Skip to main content

84 തദ്ദേശ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി ഭേദഗതിക്ക് അംഗീകാരം

 

മാലിന്യ സംസ്കരണത്തിനായി 157 കോടി രൂപയുടെ പദ്ധതികൾ

ജില്ലയിലെ 84 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സ്പിൽ ഓവർ  ഉൾപ്പെടുത്തിയുള്ള വാർഷിക പദ്ധതി ഭേദഗതിക്ക്  ജില്ലാ ആസൂത്രണ സമിതി അംഗീകാരം നൽകി. സമിതി ചെയർമാനായ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് ഉല്ലാസ് തോമസ്, ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് അംഗീകാരം.

13 ബ്ലോക്ക്‌ പഞ്ചായത്തുകൾ, 12 മുൻസിപ്പാലിറ്റികൾ, 58 ഗ്രാമപഞ്ചായത്തുകൾ, കൊച്ചി കോർപറേഷൻ എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സ്പിൽ ഓവർ  ഉൾപ്പെടുത്തിയുള്ള വാർഷികപദ്ധതിക്കാണ് അംഗീകാരം നൽകിയത്.

ജില്ലയിൽ ശുചിത്വ, മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ 1,078 പ്രോജക്ടുകളിലായി
157,83,42,431  രൂപയുടെ പദ്ധതിക്കാണ് ആസൂത്രണ സമിതി യോഗത്തിൽ അംഗീകാരം നൽകിയത്.  

മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ എല്ലാ പഞ്ചായത്തുകളും ഏറ്റവും മികച്ച രീതിയിൽ ഏറ്റെടുത്ത് നടപ്പിലാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഉല്ലാസ് തോമസ് പറഞ്ഞു. വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് മാലിന്യ സംസ്കരണ നടപടിക്രമങ്ങൾ. ജൈവ, അജൈവ മാലിന്യങ്ങൾ കൃത്യമായി സംസ്കരിക്കാൻ നടപടികൾ സ്വീകരിക്കണം.  വേസ്റ്റ് ബോക്സ് ഉപയോഗിക്കാൻ കുട്ടികളെ ശീലിപ്പിക്കണം. സർക്കാർ വിദ്യാലയങ്ങൾ കൂടാതെ ഏത് സ്വകാര്യ വിദ്യാലയങ്ങളിലും മാലിന്യ സംസ്കരണ പദ്ധതികൾ നടപ്പിലാക്കണം. ഇതിനായി പ്രാദേശിക തലത്തിൽ യോഗം വിളിച്ചു ചേർക്കണമെന്നും പ്രസിഡൻ്റ് പറഞ്ഞു.

ദുരന്തനിവാരണ പദ്ധതിയുമായി ബന്ധപ്പെട്ട്  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സമർപ്പിച്ച പ്രോജക്റ്റുകൾ ഏറ്റെടുത്ത് നടപ്പിലാക്കണമെന്ന് ജില്ലാ കളക്ടർ പറഞ്ഞു. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് പോലീസിന്റെ സഹകരണത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ സി. സി. ടി. വി ക്യാമറകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും കളക്ടർ പറഞ്ഞു.

സ്ഥലമില്ലാത്ത ആരോഗ്യ ഉപകേന്ദ്രങ്ങൾക്ക് കെട്ടിടം നിർമ്മിക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തനത് ഫണ്ട് ഉപയോഗിക്കുന്നതിന്  യോഗത്തിൽ നിർദ്ദേശം നൽകി 

സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ ജില്ലാ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി കരസ്ഥമാക്കിയ എറണാകുളം ജില്ലാ പഞ്ചായത്തിനെ ആസൂത്രണ സമിതി യോഗത്തിൽ ജില്ലാ കളക്ടർ പുരസ്കാരം നൽകി ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഉല്ലാസ് തോമസ്, വൈസ് പ്രസിഡൻ്റ് സനിത റഹീം, ഫിനാൻസ് ഓഫീസർ ജോബി തോമസ്, ജൂനിയർ സൂപ്രണ്ട് ജോസഫ് അലക്സാണ്ടർ, സീനിയൽ ക്ലർക്ക് പി എസ് രചന, ടെക്നിക്കൽ അസിസ്റ്റൻ്റ് എസ് ജയശ്രീ എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി. 

കൂടാതെ 2022-23 വാർഷിക പദ്ധതി വിനിയോഗത്തിൽ 100 %  നേട്ടം കൈവരിച്ച പാലക്കുഴ, മാറാടി പഞ്ചായത്തുകൾ, 2021-22ലെ സ്വരാജ് ട്രോഫിയിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച ഗ്രാമ പഞ്ചായത്തായി തിരഞ്ഞെടുത്ത മുളന്തുരുത്തി ഗ്രാമ പഞ്ചായത്തിനും ജില്ലയിലെ ഏറ്റവും മികച്ച ഗ്രാമ പഞ്ചായത്തിനുള്ള അംഗീകാരം നേടിയ രായമംഗലം പഞ്ചായത്തിനും ജില്ലയിലെ മികച്ച രണ്ടാമത്തെ പഞ്ചായത്തിനുള്ള അംഗീകാരം നേടിയ പാലക്കുഴ ഗ്രാമപഞ്ചായത്തിനുമുള്ള പുരസ്കാരങ്ങളും ചടങ്ങിൽ വിതരണംം ചെയ്തു. 

ജില്ലാ ആസൂത്രണ സമിതി കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ജില്ലാ വികസന കമ്മീഷണർ എം എസ് മാധവിക്കുട്ടി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സനിത റഹിം, ജില്ലാ പ്ലാനിംഗ് ഓഫീസർ പി എ ഫാത്തിമ, റിസർച്ച് ഓഫീസർ പി ബി ഷിബിൻ, ആസൂത്രണ സമിതി അംഗങ്ങളായ ജമാൽ മണക്കാടൻ, അഡ്വ. കെ തുളസി, അനിത ടീച്ചർ, ശാരദ മോഹൻ, ഷൈമി വർഗീസ്, എ എസ് അനിൽകുമാർ, മനോജ് മൂത്തേടൻ, റീത്ത പോൾ, മേഴ്സി ടീച്ചർ, ടി പി പ്രദീപ്, പി കെ ചന്ദ്രശേഖരൻ, വിവിധ പഞ്ചായത്ത് പ്രസിഡൻ്റുമാർ, സെക്രട്ടറിമാർ തുടങ്ങിയവർ  പങ്കെടുത്തു.

date