Skip to main content

മാളവികയ്ക്ക് പഠന കിറ്റ് ലഭിക്കും

 ഭിന്നശേഷിക്കാരിയായ മകൾക്ക്  പഠന കിറ്റ് അനുവദിക്കണമെന്ന  അപേക്ഷയിൽ  ഉടനടി നടപടി എടുത്ത്  മന്ത്രി സജി ചെറിയാൻ.  പഠനക്കിറ്റ് ലഭിക്കുമെന്ന സന്തോഷത്തിലാണ് എടത്വ സ്വദേശിയായ രതിയും മകൾ മാളവികയും കരുതലും കൈത്താങ്ങും കുട്ടനാട് താലൂക്ക് തല  അദാലത്തിൽ നിന്ന് മടങ്ങിയത്.

68 ശതമാനം മൾട്ടിപ്പിൾ ഡിസെബിലിറ്റിയുള്ള മാളവിക തലവടി ബഡ്സ് റിഹാബിലിറ്റേഷൻ സെൻർ (ബി.ആർ.സി.)ലാണ് പഠിക്കുന്നത്. 2021ൽ എ.ഡി.എ.പി. പ്രകാരം പഠനകിറ്റ് അനുവദിച്ചിരുന്നു. ഇത് വാങ്ങാനായി ബി.ആർ.സി. ഓഫീസിൽ എത്തിയപ്പോൾ മാളവികയുടെ  ആധാർ കാർഡ് ഉപയോഗിച്ച് മറ്റൊരാൾ കിറ്റ് കൈപ്പറ്റിയതായി കണ്ടെത്തി. പുതിയ പഠന കിറ്റിനായി അപേക്ഷിച്ചെങ്കിലും ഒരിക്കൽ അനുവദിച്ചതിനാൽ അഞ്ച് വർഷം കഴിഞ്ഞ് മാത്രമേ കിട്ടുകയുള്ളൂ എന്നാണ് മറുപടി ലഭിച്ചത്. തുടർന്നാണ് രതി കുട്ടനാട് താലൂക്ക് തല അദാലത്തിൽ പരാതി നൽകിയത്. മകൾക്ക് അനുവദിച്ച പഠന കിറ്റ് ആര് കൈപ്പറ്റിയെന്നും പുതിയ പഠന കിറ്റ് അനുവദിക്കണമെന്നായിരുന്നു രതിയുടെ അപേക്ഷ. അപേക്ഷ പരിഗണിച്ച മന്ത്രി സജി ചെറിയാൻ ഒരു ഒരാഴ്ചയ്ക്കകം  പഠന കിറ്റ് നൽകാനും  അനധികൃതമായി പഠന കിറ്റ് കൈപ്പറ്റിയവരെ കണ്ടെത്താനും  വിദ്യാഭ്യാസ വകുപ്പിനെ ചുമതലപ്പെടുത്തി.

നേരത്തെ സംസാരിക്കുകയോ നടക്കുകയോ ചെയ്യാൻ കഴിയാതിരുന്ന മകൾക്ക് ബി.ആർ.സി.യിലെ സ്പീച്ച് തെറാപ്പിയിലൂടെ വലിയ മാറ്റങ്ങളുള്ളതായി രതി പറഞ്ഞു.

date