Skip to main content

വലിച്ചെറിയല്‍ മുക്ത പഞ്ചായത്തായി അയ്യമ്പുഴ

 

വലിച്ചെറിയല്‍ മുക്ത പഞ്ചായത്തായി അയ്യമ്പുഴ ഗ്രാമപഞ്ചായത്ത്. മാലിന്യമുക്ത നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി നടന്ന ഹരിത സഭയിലാണ് പഞ്ചായത്തിനെ വലിച്ചെറിയില്‍ മുക്തമായി പ്രഖ്യാപിച്ചത്.  പഞ്ചായത്ത് പ്രസിഡന്റ് പി.യു ജോമോന്‍ പ്രഖ്യാപനം നടത്തി. 

മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി  'ഒന്നിച്ചൊന്നായി കൈകള്‍ കോര്‍ക്കാം ഒന്നിച്ച് ഒരു ചുവട് വയ്ക്കാം ശുചിത്വ സുന്ദര ഗ്രാമത്തിനായി' എന്ന അര്‍ത്ഥവ്യാഖ്യവുമായി അയ്യമ്പുഴ ഗ്രാമപഞ്ചായത്ത് 8 ദിവസം നീണ്ടുനിന്ന ശുചിത്വ വാരാചരണം സംഘടിപ്പിച്ചിരുന്നു. പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും പൊതുസ്ഥലങ്ങളും ശുചീകരിക്കുകയും വീടുകളില്‍ നിന്നുള്ള പ്ലാസ്റ്റിക് ചില്ല് ഉള്‍പ്പടെയുള്ള അജൈവ മാലിന്യങ്ങള്‍ എന്നിവ ശേഖരിച്ച് ഹരിതകര്‍മ്മ സേനയ്ക്ക് കൈമാറുകയും ചെയ്തു.

ഹരിത സഭയില്‍ ഹരിതകര്‍മ്മ സേന പ്രവര്‍ത്തനങ്ങളെ വിലയിരുത്തുകയും ചര്‍ച്ചയില്‍ നിന്ന് ലഭിച്ച വിദഗ്ധ സമിതിയുടെ നിര്‍ദ്ദേശിങ്ങള്‍ ക്രോഡീകരിച്ച് പഞ്ചായത്തിലെ സോഷ്യല്‍ ഓഡിറ്റ് ടീമിന് കൈമാറി. പഞ്ചായത്തിനെ 2024-ഓടുകൂടി പൂര്‍ണ്ണമായും മാലിന്യ മുക്ത പഞ്ചായത്തായി മാറ്റുന്നതിന് ഹരിതസഭയിലെ അംഗങ്ങള്‍ പ്രതിഞ്ജ ചെയ്തു. വൈസ് പ്രസിഡന്റ് ബില്‍സി പി.ബിജു പരിസ്ഥിതി ദിന സന്ദേശം കൈമാറി. ചടങ്ങില്‍ ഹരിത കര്‍മ്മ സേന അംഗങ്ങളെ ആദരിച്ചു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന് ടിജോ ജോസഫ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ് റെജി വര്‍ഗ്ഗീസ്, പഞ്ചായത്ത് സെക്രട്ടറി സി.മണികണ്ഠന്‍, ജനപ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാ വര്‍ക്കര്‍മാര്‍, അങ്കണവാടി പ്രവര്‍ത്തകര് പൊതുപ്രവര്‍ത്തകര്‍ ആരോഗ്യജീവനക്കാര്‍, പൊതുജനങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

date