Skip to main content

സത്യന്റെ ചികിത്സ ഇനി മുടങ്ങില്ല: ഒപ്പമുണ്ട് സർക്കാർ

 മരത്തിൽ നിന്ന് വീണ് പരിക്കേറ്റ് അരയ്ക്ക് താഴെ പൂർണമായും തളർന്ന സത്യൻ ചികിത്സ സഹായം തേടിയാണ് ചെങ്ങന്നൂർ താലൂക്കിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ നടത്തിയ കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്ത് വേദിയിൽ എത്തിയത്. 1997ലാണ് മാന്നാർ സ്വദേശി സത്യൻ മരത്തിൽ നിന്നും വീണ് പരിക്കേറ്റത്. പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാൻ പോലും ഒരാളുടെ സഹായം വേണം.  

സാമ്പത്തികമായി വളരെയേറെ പിന്നാക്കം നിൽക്കുന്ന ഇവർ വളരെ പ്രയാസമനുഭവിക്കുന്നുണ്ട്. ഇതിനിടെ 2018 ൽ സത്യന്റെ ഇടത് കിഡ്നി തകരാറിലായി. ആരോഗ്യ ഇൻഷുറൻസ് കാർഡ് ഇല്ലാത്തതിനാൽ ചികിത്സക്കായി ഒന്നരലക്ഷം രൂപ വേണ്ടിവരുമെന്നാണ് ഡോക്ടർമാർ അറിയിച്ചത്. 

തുടർന്നാണ് കരുതലും കൈത്താങ്ങും അദാലത്തിൽ അപേക്ഷയുമായി എത്തിയത്. സത്യന്റെ അപേക്ഷ പരിഗണിച്ച മന്ത്രി സജി ചെറിയാനാണ് ചികിത്സ ചെലവ് സർക്കാർ വഹിക്കുമെന്ന് ഉറപ്പു നൽകിയത്. 

തുണിസഞ്ചി- പേപ്പർ ബാഗ് നിർമാണ യൂണിറ്റിൽ നിന്നുള്ള വരുമാനം കൊണ്ടാണ് സത്യന്റെ കുടുംബം ജീവിക്കുന്നത്. എന്നാൽ കിഡ്നിക്ക് അസുഖം ബാധിച്ചതോടെ സത്യന് ദിവസവും ജോലി ചെയ്യാൻ കഴിയാത്ത സ്ഥിതിയാണ്. ചികിത്സ ചെലവിനുള്ള പണം സർക്കാർ നൽകാമെന്ന് മന്ത്രി ഉറപ്പ് നൽകിയ സന്തോഷത്തിലാണ് സത്യൻ അദാലത്ത് വേദിയിൽ നിന്നും മടങ്ങിയത്.

date