വിദ്യാജ്യോതിയുടെ ഭാഗമായാണ് പുതിയ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. കൊച്ചിൻ റിഫൈനറിയുടെ സഹകരണത്തോടെ എറണാകുളം സെൻ്റ് തെരേസാസ് കോളജും ക്യൂ കളക്ടീവുമായി ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്.

ആദ്യഘട്ടത്തിൽ നിയോജകമണ്ഡലത്തിലെ തെരഞ്ഞെടുക്കപ്പെട്ട 22 സർക്കാർ -എയ്ഡഡ് വിദ്യാലയങ്ങളിലെ 12000 ഹൈസ്കൂൾ ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾ  പദ്ധതിയുടെ ഭാഗമാകും. വിദ്യാഭ്യാസ മേഖലയിൽ ഐക്യരാഷ്ട്രസഭയുടെയും ലോക സാമ്പത്തിക ഫോറത്തിൻ്റെയും  നൂതന കാഴ്ചപ്പാടുകൾ ഉൾപ്പെടുത്തി  സമൂഹത്തിൻ്റെ വിദ്യാഭ്യാസ കാഴ്ചപ്പാടുകളിൽ മാറ്റം വരുത്തി അതുവഴി വിദ്യാർത്ഥികളെ ലക്ഷ്യബോധമുള്ള തലമുറയാക്കി വളർത്തുക എന്ന ലക്ഷ്യത്തോടെയാണ്  പദ്ധതി നടപ്പാക്കുന്നത്. വിദ്യാർത്ഥികളെ മത്സര പരീക്ഷകളിൽ ഉൾപ്പടെ നേട്ടം കൊയ്യുന്ന തരത്തിലേക്ക് വളർത്താനും ഇതുവഴി സാധിക്കും.

പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ പ്രശസ്തരായ വിദ്യാഭ്യാസ വിദഗ്ധരുടെ  നേതൃത്വത്തിൽ ക്ലാസുകൾ, പരിശീലനങ്ങൾ,  മുഖാമുഖങ്ങൾ ഉൾപ്പടെയുള്ള പരിപാടികൾ സംഘടിപ്പിക്കും. പദ്ധതിയുടെ നടത്തിപ്പിനെ കുറിച്ചും ഫലങ്ങളെ കുറിച്ചും കൃത്യമായ ഇടവേളകളിൽ പരിശോധിക്കും. 

 ഐക്യരാഷ്ട്രസഭയുടെ വിദ്യാഭ്യാസ നയങ്ങളെ പിന്തുണച്ചുകൊണ്ട്   കൗതുകത്തോടെയുള്ള പഠനരീതികൾ , സഹാനുഭൂതി, മാനസിക ക്ഷേമം, ഭരണഘടനാപരവും നിയമപരവുമായ അവകാശങ്ങൾ  ഉൾപ്പെടുന്ന പൗരബോധം, വിദ്യാർത്ഥി സംരംഭകത്വം, ഇംഗ്ലീഷിലുള്ള ആശയവിനിമയം , ആദ്യഘട്ടത്തിലെ പദപ്രശ്നങ്ങളിലൂടെയും കളികളിലൂടെയുമുള്ള  ഗണിതം തുടങ്ങിയ പ്രവർത്തനങ്ങൾ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കാനും തീരുമാനിച്ചിട്ടുണ്ട്.
നിയോജക മണ്ഡലത്തിലെ വിദ്യാർത്ഥികളെ ദേശീയ-അന്തർ ദേശീയ നിലവാരത്തിലേക്ക് വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇതിനു വേണ്ട സിലബസ് തയ്യാറാക്കിയിരിക്കുന്നത്.

date