Skip to main content

നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പിന് തുടക്കമായി

 

 നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ  ഹജ്ജ് ക്യാമ്പിന് തുടക്കമായി.  കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു.  ചടങ്ങിൽ അൻവർ സാദത്ത് എം.എൽ.എ അധ്യക്ഷത വഹിച്ചു. 2244 ഹാജിമാരാണ്   ഇത്തവണ നെടുമ്പാശ്ശേരിയിൽ നിന്ന്  ഹജ്ജിന് പോകുന്നത്. 1341 സ്ത്രീകളും 903 പുരുഷന്മാരും . ഇതിൽ 164 തീർത്ഥാടകർ  ലക്ഷദ്വീപിൽ നിന്നുള്ളവരാണ്.

ഹാജിമാരെ വഹിച്ചുകൊണ്ട് നെടുമ്പാശ്ശേരിയിൽ നിന്നുള്ള ആദ്യ വിമാനം നാളെ (ജൂൺ 7) പകൽ 11:30 ന് പുറപ്പെടും. ന്യൂനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ്ജ് തീർത്ഥാടനം വകുപ്പ് മന്ത്രി വി. അബ്ദു റഹിമാൻ വിമാനം ഫ്ലാഗ് ഓഫ് ചെയ്യും.
ജൂൺ 7 മുതൽ 21 വരെയാണ്  നെടുമ്പാശ്ശേരിയിൽ നിന്നുള്ള വിമാന സർവീസുകൾ. 7, 9, 10, 12, 14, 21 തീയതികളിൽ ദിവസവും പകൽ 11.30 ന് ആകും ജിദയിലേക്ക് സർവീസ്.

 ചടങ്ങിൽ ബെന്നി ബഹനാൻ എം.പി, കെ.ബാബു എം.എൽ.എ തുടങ്ങിയവർ മുഖ്യാതിഥികളായി. വഖഫ് ബോർഡ് ചെയർമാൻ അഡ്വ. ടി.കെ ഹംസ, സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ്, സിയാൽ എയർപോർട്ട് ഡയറക്ടർ ജി. മനു, മുൻ എം.എൽ.എ എം.എ യൂസഫ്, കൽത്തറ അബ്ദുൽ ഖാദർ മദനി, ഷാജഹാൻ സഖാഫി കാക്കനാട്, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, കടക്കൽ അബ്ദുൽ അസീസ് മൗലവി, സി.ടി ഹാഷിം തങ്ങൾ, അബ്ദുൽ ജബ്ബാർ സഖാഫി, വി.എച്ച് അലി ദാരിമി, അഡ്വ. മുഹമ്മദ് ഫൈസി ഓണംപിള്ളി, എച്ച്.ഇ മുഹമ്മദ് ബാബു സേട്ട്, അഡ്വ.വി. സലിം, എം.കെ ബാബു, എം.എസ് അനസ് മനാറ തുടങ്ങിയവർ ആശംസകൾ അറിയിച്ചു. മുഹമ്മദ് മുഹ്സീൻ എം.എൽ.എ, സ്വാഗതസംഘം കൺവീനർ സഫർ.എ.കയാൽ, മിദ്‌ലാജ് തങ്ങൾ, ഹജ്ജ് കമ്മിറ്റി അംഗങ്ങളായ അഡ്വ. പി.മൊയ്തീൻകുട്ടി, മുഹമ്മദ് ഖാസിം കോയ, ഡോ. ഐ.പി അബ്ദു സലാം, പി.ടി അക്ബർ, സെൻട്രൽ ഹജ്ജ് കമ്മിറ്റി ഇൻ ചാർജ് ബിജു ഹസ്സൻ, ഹജ്ജ് കമ്മിറ്റി എക്സിക്യൂട്ടീവ് ഓഫീസർ പി.എം ഹമീദ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

date