Skip to main content

മഴക്കാല മുന്നൊരുക്കം : വകുപ്പുകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കും ;

 

കോതമംഗലം താലൂക്കിൽ പ്രത്യേക യോഗം ചേർന്നു 

കോതമഗലം താലൂക്കിലെ മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങളുടെ ഭാഗമായി  വിവിധ വകുപ്പുകളുടെ പ്രത്യേക യോഗം  ചേർന്നു.  ഡെപ്യൂട്ടി കളക്ടർ ബി. അനിൽകുമാറിന്റെ അധ്യക്ഷതയിലായിരുന്നു യോഗം നടന്നത്. കുട്ടമ്പുഴ ആദിവാസി മേഖലയിലെ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നത് സംബന്ധിച്ചായിരുന്നു പ്രധാനമായും യോഗം ചർച്ച ചെയ്തത്. ഈ വർഷം സാധാരണയിൽ കവിഞ്ഞ മഴ പ്രതീക്ഷിക്കുന്നതിനാൽ എല്ലാ വകുപ്പുകളും കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കണമെന്ന് ഡെപ്യൂട്ടി കളക്ടർ പറഞ്ഞു. 

ദുരന്തനിവാരണപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ആവശ്യമായ ഉപകരണങ്ങൾ, ട്രെയിനിംഗ് ലഭിച്ച വോളന്റിയേഴ്സിന്റെ സേവനം എന്നിവ ഉറപ്പാക്കണമെന്ന് യോഗം വിലയിരുത്തി. നേര്യമംഗലം വില്ലേജിലെ 46 ഏക്കർ കോളനി, കുട്ടമ്പുഴ വില്ലേജിലെ സത്രപ്പടി, മണികണ്ഠൻചാൽ ചപ്പാത്ത് റോഡ്, ബ്ലാവന, ആദിവാസി കുടികൾ എന്നീ പ്രദേശങ്ങളിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. അതാത് പ്രദേശത്തെ ദുരന്തനിവാരണ പ്രവർത്തനങ്ങൾ സംബന്ധിച്ച് ബന്ധപ്പെട്ട വില്ലേജ് ഓഫീസർമാർ, പഞ്ചായത്ത് സെക്രട്ടറിമാർ എന്നിവർ യോഗത്തിൽ വിശദീകരിച്ചു.

അപകടകരമായ സാഹചര്യത്തിൽ നിൽക്കുന്ന മരക്കൊമ്പുകൾ വെട്ടിമാറ്റുന്നത്, വിനോദസഞ്ചാര മേഖലകൾ സുരക്ഷിതമാക്കൽ, ഓടകളുടെ  ശുചീകരണം, അപകടകരമായ കെട്ടിടങ്ങളുടെ പരിശോധന, മഴക്കാലങ്ങളിൽ മണ്ണെടുക്കൽ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കുന്നത് തുടങ്ങിയ വിഷയങ്ങളും യോഗത്തിൽ ചർച്ചയായി. വിഷയങ്ങളിലെല്ലാം ബന്ധപ്പെട്ട വകുപ്പുകൾ സമയബന്ധിതമായി തന്നെ നടപടികൾ സ്വീകരിക്കേണ്ടതാണെന്ന് യോഗം നിർദേശിച്ചു.

കോതമംഗലം മിനി സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ ചേർന്നയോഗത്തിൽ താലൂക്ക് തഹസിൽദാർ റേച്ചൽ കെ. വർഗ്ഗീസ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, ഐ.എ.ജി, ഐ.ആർ.എസ് ഗ്രൂപ്പ് മെമ്പർമാർ, എസ്.ടി പ്രമോട്ടർമാർ തുടങ്ങിയവർ പങ്കെടുത്തു.

date