Skip to main content

ചരിത്ര നിമിഷം:  മുനമ്പം - അഴീക്കോട് പാലം നിര്‍മ്മാണോദ്ഘാടനം ജൂണ്‍ 9ന്

 

എറണാകുളം - തൃശൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന മുനമ്പം - അഴീക്കോട് പാലത്തിന്റെ നിര്‍മ്മാണോദ്ഘാടനം ജൂണ്‍ 9ന് അഴീക്കോട് ജെട്ടി ഐ.എം.യു.പി സ്‌കൂളില്‍ രാത്രി എട്ടിന് പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും. ഇ.ടി ടൈസണ്‍ മാസ്റ്റര്‍ എം.എല്‍.എ അധ്യക്ഷനാകും.  
റവന്യൂ മന്ത്രി കെ.രാജന്‍,വ്യവസായ മന്ത്രി പി.രാജീവ്,പട്ടികജാതി-പട്ടിക വര്‍ഗ മന്ത്രി കെ.രാധാകൃഷ്ണന്‍, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദു എന്നിവര്‍ വിശിഷ്ടാതിഥികളാകും. എം.പിമാരായ ബെന്നി ബെഹനാന്‍, ഹൈബി ഈഡന്‍, കെ.എന്‍ ഉണ്ണിക്കൃഷ്ണന്‍ എം.എല്‍.എ, തൃശൂര്‍ ജില്ലാ കലക്ടര്‍ വി.ആര്‍ കൃഷ്ണതേജ , തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് മാസ്റ്റര്‍, എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് എന്നിവര്‍ മുഖ്യാതിഥികളാകും. 

കെ.ആര്‍.എഫ്.ഇ.ബി (കേരള റോഡ് ഫണ്ട് ബോര്‍ഡ്) നോര്‍ത്ത് ടീം ലീഡര്‍ എസ്.ദീപു സാങ്കേതിക വിവരണം നടത്തും. വൈപ്പിന്‍ - കയ്പമംഗലം മണ്ഡലങ്ങളിലെ തദ്ദേശ സ്ഥാപന ജനപ്രതിനിധികൾ സന്നിഹിതരാകും. നിര്‍മ്മാണോദ്ഘാടനത്തിനു മുന്നോടിയായി വൈകിട്ട്  അഞ്ച് മുതല്‍ വിവിധ ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തില്‍ കലാസന്ധ്യ ഗ്രാമോത്സവം നടക്കും. ഒപ്പന, കൈകൊട്ടിക്കളി, തിരുവാതിര, നൃത്താവിഷ്‌കാരങ്ങള്‍, നാടന്‍പാട്ടുകള്‍, സംഗീത വിരുന്ന്, ലഘുനാടകങ്ങള്‍ തുടങ്ങിയവയാണ് കലാസന്ധ്യ ഗ്രാമോത്സവത്തിൽ ഉണ്ടാവുക.

date