Skip to main content

മടവീഴ്ചയില്‍ വീട് നഷ്ടപ്പെട്ട ജയകുമാറിന് കൈത്താങ്ങ്

"മടവീഴ്ചയില്‍ വീടിനൊപ്പം തകര്‍ന്നു വീണത് ഞങ്ങളുടെ സ്വപ്ങ്ങള്‍ കൂടിയാണ്. പ്രതീക്ഷയറ്റ നേരത്ത് കിട്ടിയ ഈ സഹായത്തിന് ഞങ്ങളുടെ ജീവിതത്തോളം വിലയുണ്ട് "- വെള്ളപ്പാച്ചിലില്‍ തകര്‍ന്നു പോയ വീടിന് മുന്നില്‍നിന്ന് ഇതുപറയുമ്പോള്‍ ദുരിതത്തിന്റെ ഇരുൾ മാറി പുതിയ ജീവിതത്തെ കുറിച്ചുള്ള പ്രതീക്ഷകളാണ് ജയകുമാറിന്റെ മുഖത്ത് നിറയുന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് ആറിന് ശക്തമായുണ്ടായ മഴയില്‍ ചക്കങ്കരി അറുനൂറ് പാടത്തുണ്ടായ മട വീഴ്ചയിലാണ് ചമ്പക്കുളം മുപ്പതങ്ങില്‍ച്ചിറയില്‍ ജയകുമാറിന്റെ പാടത്തിന്റെ പുറം ബണ്ടില്‍ നിര്‍മ്മിച്ചിരുന്ന വീട് പുതുക്കം മാറുന്നതിനു മുമ്പ് ഇടിഞ്ഞു താഴ്ന്നത്. 

താമസമാക്കി ഒന്നര വര്‍ഷത്തിനുള്ളിലാണ് ദുരന്തമെത്തിയത്. 82 വയസ്സുള്ള അമ്മയെയും ചേര്‍ത്ത് പിടിച്ച് കയ്യില്‍ ഒതുങ്ങുന്ന സാധനങ്ങളും എടുത്ത് അന്ന് രാത്രി വീട് വിട്ടതാണ്. അമ്മയെ സഹോദരിയുടെ വീട്ടിലാക്കി. ഭാര്യയെയും കൂട്ടി ജോലി ചെയ്യുന്ന കേബിള്‍ ഓഫീസിലെത്തി. അവിടത്തെ ഒറ്റ മുറിയിലാണ് ഇപ്പോള്‍ താമസം. 'ചെറിയ ജോലികള്‍ ചെയ്ത് സ്വരുക്കൂട്ടിയ സമ്പാദ്യവും ബാങ്ക് വായ്പയും കൊണ്ടായിരുന്നു വീടുവെച്ചത്. വായ്പയുടെ തിരിച്ചടവ് പോലും എങ്ങുമെത്തുന്നതിനു മുമ്പാണ് ഈ ദുരവസ്ഥയുണ്ടായത്', ജയകുമാര്‍ പറഞ്ഞു. 

പുതിയ വീടു നിര്‍മ്മിക്കാനുള്ള സാമ്പത്തിക സഹായം തേടി ഒരുപാട് അലഞ്ഞതിനുശേഷമാണ് മന്ത്രിമാരായ പി. പ്രസാദും സജി ചെറിയാനും നേതൃത്വം നൽകുന്ന കുട്ടനാട് താലൂക്ക് തല അദാലത്തില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പുതിയതായി കണ്ടെത്തിയ സ്ഥലത്ത് വീട് നിര്‍മ്മിക്കാനായി പത്ത് ലക്ഷം രൂപ ധനസഹായമായി അനുവദിച്ചു. ആദ്യ ഗഡുവായി വിതരണം ചെയ്ത ഒരു ലക്ഷം രൂപകൊണ്ട് പുതിയ വീടിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിച്ചിരിക്കുകയാണ്. അധികം വൈകാതെ തന്നെ പുതിയ വീട്ടിലേക്ക് മാറാന്‍ കഴിയുമെന്ന ശുഭപ്രതീക്ഷയിലാണ് ജയകുമാറും കുടുംബവും.

date