Skip to main content

പ്ലാസ്റ്റിക് മാലിന്യം ഇല്ലാതാക്കി പരിസ്ഥിതി സംരക്ഷിക്കാൻ അവസാന അവസരം: കെ.എൻ ഉണ്ണിക്കൃഷ്ണൻ എം.എൽ.എ 

 

 മലിനീകരണം നിയന്ത്രിക്കാൻ അടിയന്തിര നടപടി അനിവാര്യമാണെന്ന് കെ. എൻ ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. പ്ലാസ്റ്റിക് മലിനീകരണത്തെ ചെറുത്ത് തോൽപ്പിക്കുകയെന്ന ഈ വർഷത്തെ പരിസ്ഥിതി ദിന സന്ദേശം അക്ഷരംപ്രതി പാലിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. ഈ കടമ നിർവ്വഹിക്കാൻ ലഭിക്കുന്ന അവസാന അവസരമെന്ന നിലയ്ക്കാണ് പരിസ്ഥിതി സംബന്ധമായ സ്ഥിതിഗതികളെന്നും അദ്ദേഹം പറഞ്ഞു. 

വനം വന്യജീവി വകുപ്പിന്റെയും ജില്ലാ ശുചിത്വ മിഷന്റെയും ആഭിമുഖ്യത്തിൽ അയ്യമ്പള്ളി സഹകരണനിലയം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച   ലോക പരിസ്ഥിതാദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ. എൻ ഉണ്ണിക്കൃഷ്ണൻ എം എൽ എ. വൃക്ഷത്തൈ വിതരണവും അദ്ദേഹം നിർവ്വഹിച്ചു. വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ അധ്യക്ഷത വഹിച്ചു. ജസ്റ്റിസ് കെ.കെ ദിനേശൻ പരിസ്ഥിതി ദിന സന്ദേശം നൽകി. 

 ശിൽപശാലയിൽ തീരദേശ പരിപാലന നിയമത്തെ കുറിച്ച് തീരദേശ പരിപാലന പ്ലാൻ സംബന്ധിച്ച് വിദഗ്‌ധ സമിതി അംഗം അഡ്വ: പി.ബി സഹസ്രനാമൻ വിഷയാവതരണം നടത്തി. കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച് കുസാറ്റ് മറൈൻ ബയോളജി വിഭാഗം മേധാവി ഡോ: എ. എ മുഹമ്മദ് ഹാത്തയും മാലിന്യ സംസ്‌കരണത്തിൽ പരിസ്ഥിതി വിദഗ്‌ധൻ പ്രൊഫ: പി.കെ രവീന്ദ്രനും വിഷയാവതരണം നടത്തി. സംശയ നിവാരണവും നടന്നു.

ഹരിത കർമ്മസേന വഴി ഏറ്റവും കൂടുതൽ യൂസർ ഫീ സ്വീകരിച്ച് പാഴ്‌വസ്‌തുക്കൾ ശേഖരിച്ചതിനുള്ള അവാർഡ് എടവനക്കാട് ഗ്രാമഞ്ചായത്ത് പ്രസിഡന്റ് അസീന അബ്ദുൾ സലാമും കുഴുപ്പുള്ളി പ്രസിഡന്റ് കെ. എസ് നിബിനും ഏറ്റുവാങ്ങി. ഏറ്റവും കൂടുതൽ യൂസർ ഫീ സംഭരിച്ചതിന്റെ പുരസ്‌കാരം പള്ളിപ്പുറo പ്രസിഡന്റ് രമണി അജയനു സമ്മാനിച്ചു.

ജില്ലാ പഞ്ചായത്തംഗം അഡ്വ: എം.ബി ഷൈനി, ഗ്രാമ പഞ്ചായത്ത പ്രസിഡന്റുമാരായ രമണി അജയൻ, അസീന അബ്ദുൾ സലാം, കെ.എസ് നിബിൻ, സോഷ്യൽ ഫോറസ്റ്റ് അസിസ്റ്റന്റ് ഫോറസ്റ്റ് ഓഫീസർ കെ. ആർ വീണാദേവി, നവകേരളം ജില്ലാ കോ-ഓഡിനേറ്റർ എസ്.രഞ്ജിനി, ശുചിത്വ മിഷന്റെ ലിജി ലീലാമ്മ, ഹരിതമിഷൻ റിസോഴ്‌സ് പേഴ്‌സൺമാരായ ദേവരാജൻ,  പി.ജി മനോഹരൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു

date