Skip to main content

'ഭൂമിക്കൊരു കുട' കോട്ടുവള്ളി ഗ്രാമപഞ്ചായത്ത്തല ഉദ്ഘാടനം സംഘടിപ്പിച്ചു

 

ഭൂമിക്കൊരു കുട ഗ്രാമപഞ്ചായത്ത്തല ഉദ്ഘാടനം തത്തപ്പള്ളി ഗവൺമെന്റ് ഹൈസ്ക്കൂൾ അങ്കണത്തിൽ  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു. നാടൻ ഭക്ഷണങ്ങൾ ശീലമാക്കിയിരുന്ന നമ്മൾ ഫാസ്റ്റ് ഫുഡിലേക്ക് മാറിയപ്പോൾ ജീവിത ശൈലിരോഗങ്ങൾക്ക് അടിമപ്പെട്ടുവെന്നും,പഴമയിലേക്ക് മടങ്ങി ശരീരത്തിന് കരുത്തേകാൻ ഉതകുന്നതായിരിക്കണം ഇത്തരം ക്യാമ്പയിനുകളെന്നും  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു.

 ഗ്രാമപഞ്ചായത്തിലെ പൊതു ഇടങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ച് ഭൂമിക്ക് തണൽ ഒരുക്കുന്ന പദ്ധതിയാണ് ഭൂമിക്കൊരുകുട. പദ്ധതിയുടെ ഭാഗമായി പതിനായിരകണക്കിന് വൃക്ഷത്തൈകളാണ് കാർഷിക വികസന കർഷകക്ഷേമ വകുപ്പും കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് കൃഷിഭവനനും ചേർന്ന് പഞ്ചായത്തിൽ നട്ടത്.

കൂടാതെ ഭൂമിക്കൊരു കുട പദ്ധതിയുടെ ഭാഗമായി കോട്ടുവള്ളി ഗ്രാമപഞ്ചായത്തിലെ കൂനമ്മാവ് ചാവറദർശ്ശൻ സി. എം. ഐ പബ്ലിക്ക് സ്കൂൾ അങ്കണത്തിൽ പരിസ്ഥിതി സംരക്ഷണ ചങ്ങലയും  പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയും നടത്തി.ആയിരത്തി അറുനൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു കൊണ്ടുള്ള കുട്ടികളുടെ പരിസ്ഥിതി സംരക്ഷണ ചങ്ങല  സംഘടിപ്പിച്ചു.തുടർന്ന് സ്കൂൾ അങ്കണത്തിൽ വിവിധങ്ങളായ ഫലവൃക്ഷതൈകൾ നട്ടു.
പരിസ്ഥിതി സംരക്ഷണ ചങ്ങലയുടെ ഉദ്ഘാടനം കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. എസ് ഷാജി ഉദ്ഘാടനം ചെയ്തു. ഫാദർ. ജോബി കോഴിക്കോട് അദ്ധ്യക്ഷത വഹിച്ചു. പറവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. എസ് സനീഷ് , കൃഷി അസിസ്റ്റന്റ് മാരായ എസ്. കെ ഷിനു , താജുന്നീസ , സൗമ്യ , സ്കൂൾ വൈസ് പ്രിൻസിപ്പൽ അനില അലക്സാണ്ടർ , അദ്ധ്യാപകരായ കെ. എ അനിത , മേരി സെബാസ്റ്റ്യൻ തുടങ്ങിയവർ സന്നിഹിതരായി.
കോട്ടുവള്ളി സെന്റ്.ലൂയിസ് എൽ പി സ്കൂൾ , കുനമ്മാവ് സെന്റ്.ജോസഫ് എൽപി സ്കൂൾ , വള്ളുവള്ളി ഗവൺമെന്റ് എൽ.പി സ്കൂൾ , തുടങ്ങിയ വിദ്യാലയങ്ങളിലും , വിവിധ അംഗൻവാടികളിലും , ഗ്രാമ പഞ്ചായത്തിലെ 22 വാർഡുകളിലും പരിസ്ഥിതി ദിനാഘോഷ പരിപാടികൾ നടന്നു. ഭൂമിക്കൊരുകുട ക്യാമ്പയിനിന്റെ ഭാഗമായി  നടന്ന പരിപാടിയിൽ ഗ്രാമപഞ്ചാത്ത് പ്രസിഡന്റ് കെ. എസ് ഷാജി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. എസ് സനീഷ്, ജില്ലാ പഞ്ചായത്തംഗം ഷാരോൺ പനയ്ക്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിജവിജു, സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ സുനിതാ ബാലൻ , ഗ്രാമപഞ്ചായത്തംഗം സുമയ്യ ടീച്ചർ സ്കൂൾ പ്രിൻസിപ്പൽ സിമി ജോസഫ് ,കാർഷിക വികസന സമിതി അംഗങ്ങളായ പി. സി ബാബു ,എൻ.സോമസുന്ദരൻ , കെ. ജി രാജീവ് ,പി.രാധാമണി , വി. വി സജീവ് കുമാർ , അദ്ധ്യാപകരായ വർഗ്ഗീസ് , പി.ടി.എ പ്രസിഡന്റ്  സി. കെ . അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.

date