Skip to main content

അഴിമതിക്കാരെ ചൂണ്ടിക്കാട്ടാൻ സർവീസ് സംഘടനകളും ജനപ്രതിനിധികളും തയ്യാറാകണം -മന്ത്രി സജി ചെറിയാൻ 

 

ജനങ്ങൾക്ക്  സേവനം ലഭ്യമാക്കാൻ ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന അഴിമതിക്കാരെ ചൂണ്ടിക്കാട്ടാൻ സർവീസ് സംഘടനകളും ജനപ്രതിനിധികളും തയ്യാറാകണമെന്ന് ഫിഷറീസ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. മാവേലിക്കര താലൂക്കിലെ മന്ത്രിതല പരാതിപരിഹാര അദാലത്ത് ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. 
കെട്ടിക്കിടന്ന പതിനായിരക്കണക്കിന് ഫയലുകൾക്ക് പരിഹാരം കാണാനുള്ള സർക്കാരിൻറെ വലിയ പ്രശ്‌നപരിഹാര പദ്ധതിയാണ് അദാലത്തിലൂടെ നടപ്പിലാക്കുന്നത്. 
ഭരണഘടനപ്രകാരം കോടതികൾ,എക്‌സിക്യൂട്ടീവ്,നിയമനിർമാണസഭ എന്നിവ ഒരേ മാലയിലെ മുത്തുകൾ പോലെയാണ്. അത് ഒന്നിച്ചു പോകേണ്ടതുണ്ട്. ഇതിന് തടസ്സമുണ്ടാകുമ്പോൾ
 സേവനങ്ങൾ വൈകുന്നു. ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്ന ഒരു ഉദ്യോഗസ്ഥനെയും 
സർക്കാർ കൈവിടില്ല. ഉദ്യോഗസ്ഥരുടെ കൈകൾ ശുദ്ധമായാൽ സംരക്ഷിക്കപ്പെടും. 
കാര്യങ്ങൾ നടത്താതിരിക്കാനുള്ള കുറിപ്പ് എഴുതി സന്തോഷിക്കുന്ന ഉദ്യോഗസ്ഥരും ഉണ്ട്. 
അദാലത്തുകൾ ഒഴിവാക്കി ഓഫീസുകളിൽ തന്നെ പ്രശ്‌നപരിഹാരത്തിനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. 

മാവേലിക്കര എംഎൽഎ എം എസ് അരുൺകുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എ എം ആരിഫ് എം.പി., ജില്ലാ കളക്ടർ ഹരിത വി കുമാർ, മാവേലിക്കര നഗരസഭാ ചെയർമാൻ കെ വി ശ്രീകുമാർ,  മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഇന്ദിരാ ദാസ്,  ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ് രജനി, ജില്ല പഞ്ചായത്ത് അംഗങ്ങളായ 
നികേഷ് തമ്പി, ജി ആതിര, കെ ജി സന്തോഷ് കുമാർ, പഞ്ചായത്ത് പ്രസിഡന്റുമാരായ  
ഷീബ സതീഷ്, അനിൽകുമാർ, സുധാകര കുറുപ്പ്,ഡോ.മോഹൻകുമാർ, 
കൗൺസിലർ ശാന്തി അജയൻ, എ.ഡി.എം. എസ്. സന്തോഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.

date