Skip to main content

ബാലവേല വിരുദ്ധ ദിനം: ജില്ലയിൽ ബോധവൽക്കരണ പ്രവർത്തനങ്ങൾ ശക്തമാക്കും

 

വിവിധ സംഘടന പ്രതിനിധികളുടെ യോഗം ചേർന്നു

ജില്ലയിൽ ബാലവേല വിരുദ്ധ ദിനാഘോഷ പരിപാടികളുടെ ഭാഗമായി വിവിധ മേഖലകളിലെ തൊഴിലാളി ക്യാമ്പുകളിൽ ബോധവൽക്കരണ പരിപാടികൾ ശക്തമാക്കും. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ് ഷാജഹാന്റെ അധ്യക്ഷതയിൽ ചേർന്ന വിവിധ സംഘടന പ്രതിനിധികളുടെ യോഗത്തിലാണ് ബോധവൽക്കരണ പ്രവർത്തനങ്ങൾ ശക്തമാക്കാൻ തീരുമാനമായത്. ജൂൺ 12 നാണ് ബാലവേല വിരുദ്ധ ദിനമായി ആചരിക്കുന്നത്.

പ്ലൈവുഡ് ഫാക്ടറികൾ, നിർമ്മാണ മേഖലകൾ തുടങ്ങിയ വിവിധ മേഖലകളിൽ ബാലവേല നടക്കുന്നുണ്ടോ എന്ന് പരിശോധന നടത്തും. തൊഴിലാളി ക്യാമ്പുകളിൽ വിവിധ ഭാഷകളിൽ ബോധവൽക്കരണ നോട്ടീസുകൾ നൽകും. റസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ, ബാലവേല കൂടുതലായി കാണപ്പെടുന്ന ചെമ്മീൻ കെട്ടുകൾ പോലുള്ള തൊഴിലിടങ്ങളിലെ തൊഴിലുടമകൾ എന്നിവരുടെ യോഗം ചേർന്ന് ബോധവൽക്കരണ പ്രവർത്തനങ്ങൾ ശക്തമാക്കാനും യോഗത്തിൽ തീരുമാനമായി. 

ബോധവൽക്കരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി ചിത്രരചന, ക്വിസ് പ്രോഗ്രാം, ബാലവേല വിരുദ്ധ സന്ദേശം ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ഫ്ലാഷ് മോബ് തുടങ്ങിയവ സംഘടിപ്പിക്കും. തൊഴിലിടങ്ങളിലും മെട്രോ സ്റ്റേഷനുകളിലും ബാല വേലവിരുദ്ധ ബോധവൽക്കരണ സന്ദേശം ഉൾപ്പെടുത്തിക്കൊണ്ട് വിവിധ ഭാഷകളിലുള്ള അനൗൺസ്മെന്റുകൾ നൽകും.

യോഗത്തിൽ ജില്ലാ ലേബർ ഓഫീസർ പി.ജെ വിനോദ് കുമാർ, തൊഴിൽ വകുപ്പ് ജീവനക്കാർ, ചൈൽഡ് ലൈൻ പ്രവർത്തകർ, പ്ലൈവുഡ് മേഖലയിലെ കോൺട്രാക്ടർമാർ തൊഴിലുടമകൾ, നിർമ്മാണ മേഖലയിലെ കരാറുകൾ തുടങ്ങിയവർ പങ്കെടുത്തു.

date