Skip to main content

ആസ്പിരേഷണല്‍ ജില്ല; സാമ്പത്തിക-നൈപുണ്യ വികസനത്തില്‍ വയനാടിന് ദേശീയതലത്തില്‍ രണ്ടാം സ്ഥാനം

പിന്നാക്ക ജില്ലകളെ ഉയര്‍ത്തിക്കൊണ്ടു വരുന്നതിനുള്ള കേന്ദ്ര സര്‍ക്കാറിന്റെ ആസ്പിരേഷണല്‍ ജില്ലാ പദ്ധതിയില്‍ സാമ്പത്തിക-നൈപുണ്യ വികസന മേഖലയില്‍ വയനാടിന് മികച്ച നേട്ടം. ദേശീയാടിസ്ഥാനത്തില്‍ ഏപ്രില്‍ മാസത്തെ ഡെല്‍റ്റാ റാങ്കിംഗില്‍ ജില്ല രണ്ടാം സ്ഥാനം കരസ്ഥമാക്കിയതായി ജില്ലാ കളക്ടര്‍ ഡോ. രേണു രാജ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ആര്‍. മണിലാല്‍ എന്നിവര്‍ അറിയിച്ചു. രാജ്യത്തെ 112 ജില്ലകളില്‍ കേരളത്തിലെ ഏക ആസ്പിരേഷണല്‍ ജില്ലയാണ് വയനാട്.

ജില്ലാ ഭരണകൂടത്തിന്റെ മേല്‍നോട്ടത്തില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പിന്തുണയോടെ നബാര്‍ഡും ലീഡ് ബാങ്കും ജില്ലയിലെ മറ്റു ബാങ്കുകളുമായി സഹകരിച്ച് നടപ്പാക്കി വരുന്ന ''സുരക്ഷാ 2023'' പദ്ധതിയിലൂടെ പുതുതായി ബാങ്ക് അക്കൗണ്ടുകള്‍ ഉള്‍പ്പെടെ തുടങ്ങാനായതും പ്രധാന മന്ത്രിയുടെ സാമുഹ്യ സുരക്ഷാ പദ്ധതികളില്‍ പുതിയ അംഗങ്ങളെ ചേര്‍ക്കാനായതുമാണ് സാമ്പത്തിക വിഭാഗത്തിലെ നേട്ടത്തിന് മുഖ്യകാരണം. നൈപുണ്യ വികസന മേഖലയില്‍ സ്‌കില്‍ സെക്രട്ടേറിയറ്റിന്റേയും ജില്ലാ സ്‌കില്‍ കമ്മറ്റിയുടേയും ഇടപെടല്‍  മികച്ച റാങ്ക് ലഭിക്കുന്നതിന് കാരണമായി. നേട്ടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും ജില്ലാ കളക്ടര്‍ അഭിനന്ദിച്ചു.

പദ്ധതിയുടെ ഭാഗമായി ജില്ലയുടെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് നിലവില്‍ 18 കോടി രൂപ ചലഞ്ച് ഫണ്ട് അനുവദിച്ചിരുന്നു. ആസ്പിരേഷണല്‍ ജില്ലാ പദ്ധതിയുടെ കീഴില്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ സി.എസ്.ആര്‍ ഫണ്ടില്‍ നിന്നും 4.5 കോടി രൂപയുടെ പ്രവൃത്തികള്‍ ജില്ലയില്‍ പൂര്‍ത്തിയായി.

രാജ്യത്തെ 112 പിന്നാക്ക ജില്ലകളെ വികസന പാതയിലേക്ക് കൊണ്ടുവരാനും അത് വഴി ആഗോള തലത്തില്‍ രാജ്യത്തിന്റെ മാനവ പുരോഗതി സൂചിക (എച്ച്.ഡി.ഐ) മെച്ചപ്പെടുത്തുന്നതിനും സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുമായി ഭാരത സര്‍ക്കാര്‍ 2018 ല്‍ ആരംഭിച്ചതാണ് ആസ്പിരേഷണല്‍ ജില്ലാ പദ്ധതി. ദേശീയ-സംസ്ഥാന-പ്രാദേശിക പദ്ധതികളുടെ കേന്ദ്രീകരണം, ഉദ്യോഗസ്ഥരുടെ കൂട്ടായ പ്രവര്‍ത്തനം, ജില്ലകള്‍ തമ്മിലുളള മത്സരക്ഷമത, സര്‍വോപരി കൂട്ടായ മുന്നേറ്റം വഴി പിന്നാക്ക ജില്ലകളെ ദ്രുതഗതിയില്‍ ഫലപ്രദമായി പരിവര്‍ത്തിപ്പിച്ചെടുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ആരോഗ്യ-പോഷണ മേഖല, വിദ്യാഭ്യാസം, കൃഷി-ജലവിഭവം, സാമ്പത്തിക-നൈപുണ്യ വികസനം, അടിസ്ഥാന സൗകര്യ വികസനം എന്നീ അഞ്ച് മേഖലകളിലെ പുരോഗതിയാണ് ഈ പദ്ധതിയുടെ കീഴില്‍ വിലയിരുത്തുന്നത്.

ദേശീയ തലത്തില്‍ നീതി ആയോഗിന്റെ മേല്‍നോട്ടത്തില്‍ നടപ്പിലാക്കുന്ന പദ്ധതിയുടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും നിരീക്ഷിക്കുന്നതിനും ഭാരത സര്‍ക്കാരിലെ ജോയിന്റ് സെക്രട്ടറി റാങ്കിലുളള സെന്‍ട്രല്‍ പ്രഭാരി ഓഫീസറെ നീതി ആയോഗ് ചുമതലപ്പെടുത്തിയിട്ടുണ്ട്. ആസൂത്രണ-സാമ്പത്തിക കാര്യ വകുപ്പ് സെക്രട്ടറിയാണ് സംസ്ഥാന പ്രഭാരി ഓഫീസര്‍. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ജില്ലാ കളക്ടര്‍ ഉള്‍പ്പെടുന്ന ഉന്നതതല കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ജില്ലാ കളക്ടറാണ് ജില്ലാതല നോഡല്‍ ഓഫീസര്‍. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ജില്ലയിലെ പദ്ധതി പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നു. കൂടാതെ, ജില്ലാതലത്തില്‍ പ്രസ്തുത പദ്ധതി പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും വിലയിരുത്തുന്നതിനുമായി ബന്ധപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന കമ്മിറ്റി എല്ലാമാസവും ആസ്പിരേഷണല്‍ ജില്ലാ പദ്ധതിയുടെ പുരോഗതി നിരീക്ഷിക്കുന്നുണ്ട്.

date