Skip to main content

പണ സമ്പാദനത്തിനുള്ള വഴിയല്ല ജനാധിപത്യവും പൊതുപ്രവർത്തനവും -മന്ത്രി സജി ചെറിയാൻ -ജൂലൈ മുതൽ എല്ലാ മാസവും കൃഷി മന്ത്രിയുടെ പി.പ്രസാദിൻറെ നേതൃത്വത്തിൽ കുട്ടനാട്ടിൽ യോഗം

ഏതു വിധേനയും പണം സമ്പാദിക്കാനുള്ള വഴിയല്ല ജനാധിപത്യവും പൊതു പ്രവർത്തനവുമെന്ന്  ഫിഷറീസ്-സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. മന്ത്രിമാരുടെ നേതൃത്വത്തിൽ കുട്ടനാട് താലൂക്ക് തല പരാതിപരിഹാര അദാലത്ത് മങ്കൊമ്പ് നെല്ലു ഗവേഷണ കേന്ദ്രം ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.  
 ജനങ്ങളാണ് മേധാവികളെന്ന് തിരിച്ചറിയണം. എല്ലാവരെയും കേൾക്കാൻ സന്നദ്ധമാകുന്നത് നല്ല വ്യക്തിത്വത്തിൻറെ ഭാഗമാണെന്നും ഉദ്യോഗസ്ഥർ അതിലേക്ക് മാറണമെന്നും മന്ത്രി പറഞ്ഞു. കേൾക്കുന്ന പരാതിയിലെ വസ്തുത ഹൃദയത്തിൽ തട്ടിയാൽ ഉടൻ നടപടി സ്വീകരിക്കുന്നതാണ് തൻറെ രീതിയെന്നും  മന്ത്രി സജി ചെറിയാൻ പറഞ്ഞു. കുട്ടനാട് പാക്കേജിൻറെ  രണ്ടാം ഭാഗം നടപ്പാക്കുമ്പോൾ വലിയ തോതിലുള്ള വകുപ്പുകളുടെ ഏകോപനം വേണം. വലിയ മാറ്റമാണ് വികസന രംഗത്ത് കേരളത്തിൽ നടക്കുന്നത്. 
കുട്ടനാട് കുടിവെള്ള പദ്ധതി യാഥാർഥ്യമായി വരുകയാണണെന്നും മന്ത്രി പറഞ്ഞു.

കെട്ടിക്കിടക്കുന്ന നല്ലൊരു ശതമാനം ഫയലുകൾ തീർപ്പാക്കാൻ അദാലത്തുവഴി കഴിഞ്ഞതായി അധ്യക്ഷത വഹിച്ചുകൊണ്ട്  കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് പറഞ്ഞു. നിയമങ്ങളും ചട്ടങ്ങളും ജനോപകാരപ്രദമായി വ്യാഖ്യാനിക്കാൻ ഉദ്യോഗസ്ഥർ പരിശീലിക്കണം. ബ്രിട്ടീഷുകാരുടെ രീതികൾ പിന്തുടർന്ന് ജനങ്ങൾക്ക് ആനുകൂല്യങ്ങൾ നിഷേധിക്കുന്ന രീതി ആവശ്യമില്ല. കുട്ടനാട്ടിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാനും പരിഹാരം കാണാനും ജൂലൈ മാസം മുതൽ കൃഷിമന്ത്രി നേരിട്ട് ഒരു ദിവസം കുട്ടനാട്ടിൽ യോഗം ചേരുമെന്നും മന്ത്രി പ്രസാദ് പറഞ്ഞു.
തോമസ് കെ. തോമസ് എം.എല്‍.എ., ജില്ല കളക്ടര്‍ ഹരിത വി. കുമാര്‍, ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴസണ്‍ എം.വി. പ്രിയ, ജില്ല പഞ്ചായത്ത് അംഗം ബിനു ഐസക് രാജു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ടി.ജി. ജലജകുമാരി, എസ്. അജയകുമാര്‍, എം.സി. പ്രസാദ്, ബിന്ദുമോള്‍, ടി.കെ. തങ്കച്ചന്‍, ഗായത്രി ബി. നായര്‍, എ.ഡി.എം. എസ്. സന്തോഷ് കുമാര്‍, ഡെപ്യൂട്ടി കളക്ടര്‍ ബി. കവിത,കുട്ടനാട് തഹസിൽദാർ എസ്.അൻവർ തുടങ്ങിയവർ സംസാരിച്ചു.
രാവിലെ 11 മണിയോടെ മന്ത്രിമാർ നേരിട്ട് പരാതികൾ സ്വീകരിച്ചുതുടങ്ങി. നേരത്തെ ലഭിച്ച 315 പരാതികളാണ് ആദ്യം കേട്ടത്. അദാലത്ത് വേദിയില്‍ പൊതുജനങ്ങള്‍ക്ക് സേവനങ്ങള്‍ എളുപ്പത്തിലും വേഗത്തിലും ലഭ്യമാക്കുന്നതിനായി ടോക്കണ്‍ സംവിധാനം ഒരുക്കിയിരുന്നു.  തിരക്ക് ഒഴിവാക്കുന്നതിനായി പരാതി സ്വീകരിക്കാനും രജിസ്ട്രേഷനും ടോക്കണ്‍ നല്‍കാനുമൊക്കെ പ്രത്യേകം കൗണ്ടറുകളും സജ്ജമാക്കി.
പുതുതായി ലഭിച്ച പരാതികൾ അതത് വകുപ്പുകൾക്ക് നൽകിയശേഷം നിശ്ചിത തീയതിക്കകം  തീർപ്പാക്കും. തുടർ നടപടികൾ സ്വീകരിച്ചത് വിലയിരുത്തുന്നതിനും മന്ത്രിമാരുടെ നേതൃത്വത്തിൽ അപക്ഷകളിൽ തുടർ നടപടികൾ സ്വീകരിക്കുന്നതിനും  ജൂലൈ 24ന്  ജില്ലയിലെ മന്ത്രിമാരുടെ നേതൃത്വത്തിൽ യോഗം ചേരും.

date