Skip to main content
വടക്കാഞ്ചേരി ജില്ലാ ആശുപത്രി മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട ചേർന്ന യോഗം

ജില്ലാ ആശുപത്രി മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന് അവലോകന യോഗം നടന്നു

വടക്കാഞ്ചേരി ജില്ലാ ആശുപത്രിയുടെ സമഗ്ര വികസനത്തിനായി  മാസ്റ്റർ പ്ലാൻ തയ്യാറാക്കന്നതിന്  അവലോകന യോഗം നടന്നു. തലപ്പിള്ളി താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ അധ്യക്ഷനായി. തയ്യാറാക്കിയ ആശുപത്രി മാസ്റ്റർ പ്ലാൻ കോസ്റ്റ് ഫോർഡ് ആർക്കിടെക്റ്റ് യോഗത്തിൽ അവതരിപ്പിച്ചു. വിശദമായ ചർച്ചകൾക്ക് ശേഷം ജൂൺ മാസത്തിൽ തന്നെ മാസ്റ്റർ പ്ലാനിന് അന്തിമരൂപം നൽകാൻ തീരുമാനിച്ചു. നിലവിൽ 18 കോടി രൂപയുടെ വികസന പദ്ധതികളാണ് രണ്ട് വർഷക്കാലയളവിനുള്ളിൽ ജില്ലാ ആശുപത്രിയിൽ പൂർത്തീകരിച്ചതും നടന്നുകൊണ്ടിരിക്കുന്നതും. സാധാരണ ജനങ്ങളുടെ ആശ്രയ കേന്ദ്രമായ വടക്കാഞ്ചേരി സർക്കാർ ആശുപത്രിയെ ജില്ലാ ആശുപത്രിയുടെ  നിലവാരത്തിലേക്ക് ഉയർത്താനും മികച്ച ചികിത്സാ സൗകര്യങ്ങൾ എല്ലാവിഭാഗം ജനങ്ങൾക്കും ലഭ്യമാക്കാനുമുള്ള ശ്രമങ്ങളാണ് അതിവേഗം പുരോഗമിച്ചു കൊണ്ടിരിക്കുന്നത്. മാസ്റ്റർ പ്ലാനിന്റെ അടിസ്ഥാനത്തിൽ ശരിയായ ദിശയിൽ ആശുപത്രിയുടെ സമഗ്ര വികസനം സാധ്യമാക്കാനാകും.യോഗത്തിന് ശേഷം എം എൽ എ യുടെ നേതൃത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചേർന്ന് ആശുപത്രി സന്ദർശിച്ചു. നിലവിലെ നിർമാണ പ്രവർത്തങ്ങളുടെ പുരോഗതി വിലയിരുത്തി.

വടക്കാഞ്ചേരി നഗരസഭ ചെയർമാൻ പി എൻ സുരേന്ദ്രൻ, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ എ വി വല്ലഭൻ, നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ പി ആർ അരവിന്ദാക്ഷൻ, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ബിന്ദു തോമസ്, ആർ എം ഓ ഡോ. കെ എൻ നിപുൺ, കോസ്റ്റ്ഫോർഡ് പ്രൊജക്റ്റ് ഡയറക്ടർ സ്കന്ദൻ, പി ഡബ്ല്യൂ എക്സിക്യൂട്ടീവ് എഞ്ചിനീയർ പി വി ബിജി, പി ഡബ്ല്യൂ ഡി ആർക്കിടെക്റ്ററൽ അസിസ്റ്റന്റ് വി വി ജോർജ്ജ്, നഗരസഭ സെക്രട്ടറി കെ കെ മനോജ്, എൽ എസ് ജി ഡി എക്സിക്യൂട്ടീവ് എഞ്ചിനീയർ അജി ഫ്രാൻസിസ്, മുനിസിപ്പാലിറ്റി അസിസ്റ്റന്റ് എഞ്ചിനീയർ സുജിത്ത് ഗോപിനാഥ്, ജില്ലാ ആശുപത്രിയിലെ വിവിധ വികസന പ്രവൃത്തികളുടെ ഏജൻസി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

date