Skip to main content

ജപ്തി ഭീഷണി നേരിട്ട കുടുംബത്തിന് മന്ത്രി സജി ചെറിയാൻ്റെ ഇടപെടലിൽ ആശ്വാസം

വീടിന്റെ നിർമാണത്തിനായി ബാങ്ക് വായ്പയെടുത്ത് തിരിച്ചടയ്ക്കാനാവാതെ ബുദ്ധിമുട്ടിയ നിർധന കുടുംബത്തിന് മന്ത്രി സജി ചെറിയാന്റെ ഇടപെടലിൽ ആശ്വാസം. മാന്നാർ സ്വദേശിനി അനിതയാണ് സാമ്പത്തിക ഭാരം താങ്ങാനാവാതെ ചെങ്ങന്നൂർ താലൂക്കിൽ നടന്ന കരുതലും കൈത്താങ്ങും അദാലത്ത് വേദിയിൽ എത്തിയത്. 

വീടും സ്ഥലവും വാങ്ങാനാണ് സഹകരണ ബാങ്കിൽ നിന്ന് ലോൺ എടുത്തത്. എങ്കിലും ഭർത്താവിന്റെ രക്താർബുദ ചികിത്സയ്ക്കും മക്കളുടെ ഹൃദയ സംബന്ധമായ അസുഖത്തിന്റെ  ശസ്ത്രക്രിയയ്ക്കുമായി പണമെല്ലാം ചെലവാക്കി. രണ്ട് വർഷം മുൻപ് ഭർത്താവ് മരിച്ചു. തതോടെ വായ്പ തിരിച്ചടവ് മുടങ്ങി. നിലവിൽ 28 ലക്ഷം രൂപയുടെ ബാധ്യതയുണ്ട്. വീടും സ്ഥലവും ജപ്തി ഭീഷണിയിലാണ്.

തന്റെയും ഭർത്താവിൻറേയും നിത്യരോഗികളായ മാതാപിതാക്കളെ അനിതയാണ് സംരക്ഷിക്കുന്നത്. തയ്യൽ കടയിൽ നിന്നും ലഭിക്കുന്ന തുച്ഛമായ വരുമാനമാണ് ഏഴ് അംഗങ്ങളുള്ള ഈ കുടുംബത്തിൻറെ ഏക ആശ്രയം. ഇവരുടെ പരാതി പരിഗണിച്ച മന്ത്രി സജി ചെറിയാൻ വായ്പ ഒഴിവാക്കി നൽകുന്നതിനൊ അല്ലെങ്കിൽ മുതലും പലിശയും പരമാവധി കുറച്ച് നൽകുന്നതിനോ സഹകരണ വകുപ്പ് മന്ത്രിയോട് അഭ്യർഥിക്കാമെന്ന് ഉറപ്പ് നൽകി. കുടുംബത്തിൻ്റെ അവസ്ഥ മുഖ്യമന്ത്രിയെ ബോധിപ്പിക്കുന്നതിനായി കത്ത് നൽകാൻ ജില്ല കളക്ടർക്കും നിർദേശം നൽകി. 

കുട്ടികളുടെ ചികിത്സയും മറ്റ് കാര്യങ്ങളും സൗജന്യമായി ഉറപ്പുവരുത്തുന്നതിന് ബന്ധപ്പെട്ട വകുപ്പ് മന്ത്രിക്ക് കത്ത് നൽകുമെന്നും മന്ത്രി പറഞ്ഞു. ഇവരുടെ പ്രശ്നം പരിഹരിച്ചെന്ന് ഉറപ്പാക്കണമെന്ന് ബന്ധപ്പെട്ട അധികൃതർക്കും മന്ത്രി നിർദേശം നൽകി. തന്റെ പ്രശ്നങ്ങൾക്ക് ഒരു ആശ്വാസം ലഭിക്കുമെന്ന വിശ്വാസത്തിലാണ് അദാലത്ത് വേദിയിൽ നിന്നും മകളോടൊപ്പം അനിത മടങ്ങിയത്.

date