Skip to main content

'തണലോരം' : സംസ്ഥാന പാതയിൽ വെച്ചു പിടിപ്പിച്ചത് 1500 ഫലവൃക്ഷതൈകൾ

 

തിരുവമ്പാടി മണ്ഡലത്തിൽ നടപ്പിലാക്കുന്ന 'ഉയരെ' വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി "തണലോരം" എന്ന പേരിൽ എടവണ്ണ -കൊയിലാണ്ടി സംസ്ഥാന പാതയോരത്ത് ഫലവൃക്ഷതൈകൾ വെച്ചു പിടിപ്പിച്ചു. പദ്ധതിയുടെ ഉദ്ഘാടനം ഗോതമ്പ്റോഡിൽ ലിന്റോ ജോസഫ് എംഎൽഎ   നിർവഹിച്ചു. കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി. ഷംലൂലത്ത് അധ്യക്ഷത വഹിച്ചു.

സംസ്ഥാന പാത നവീകരണത്തിൻ്റെ ഭാഗമായി എടവണ്ണ -കൊയിലാണ്ടി സംസ്ഥാന പാതയിൽ തണൽ മരങ്ങൾ മുറിച്ചുമാറ്റിയിരുന്നു. ഇതിന്
പകരമായാണ് പാതക്ക് ഇരുവശത്തും 1500 ഓളം ഫലവൃക്ഷതൈകൾ വെച്ച് പിടിപ്പിച്ചത്. ഓമശ്ശേരി മുതൽ എരഞ്ഞിമാവ് വരെയുള്ള 15 കിലോമീറ്റർ പരിധിയിലാണ് തൈകൾ നട്ടുപിടിപ്പിച്ചത്. പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട ഇരുപതോളം വിദ്യാലയങ്ങളിലെ കുട്ടികൾ അവർക്കു നിശ്ചയിച്ച സ്ഥലങ്ങളിൽ വൃക്ഷ തൈകൾ നട്ടു. 

റോഡ് നവീകരണത്തിൻ്റെ ഭാഗമായി മുറിച്ച തണൽ മരങ്ങൾക്ക് പകരമായി സംസ്ഥാന പാതയിൽ പൂർണ്ണമായും തണലൊരുക്കുകയും ഒപ്പം മനുഷ്യർക്കും പറവകൾക്കുമുൾപ്പെടെ ഫലവൃക്ഷങ്ങൾ ഒരുക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. മരങ്ങൾ വെച്ച് പിടിപ്പിക്കുന്നതിനൊപ്പം അത് സംരക്ഷിക്കുമെന്നും ചടങ്ങിൽ പ്രതിജ്ഞയെടുത്തു. 

പൊതുവിദ്യാഭ്യാസ വകുപ്പ്, സോഷ്യൽ ഫോറെസ്ട്രി ഡിപ്പാർട്ട്മെൻ്റ്, കെ.എസ്.ടി.പി, തദ്ദേശ ഭരണ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹകരങ്ങളോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. 

ചടങ്ങിൽ ഗ്രാമ പഞ്ചായത്തംഗങ്ങളായ ടി.സി കോമളം, ഷിഹാബ് മാട്ടുമുറി, സിജി കുറ്റികൊമ്പിൽ, മുക്കം എ ഇ ഒ പി. ഓംകാരനാഥൻ, ബിപിസി പി.എൻ അജയൻ, നരസിംഹൻ തുടങ്ങിയവർ സംസാരിച്ചു.

date