Skip to main content
 'നെറ്റ് സീറോ എമിഷൻ പദ്ധതി സഹകരണമേഖലയിൽ' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ കോട്ടയം അയ്മനത്തെ പി.ജെ.എം. അപ്പർ പ്രൈമറി സ്‌കൂൾ അങ്കണത്തിൽ മാംഗോസ്റ്റിൻ മരം നട്ടശേഷം വെള്ളമൊഴിക്കുന്നു. സംസ്ഥാന സഹകരണ യൂണിയൻ ഡയറക്ടർ കെ.എം രാധാകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, സഹകരണ സംഘം രജിസ്ട്രാർ റ്റി.വി. സുഭാഷ്, അയ്മനം വില്ലേജ് എസ്.സി.ബി. പ്രസിഡന്റ് കെ.കെ. ഭാനു എന്നിവർ സമീപം.

നെറ്റ് സീറോ എമിഷൻ പദ്ധതി സഹകരണരംഗത്തെ കേരള മോഡലാകും: മന്ത്രി വി.എൻ. വാസവൻ

 

'നെറ്റ് സീറോ എമിഷൻ പദ്ധതി സഹകരണമേഖലയിൽ' പദ്ധതിക്ക് സംസ്ഥാനത്തു തുടക്കം

കോട്ടയം: കേരളത്തിന്റെ പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിർത്തുന്നതിനായി സഹകരണവകുപ്പ് നടപ്പാക്കുന്ന 'നെറ്റ് സീറോ എമിഷൻ പദ്ധതി സഹകരണമേഖലയിൽ' പദ്ധതിക്ക് സംസ്ഥാനത്തു തുടക്കം. കോട്ടയം അയ്മനത്തെ പി.ജെ.എം. അപ്പർ പ്രൈമറി സ്‌കൂൾ അങ്കണത്തിൽ വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതികളിലൂടെ മലയാളിക്കു സുപരിചിതമായ മാംഗോസ്റ്റിൻ മരം നട്ടാണ് സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം നിർവഹിച്ചത്.
ഹരിതഗൃഹ വാതകങ്ങളുടെ ബഹിർഗമനം കുറയ്ക്കുന്നതടക്കം പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ സഹകരണ
മേഖല സജീവമായ ഇടപെടൽ നടത്തുകയാണെന്നും രാജ്യത്തെ സഹകരണ മേഖലയിൽ വിപുലമായി സംഘടിപ്പിക്കപ്പെടുന്ന ആദ്യ പരിസ്ഥിതി സംരക്ഷണ ഇടപെടലെന്ന നിലയിൽ നെറ്റ് സീറോ എമിഷൻ പദ്ധതി സഹകരണരംഗത്തെ കേരള മോഡലാകുമെന്നും അയ്മനം എൻ.എൻ. പിള്ള സ്മാരക സാംസ്‌കാരിക നിലയത്തിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളോടൊപ്പം സഹകരണമേഖലയും തോളോടുതോൾ ചേർന്ന് പ്രവർത്തിക്കും. ഭൂമിയെ വരുംതലമുറയ്ക്ക് കൈമാറാൻ ഏല്ലാവർക്കും ഉത്തരവാദിത്തമുണ്ട്. ഭൂമിക്കുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളെക്കുറിച്ചുള്ള ആശങ്കകളും ചിന്തകളും ഒ.എൻ.വി. അടക്കമുള്ള സാഹിത്യകാരന്മാർ പങ്കുവച്ചിട്ടുണ്ട്. ഹരിതഗൃഹവാതകങ്ങളുടെ ബഹിർഗമനം കുറയ്ക്കാനുള്ള എല്ലാ നടപടികളെയും നാം പിന്തുണയ്ക്കണം. സഹകരണവകുപ്പ് നെറ്റ് സീറോ എമിഷൻ പദ്ധതിയിലൂടെ പരിസ്ഥിതി സംരക്ഷണത്തിനുള്ള വലിയ സന്ദേശമാണ് സമൂഹത്തിന് കാട്ടിക്കൊടുക്കകയെന്നും മന്ത്രി പറഞ്ഞു. സൗരോർജ്ജ ഉപയോഗം, ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികൾ സഹകരണ മേഖല സ്വീകരിച്ചുകഴിഞ്ഞതായും മന്ത്രി പറഞ്ഞു.  
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു അധ്യക്ഷത വഹിച്ചു. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി സൗരജ്യോതി പരിസ്ഥിതി ദിന സന്ദേശം നൽകി. വായ്പാ വിതരണവും വൃക്ഷത്തൈ വിതരണവും നിർവഹിച്ചു. സഹകരണ സംഘം രജിസ്ട്രാർ റ്റി.വി. സുഭാഷ് പദ്ധതി വിശദീകരിച്ചു. അയ്മനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സബിത പ്രേംജി പഠനോപകരണങ്ങളും അയ്മനം വില്ലേജ് എസ്.സി.ബി. പ്രസിഡന്റ് കെ.കെ. ഭാനു അങ്കണവാടി യൂണിഫോമും വിതരണം ചെയ്തു. സംസ്ഥാന സഹകരണ യൂണിയൻ ഡയറക്ടർ കെ.എം രാധാകൃഷ്ണൻ, ഗ്രാമപഞ്ചായത്തംഗം പി.റ്റി. പ്രമോദ്, സഹകരണ ജോയിന്റ് രജിസ്ട്രാർ എൻ. വിജയകുമാർ, പി.ജെ.എം. യു.പി.എസ്. ഹെഡ്മാസ്റ്റർ കെ.എസ്. അനിൽകുമാർ, പി.ടി.എ. പ്രസിഡന്റ് എം.ജി. രാജീവ് എന്നിവർ പങ്കെടുത്തു.
'നെറ്റ് സീറോ കാർബൺ എമിഷൻ: എന്ത്, എങ്ങനെ കൈവരിക്കാം' എന്ന വിഷയത്തിൽ കേരള കാർഷിക സർവകലാശാല പരിസ്ഥിതി പഠനവിഭാഗം മേധാവി പ്രൊഫ. പി.ഒ. നമീർ വിഷയാവതരണം നടത്തി. പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ സഹകരണ സ്ഥാപനങ്ങളിലും വൃക്ഷത്തൈകൾ നട്ടു.

 

date