Skip to main content

സിവില്‍ സ്റ്റേഷന്‍ സേഫാണ്, ഫയര്‍ മോക്ക് ഡ്രില്‍ പൂര്‍ണം

സമയം രാവിലെ 11 മണി, കുടപ്പനക്കുന്ന് സിവില്‍ സ്റ്റേഷനിലെ രണ്ടാം നിലയില്‍ നിന്ന് പുകയുയര്‍ന്നതും തൊട്ടുപിന്നാലെ ഫയര്‍ അലാറം മുഴങ്ങിയതും പെട്ടെന്നാണ്. വിവിധ ആവശ്യങ്ങള്‍ക്കായി സിവില്‍ സ്റ്റേഷനിലെത്തിയവരും ഓഫീസുകളിലെ ജീവനക്കാരും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. തൊട്ടുപിന്നാലെ കെട്ടിടത്തില്‍ നിന്നും മുഴുവനാളുകളെയും ഒഴിപ്പിച്ചു. തീപിടുത്തമുണ്ടായെന്ന സന്ദേശം ചെങ്കല്‍ച്ചൂളയിലെ ഫയര്‍ഫോഴ്സ് സ്റ്റേഷനിലുമെത്തി. നിമിഷങ്ങള്‍ക്കുള്ളില്‍ കുതിച്ചെത്തിയ ഫയര്‍ഫോഴ്സ് സംഘം സിവില്‍ സ്റ്റേഷനിലെ 'തീയണച്ച' ശേഷമാണ് ഇതുവരെ നടന്നത് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ഫയര്‍ മോക്ക് ഡ്രില്ലാണെന്ന് കൂടി നിന്നവര്‍ക്ക് മനസിലായത്. സിനിമാ സ്‌റ്റൈലിലുള്ള ഓപ്പറേഷന് പിന്നാലെ തീപിടുത്തമുണ്ടായാല്‍ എന്തൊക്കെ ചെയ്യണമെന്ന കാര്യത്തില്‍ പരിശീലനം നല്‍കുക കൂടി ചെയ്താണ് ഫയര്‍ഫോഴ്സ് സംഘം മടങ്ങിയത്.

അപ്രതീക്ഷിതമായുണ്ടാകുന്ന തീപിടുത്തത്തെ നേരിടുന്നതിന് ജീവനക്കാരെ ബോധവത്കരിക്കുന്നതിനും സിവില്‍ സ്റ്റേഷന്‍ കെട്ടിടത്തിലെ അഗ്‌നിസുരക്ഷ മെച്ചപ്പെടുത്തുന്നതിനും വേണ്ടിയാണ് ഫയര്‍ മോക്ക്ഡ്രില്‍ സംഘടിപ്പിച്ചത്. സിവില്‍ സ്റ്റേഷനിലെ ജീവനക്കാര്‍ക്ക് നേരത്തെ ഇതുസംബന്ധിച്ച പരിശീലനവും നല്‍കിയിരുന്നു. അത്യാഹിതമുണ്ടായാല്‍ ഓഫീസിലെ മുഴുവന്‍ പേരെയും പുറത്തെത്തിക്കാന്‍ എല്ലാ ഓഫീസുകളിലും രണ്ട് വീതം ഓഫീസ് മാനേജര്‍മാരെയും എല്ലാ നിലകളിലും ഫ്ളോര്‍ മാനേജര്‍മാരെയും നിയമിച്ചിരുന്നു. അപകടമുന്നറിയിപ്പ് വന്നതിന് പിന്നാലെ വിവിധ ആവശ്യങ്ങള്‍ക്ക് വന്നവരെയും ജീവനക്കാരെയും അസംബ്ലി പോയിന്റില്‍ എത്തിച്ചു. എല്ലാവരെയും സുരക്ഷിതമായി പുറത്തെത്തിച്ച വിവരം ഫ്ളോര്‍ മാനേജര്‍ ജില്ലാ കളക്ടറും ഇന്‍സിഡന്റ് കമാന്‍ഡറുമായ ജെറോമിക് ജോര്‍ജിനെ അറിയിച്ചു. തീയണച്ച ശേഷം ഫയര്‍ഫോഴ്സ് സംഘം കെട്ടിടം പരിശോധിച്ച് സുരക്ഷിതമാണെന്ന റിപ്പോര്‍ട്ട് നല്‍കിയതിന് ശേഷമാണ് എല്ലാവരും തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ കളക്ടറുടെ അറിയിപ്പെത്തിയത്. ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ വി. ജയമോഹന്‍, ചെങ്കല്‍ച്ചൂള ഫയര്‍ഫോഴ്സ് സ്റ്റേഷന്‍ ഓഫീസര്‍മാരായ നിതിന്‍ രാജ്, അനീഷ് കുമാര്‍ തുടങ്ങിയവര്‍ മോക്ക് ഡ്രില്ലിന് നേതൃത്വം നല്‍കി.

date