Skip to main content

ആയക്കാട് - മുത്തംകുഴി - വേട്ടാമ്പാറ റോഡ് ആധുനിക നിലവാരത്തിലേക്ക്

 

കോതമംഗലത്തെ ആയക്കാട് - മുത്തംകുഴി - വേട്ടാമ്പാറ റോഡ് ആധുനിക നിലവാരത്തിലേക്ക് ഉയരുകയാണ്. റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള  ടെന്‍ഡര്‍ നടപടികൾ പൂര്‍ത്തിയായി.  16 കോടി രൂപ ചെലവിലാണ് അത്യാധുനിക രീതിയിൽ റോഡ് നവീകരിക്കുന്നത്. ആയക്കാട് ജംങ്ഷനിൽ നിന്ന് ആരംഭിച്ച് മുത്തംകുഴി-കുളങ്ങാട്ടുകുഴി വഴി- വേട്ടാമ്പാറ വരെയുള്ള 11 കിലോമീറ്റർ ദൂരമാണ് പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്നത്.

പദ്ധതിയുടെ ഭാഗമായി തണ്ണിക്കോട്ട്, വേട്ടാമ്പാറ  പഠിപ്പാറ എന്നീ രണ്ടു പാലങ്ങളും പുനർ നിർമ്മിക്കും. കൂടാതെ  പത്ത് കൾവർട്ടുകളും ആവശ്യമായ ഇടങ്ങളിൽ ഡ്രൈനേജ് സംവിധാനങ്ങളും ഒരുക്കും. മുന്നറിയിപ്പ് ബോർഡുകൾ, സീബ്രാ ലൈൻ,റോഡ് മാർക്കിങ്ങ് തുടങ്ങിയ സുരക്ഷാ ക്രമീകരണങ്ങളും സജ്ജമാക്കും. വേട്ടാമ്പാറയിൽ നിന്നും മാലിപ്പാറയ്ക്കുള്ള 500 മീറ്റർ ദൂരവും കുളങ്ങാട്ടുകുഴിയിൽ നിന്നും മാലിപ്പാറയ്ക്കുള്ള 250 മീറ്റർ ദൂരവും പ്രസ്തുത പദ്ധതിയുടെ ഭാഗമായി നവീകരിക്കും. സംസ്ഥാന സർക്കാരിന്റെ ശുപാർശ പ്രകാരം സി.ആർ.ഐ.എഫ് ( സെൻട്രൽ റോഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ട് )സ്കീമിൽ ഉൾപ്പെടുത്തിയാണ്  റോഡ് നവീകരിക്കുന്നതിന് വേണ്ടിയുള്ള തുക അനുവദിച്ചിരിക്കുന്നത്.

ഗ്രാമീണമേഖലയിലൂടെ കടന്നുപോകുന്ന ഈ റോഡിന്റെ  ചരിത്രത്തിലെ ഏറ്റവും വലിയ വികസന പ്രവർത്തനമാണ് ഇപ്പോൾ സാധ്യമായിട്ടുള്ളതെന്നും, നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കുമെന്നും ആന്റണി ജോൺ എം.എൽ. എ പറഞ്ഞു.
നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് മുന്നോടിയായി എം. എൽ. എയുടെ നേതൃത്വത്തിൽ റോഡിന്റെ  നിർമ്മാണ  ചുമതലയുള്ള ദേശീയ പാത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പദ്ധതി  പ്രദേശങ്ങൾ  സന്ദർശിച്ചു സ്ഥിതിഗതികൾ വിലയിരുത്തി.

date