Skip to main content

നെടുമ്പാശ്ശേരിയിൽ നിന്നുള്ള ആദ്യ ഹജ്ജ് സംഘം യാത്രയായി , മന്ത്രി വി. അബ്ദുറഹിമാൻ ഫ്ലാഗ് ഓഫ് ചെയ്തു

 

കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ത്തിൽനിന്നുള്ള ആദ്യ ഹജ്ജ് സംഘം യാത്രയായി.  ബുധനാഴ്ച(ജൂൺ 7) പകൽ 11.30 ന് ന്യൂനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ്ജ് തീർത്ഥാടനം വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ വിമാനം ഫ്ലാഗ് ഓഫ്  ചെയ്തു.

എംഎൽഎമാരായ അൻവർ സാദത്ത്, മുഹമ്മദ് മുഹ്സിൻ, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി.മുഹമ്മദ് ഫൈസി, ഹജ്ജ് കമ്മിറ്റി അംഗങ്ങളായ സഫർ എ കയാൽ, പി പി മുഹമ്മദ് റാഫി,കെ മുഹമ്മദ് കാസിം കോയ, പി.ടി അക്ബർ, എക്സിക്യൂട്ടീവ് ഓഫീസർ പി.എം ഹമീദ്, സെൽ ഓഫീസർ ഡിവൈഎസ്പി:എം ഐ ഷാജി, ക്യാമ്പ് കോ ഓഡിനേറ്റർ ടി.കെ സലിം, സിയാൽ ഡയറക്ടർ ജി മനു, സൗദി എയർലൈൻസ് പ്രതിനിധികളായ ഹസൻ പൈങ്ങോട്ടൂർ, എസ് സ്മിത്ത്  തുടങ്ങിയവർ സന്നിഹിതരായിരുന്നു. 

208 പുരുഷൻമാരും 197 സ്ത്രീകളുമടക്കം 405 പേരാണ് നെടുമ്പാശേരിയിൽ നിന്ന് യാത്രയായത്. സൗദി എയർലൈൻസാണ് കൊച്ചിയിൽനിന്ന് ഹജ്ജ് സർവീസ് നടത്തുന്നത്. മൊത്തം ആറ് സർവീസുകളാണുള്ളത്. ജൂൺ 21 വരെയാണ് നെടുമ്പാശേരിയിൽ നിന്നുള്ള സർവീസുകൾ.  ഇനി 9, 10, 12, 14, 21 തീയതികളിൽ ദിവസവും പകൽ 11.30 ന് ആകും ജിദയിലേക്ക് സർവീസ്.

തൃശ്ശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം  ജില്ലകളിൽനിന്നുള്ള 2244 തീർത്ഥാടകർക്കൊപ്പം ലക്ഷദ്വീപിൽനിന്നുള്ള 163 പേരും തമിഴ്നാട്ടുകാരായ 52 പേരും ഹരിയാനക്കാരായ  രണ്ടുപേരുമാണ് കൊച്ചിയിൽനിന്ന് യാത്രയാകുന്നത്.

date