Skip to main content

അക്ഷരമഹോത്സവത്തിലൂടെ വിദ്യാഭ്യാസ മേഖലയുടെ മികവിന്റെ സാക്ഷ്യമായി പുറ്റുമാനൂർ ജി.യു.പി സ്കൂൾ

 

സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ മേഖലയുടെ മികവിന്റെ സാക്ഷ്യമായി എറണാകുളം ജില്ലയിലെ പുറ്റുമാനൂർ ജി. യു.പി സ്കൂൾ.  2021 - 22 അധ്യായന വർഷത്തിൽ സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ നടപ്പാക്കിയ മികച്ച പ്രവർത്തനങ്ങൾക്കുള്ള സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതിയുടെ (എസ്.സി.ഇ.ആർ.ടി) അംഗീകാരമാണ് സ്കൂളിനെ തേടിയെത്തിയത്. സ്കൂളിലെ ഒന്ന് മുതൽ ഏഴ് വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികളുടെ പഠന വിടവുകൾ പരിഹരിക്കുന്നതിനായി നടപ്പാക്കിയ അക്ഷര മഹോത്സവം പദ്ധതിയാണ് എസ്.സി.ഇ.ആർ.ടിയുടെ മികവ് നാലാം സീസണിൽ ഇടം പിടിച്ചത്.

ഒരു ശതാബ്ദക്കാലത്തെ പാരമ്പര്യത്തിന്റെ പൈതൃകമേറുന്ന വിദ്യാലയമാണ് വടവുകോട് പുത്തൻകുരിശ് ഗ്രാമ പഞ്ചായത്തിലെ പുറ്റുമാനൂർ ജി.യു.പി സ്കൂൾ. കോവിഡിനെ തുടർന്ന് ഒരു വർഷത്തിലധികം നീണ്ട ഓൺലൈൻ ക്ലാസുകൾക്ക് ശേഷം സ്കൂളിലേക്ക് മടങ്ങിയെത്തിയ വിദ്യാർത്ഥികളിൽ ചിലരിൽ പഠന വൈകല്യങ്ങൾ ഉണ്ടായതായി അധ്യാപകർ കണ്ടെത്തിയിരുന്നു. എഴുതാനും വായിക്കാനും ബുദ്ധിമുട്ടുന്ന സ്ഥിതിയിലായിരുന്നു ഇവർ. ഇവരെ ശകാരിക്കുന്നതിന് പകരം പഠനശേഷി ഉയർത്തിക്കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് അക്ഷര മഹോത്സവം പരിപാടി സംഘടിപ്പിച്ചത്. 

പ്രത്യേക പരീക്ഷകളിലൂടെ കുട്ടികളുടെ നിലവാരം വിലയിരുത്തി ഓരോരുത്തരെയും പ്രത്യേകമായി പരിഗണിച്ചായിരുന്നു പദ്ധതികൾ ആസൂത്രണം ചെയ്തത്. പ്രശ്നപരിഹാര ബോധന ക്ലാസുകളും അക്ഷര മഹോത്സവത്തിന്റെ ഭാഗമായി വിവിധ മേഖലകളിലെ പ്രമുഖരെ ഉൾപ്പെടുത്തിയും ക്ലാസുകൾ സംഘടിപ്പിച്ചിരുന്നത്. 2022 ഫെബ്രുവരി 14ന് കൊട്ടും കുരവയും ആർപ്പുവിളികളോടും കൂടിയായിരുന്നു ഉത്സവത്തിന് കൊടിയേറിയത്. ഏപ്രിൽ ഒന്നു വരെ നീണ്ടു നിന്ന ആദ്യഘട്ടത്തിൽ ഓൺലൈനായും ഓഫ് ലൈൻ ആയും നിരവധി പരിപാടികളായിരുന്നു നടത്തിയത്. കഥയിലൂടെ പാഠങ്ങൾ പഠിപ്പിക്കുന്ന പരിപാടികൾ കുട്ടികൾക്ക് വേറിട്ട അനുഭവമായി. വടക്കൻ കേരളത്തിലെ അനുഷ്ഠാനകലയായ മുടിയേറ്റ് അവതരണവും ഭക്ഷ്യ മേളകളുമെല്ലാം ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. ഓരോ പ്രവർത്തനങ്ങളുടെയും റിപ്പോർട്ടുകൾ വിദ്യാർത്ഥികളെ കൊണ്ട് തന്നെയായിരുന്നു തയ്യാറാക്കിച്ചിരുന്നത്.

ആദ്യഘട്ടത്തിന്റെ തുടർച്ചയായി മധ്യവേനൽ അവധിക്കാലത്ത് കുട്ടികളെ തേടി അധ്യാപകർ വീട്ടിലേക്ക് എത്തുകയും കുട്ടികളുടെ പുരോഗതി വിലയിരുത്തുകയും ചെയ്തു. ഏറെ നാളത്തെ പ്രവർത്തനങ്ങൾക്ക് പിന്നാലെ സോഷ്യൽ ഓഡിറ്റിംഗ് നടത്തിയാണ് പദ്ധതിയുടെ വിജയം ആഘോഷിച്ചത്. വിദ്യാലയവും നാടും സമൂഹവും ഒന്നിച്ചപ്പോൾ സ്കൂളിന്റെ സമഗ്രമായ വളർച്ചയ്ക്ക് കൂടിയാണ് വഴിയൊരുക്കിയത്.

സംസ്ഥാനത്തെ ഏറ്റവും മികച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ച 30 സ്കൂളുകളെയാണ്  മികവ് നാലാം സീസണിൽ  തിരഞ്ഞെടുത്തത്. പുറ്റുമാനൂർ ജി.യു.പി.സിന് പുറമേ കോതമംഗലം സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ മാത്രമാണ്  പട്ടികയിൽ ഇടം പിടിച്ച ജില്ലയിലെ  ഏക സ്കൂൾ.

date