Skip to main content
.

കെ-ഫോണ്‍ പദ്ധതി നാടിന് സമര്‍പ്പിച്ചു; ജില്ലയില്‍ പൂര്‍ത്തിയായത് 1052 കണക്ഷനുകള്‍

എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന കെ-ഫോണ്‍ പദ്ധതിയുടെ ഇടുക്കി നിയോജക മണ്ഡലതല ഉദ്ഘാടനം ചെറുതോണി ടൗണ്‍ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു നിര്‍വഹിച്ചു. കേരളത്തിന്റെ സ്വന്തം ഇന്റര്‍നെറ്റായ കെ ഫോണ്‍ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന്‍ തിങ്കളാഴ്ച നാടിന് സമര്‍പ്പിക്കുന്ന ചടങ്ങിനോടനുബന്ധിച്ചാണ് ചെറുതോണി ടൗണ്‍ഹാളില്‍ നിയോജക മണ്ഡല ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ചത്. പരിപാടിയില്‍ ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് അധ്യക്ഷത വഹിച്ചു.
സംസ്ഥാനത്തെ ഡിജിറ്റല്‍ അടിസ്ഥാനസൗകര്യം ശക്തവും കാര്യക്ഷമവുമാക്കുന്നതിനായി സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച പദ്ധതിയാണ് കെ ഫോണ്‍. സുശക്തമായ ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല സ്ഥാപിച്ച് ഒരു നിയോജക മണ്ഡലത്തില്‍ 100 വീടുകള്‍ എന്ന കണക്കില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 14000 കുടുംബങ്ങളിലേക്കും 30000 ല്‍പരം ഓഫീസുകളിലേക്കും അതിവേഗ ഇന്റര്‍നെറ്റ് കണക്ഷന്‍ എത്തിക്കുകയാണ് ഒന്നാം ഘട്ടത്തില്‍ ചെയ്യുന്നത്. മാത്രമല്ല കെ ഫോണ്‍ പദ്ധതി വഴി എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് അവകാശമായി പ്രഖ്യാപിച്ച ആദ്യ സംസ്ഥാനവുമായി കേരളം മാറുകയുമാണ്.
കെ.എസ്.ഇ.ബിയും കെ.എസ്.ഐ.റ്റി.ഐ.എല്ലും ചേര്‍ന്നുള്ള സംയുക്ത സംരംഭമായ പദ്ധതി കെഫോണ്‍ ലിമിറ്റഡ് വഴിയാണ് നടപ്പാക്കുന്നത്. ഇടുക്കി ജില്ലയില്‍ ആദ്യഘട്ടത്തില്‍ 1396 ഇന്റര്‍നെറ്റ് കണക്ഷനുകളാണ് നല്‍കുന്നത്. ഇതില്‍ 1052 എണ്ണം പൂര്‍ത്തിയായി. ഇടുക്കി മണ്ഡലത്തില്‍ വാഴത്തോപ്പ്, മരിയാപുരം, വാത്തിക്കുടി, കാമാക്ഷി, അറക്കുളം കഞ്ഞിക്കുഴി, കൊന്നത്തടി, കുടയത്തൂര്‍, കാഞ്ഞാര്‍ എന്നീ ഗ്രാമപഞ്ചായത്തുകളിലും കട്ടപ്പന നഗരസഭയിലുമായി ആദ്യഘട്ടത്തില്‍ 123 കുടുംബങ്ങളിലാണ് കെ ഫോണ്‍ ഇന്റര്‍നെറ്റ് എത്തുക.
ചടങ്ങില്‍  ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന്‍, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍, ഹൗസിംഗ് ബോര്‍ഡ് ഡയറക്ടര്‍ ഷാജി കാഞ്ഞമല, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ജേക്കബ്, ത്രിതല പഞ്ചായത്ത് അംഗങ്ങളായ കെ.ജി. സത്യന്‍, ഡിറ്റാജ് ജോസഫ്,  നിമ്മി ജയന്‍, രാജു കല്ലറയ്ക്കല്‍, നൗഷാദ് ടി. ഇ, ഇടുക്കി ഭുരേഖ തഹസില്‍ദാര്‍ മിനി കെ. ജോണ്‍, കേരള വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് എം കെ ജോര്‍ജ്,  എന്നിവര്‍ പങ്കെടുത്തു.
സംസ്ഥാനത്ത് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 20 ലക്ഷത്തോളം കുടുംബങ്ങള്‍ക്കു സൗജന്യമായും മറ്റുള്ളവര്‍ക്കു മിതമായ നിരക്കിലും കെ ഫോണ്‍ വഴി ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്.
നിലവില്‍ 17,412 സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കെ-ഫോണ്‍ കണക്ഷന്‍ ലഭ്യമാക്കിക്കഴിഞ്ഞിട്ടുണ്ട്. 9,000 ത്തിലധികം വീടുകളില്‍ കണക്ഷന്‍ ലഭ്യമാക്കാനുള്ള കേബിള്‍ വലിച്ചിട്ടുണ്ട്. 2,105 വീടുകള്‍ക്ക് കണക്ഷന്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. 40 ലക്ഷത്തോളം ഇന്റര്‍നെറ്റ് കണക്ഷനുകള്‍ നല്‍കാന്‍ കഴിയുന്ന ഐടി അടിസ്ഥാന സൗകര്യങ്ങള്‍ കെ-ഫോണ്‍ ഇതിനോടകം സജ്ജമാക്കിയിട്ടുണ്ട്. ഇതിനായി 2519 കിലോമീറ്റര്‍ ഒപിജിഡബ്ല്യു കേബിളിങ്ങും 19118 കിലോമീറ്റര്‍ എഡിഎസ്എസ് കേബിളിങ്ങും പൂര്‍ത്തിയാക്കി. കൊച്ചി ഇന്‍ഫോപാര്‍ക്ക് കേന്ദ്രീകരിച്ചാണ് കെ-ഫോണിന്റെ ഓപ്പറേറ്റിങ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. പദ്ധതിക്ക് അടിസ്ഥാന സൗകര്യ സേവനങ്ങള്‍ നല്‍കുന്നതിനാവശ്യമായ കാറ്റഗറി 1  ലൈസന്‍സും ഔദ്യോഗികമായി ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കാനുള്ള ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍ (ഐഎസ്പി) കാറ്റഗറി ബി യൂണിഫൈഡ് ലൈസന്‍സും നേരത്തെ ലഭ്യമായിരുന്നു.

ചിത്രം:
1. ചെറുതോണി ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച കെ ഫോണ്‍ നിയോജക മണ്ഡല ഉദ്ഘാടനം ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു നിര്‍വഹിക്കുന്നു.

 

video link - https://we.tl/t-OoPYnulJBW

date