Skip to main content

പുത്തൻവേലിക്കരയിലെ വേലിയേറ്റ- വെള്ളപ്പൊക്ക പ്രതിരോധ പ്രവർത്തനം; കോർകമ്മിറ്റി രൂപീകരിച്ച് രൂപരേഖ തയ്യാറാക്കും

 

പുത്തൻവേലിക്കര ഗ്രാമപഞ്ചായത്തിലെ വേലിയേറ്റ- വെള്ളപ്പൊക്ക പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായി കോർ കമ്മിറ്റി രൂപീകരിച്ച് രൂപരേഖ തയ്യാറാക്കാൻ തീരുമാനം. പഞ്ചായത്തിലെ വേലിയേറ്റ- വെള്ളപ്പൊക്ക പ്രശ്നങ്ങളും  പ്രതിരോധ പ്രവർത്തനങ്ങളും ചർച്ചചെയ്യുന്നതിനായി ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഉല്ലാസ് തോമസ്, ജില്ലാ കളക്ടർ  എൻ.എസ്.കെ ഉമേഷ് എന്നിവരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. 

പ്രശ്നപരിഹാരത്തിനായി വിവിധ വകുപ്പുകളെ ഉൾപ്പെടുത്തിയാണ് കോർ കമ്മിറ്റി രൂപീകരിക്കുന്നത്. നിലവിൽ കേരള ലാൻഡ് ഡെവലപ്മെൻ്റ് കോർപ്പറേഷൻ (കെ എൽ ഡി സി ) മുഖേന നടപ്പിലാക്കുന്ന വിവിധ പദ്ധതികൾ പരിശോധിച്ച് കോർ കമ്മിറ്റിയുടെ നേതൃത്വത്തിൽ രൂപരേഖ തയ്യാറാക്കുന്നതിനും യോഗത്തിൽ തീരുമാനമായി. മൂന്ന് ആഴ്ചയ്ക്കകം  രൂപരേഖ തയ്യാറാക്കി സമർപ്പിക്കണം. 

രൂപരേഖയുടെ അടിസ്ഥാനത്തിൽ മാസ്റ്റർ പ്ലാൻ തയ്യാറാക്കും. നിലവിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി സർവ്വേ നടത്തും. എൻജിനീയറിങ് കോളേജുകൾ, കുഫോസ് തുടങ്ങിയ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പദ്ധതി നടപ്പിലാക്കും. പുത്തൻവേലിക്കരയിലെ പ്രശ്നങ്ങൾ കൂടുതൽ മനസ്സിലാക്കാൻ പ്രദേശവാസികളുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ ചർച്ച നടത്തുന്നതിനും യോഗത്തിൽ തീരുമാനമായി.

വേലിയേറ്റ സമയത്ത് വേനൽക്കാലത്ത് വരെ  ദിവസവും വെള്ളം കയറുന്ന അവസ്ഥയാണ് പഞ്ചായത്തിലെ മൂന്നു വാർഡുകളിലുള്ളത്. വെള്ളം കയറിയതിനു ശേഷവും വെള്ളം ഇറങ്ങിയാലും ചെളി മൂലം വീടിന് പുറത്തേക്ക് ഇറങ്ങാൻ സാധിക്കാത്ത അവസ്ഥയാണെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് റോസി ജോഷി പറഞ്ഞു. ജനങ്ങളുടെ ആരോഗ്യപരമായ പ്രശ്നങ്ങൾ മുൻനിർത്തി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പ്രദേശത്ത് വൈദ്യ പരിശോധന നടത്തണമെന്നു കളക്ടർ നിർദ്ദേശിച്ചു.

2018ലെ പ്രളയത്തിൽ ഏറ്റവും കൂടുതൽ പ്രശ്നം നേരിട്ട പഞ്ചായത്തുകളിൽ ഒന്നാണ് പുത്തൻവേലിക്കര. കൂടാതെ വേലിയേറ്റ സമയത്ത് ദിവസവും ഉപ്പുവെള്ളം വീടിൻ്റെ അകത്ത് കയറി ജനങ്ങൾക്ക് വളരെ അധികം ബുദ്ധിമുട്ടുണ്ടാകുന്ന സാഹചര്യത്തിലാണ്  പരിഹാരനടപടികൾ സ്വീകരിക്കുന്നതിനായി യോഗം ചേർന്നത്.

ജില്ലാ കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ ഫോർട്ടുകൊച്ചി സബ് കളക്ടർ പി വിഷ്ണുരാജ്, അസിസ്റ്റൻ്റ് കളക്ടർ ഹർഷിൽ ആർ മീണ,  ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടർ ഉഷാബിന്ദു മോൾ,തദ്ദേശസ്വയംഭരണ വകുപ്പ് ജോയിൻ ഡയറക്ടർ പി എം ഷെഫീഖ്, പറവൂർ തഹസിൽദാർ കെ എൻ അംബിക,  ആരോഗ്യം, ഫയർ ആൻഡ് റെസ്ക്യൂ പോലീസ്, വിദ്യാഭ്യാസം, ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ, അടിയന്തരഘട്ട കാര്യ നിർവഹണ കേന്ദ്രം ജീവനക്കാർ, പറവൂർ താലൂക്ക് ഓഫീസ് ജീവനക്കാർ, ഇക്വിനോട്ട് എൻജിഒ  പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

date