Skip to main content
പത്തൊമ്പത് വർഷത്തെ കാത്തിരിപ്പിന് വിരാമം;  കുന്നംങ്കരിക്കാർക്ക് ഉടൻ റോഡ് ഒരുങ്ങും

പത്തൊമ്പത് വർഷത്തെ കാത്തിരിപ്പിന് വിരാമം; കുന്നംങ്കരിക്കാർക്ക് ഉടൻ റോഡ് ഒരുങ്ങും

കുട്ടനാട് മുഴുവൻ റോഡായി. നാട്ടിൽ മുഴുവൻ വികസനം. ഞങ്ങൾ മാത്രം ഇന്നും വള്ളത്തെ ആശ്രയിച്ചു കഴിയുകയാണ്.  കരുതലും കൈത്താങ്ങും കുട്ടനാട് താലൂക്ക്തല അദാലത്തിൽ  കൃഷി മന്ത്രി പി.പ്രസാദിനോട് പരാതി അറിയിച്ച  കുന്നംങ്കരി വികസന സമിതി അംഗങ്ങൾ നാട്ടിലേക്ക് മടങ്ങിയത് റോഡ് ഉടൻ യാഥാർത്ഥ്യമാകും എന്ന മന്ത്രിയുടെ  ഉറപ്പ് നേടിയാണ്.

കുട്ടനാട് നിയോജകമണ്ഡലത്തിലെ നീലംപേരൂർ പഞ്ചായത്തിനെയും വെളിയനാട് പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന കൃഷ്ണപുരം മഠത്തിലാക്കൽ - കുന്നങ്കരി ചെറുവള്ളിക്കാവ് പി.ഡബ്ല്യു.ഡി. റോഡിന്റെ ഒന്നാം ഘട്ടമായി കൃഷ്ണപുരം മുതൽ പുലിമുഖം വരെ 3.5 കിലോമീറ്റർ റോഡും മഠത്തിലാക്കൽ തോടിനു കുറുകെ 24 മീറ്റർ നീളത്തിലുള്ള പാലവും പൂർത്തിയാക്കുന്നതിനു  വേണ്ടി നടപടി എടുക്കണം എന്നാവശ്യപ്പെട്ടാണ് കുന്നംങ്കരി വികസന സമിതി അംഗങ്ങൾ അദാലത്തിൽ എത്തിയത്.

300 ഓളം കുടുംബങ്ങളാണ് 2004 മുതൽ റോഡിനായി  കാത്തിരിക്കുന്നത്.  2004 ൽ സ്ഥലങ്ങൾ കൺസെന്റ് നൽകി വിട്ടുകൊടുത്തെങ്കിലും സാങ്കേതിക കാരണങ്ങളാൽ വൈകുകയായിരുന്നു.  റോഡിന്റെ അഭാവത്തിൽ ഏക ആശ്രയമായിരുന്ന ആശുപത്രിയും പൂട്ടി. സ്കൂളും അടച്ചു പൂട്ടലിന്റെ വക്കിലാണ്. രണ്ട് ക്ഷേത്രങ്ങളും രണ്ടു പള്ളിയും ഒരു ശ്മശാനവും സ്കൂളും ഉൾപ്പെടുന്ന ഈ പ്രദേശത്ത് ജനജീവിതം ദുസ്സഹമാണെന്ന് പരാതിപ്പെടുന്നു. 

കൂടാതെ രണ്ട് പാടശേഖരങ്ങളിലായി 1300 ഏക്കർ നെൽകൃഷി ചെയ്യുന്ന ഇവിടെ കൊയ്ത്ത് കഴിഞ്ഞ് നെല്ല് വിൽക്കുമ്പോൾ വള്ളക്കൂലിയും ചുമട്ടുകൂലിയുമായി  2000 രൂപയോളം കർഷകർക്ക് അധികം മുടക്കേണ്ട അവസ്ഥയാണ്.

അദാലത്തിൽ പ്രശ്നങ്ങൾ വിവരിച്ച് ജനകീയ സമിതി നൽകിയ പരാതിയ്ക്ക് മറുപടിയായി 2023- 24 വർഷത്തെ  ബജറ്റിൽ ഉൾപ്പെടുത്തി റോഡ് നിർമ്മാണത്തിനായി 30 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന്  മന്ത്രി അറിയിച്ചു. തുടർനടപടികൾ പൂർത്തിയാക്കി റോഡ് ഉടൻ യാഥാർത്ഥ്യമാക്കുമെന്നും മന്ത്രി ജനകീയ സമിതിയെ അറിയിച്ചു.

date