Skip to main content

റിവൈവ് പദ്ധതിയുമായി ജില്ലാ പഞ്ചായത്ത് : മന്ത്രി എം. ബി. രാജേഷ് ഉദ്ഘാടനം ചെയ്യും.

 

തകരാറുകൾ മൂലം ഉപേക്ഷിച്ച ഇലക്ട്രോണിക് ഉപകരണങ്ങൾ ശേഖരിച്ച് റിപ്പയർ ചെയ്ത് അർഹരായവർക്ക് നൽകുന്ന റിവൈവ് പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്‌. പദ്ധതിയുടെ  ഉദ്ഘാടനം ജൂൺ 11 ന് (ഞായറാഴ്ച്ച) ഉച്ചക്ക് 2 ന് ജില്ലാ പഞ്ചായത്ത്‌ പ്രിയദർശനി ഹാളിൽ തദ്ദേശ സ്വയംഭരണ -എക്സൈസ് വകുപ്പ് മന്ത്രി എം. ബി. രാജേഷ് നിർവഹിക്കും.  ചടങ്ങിൽ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് ഉല്ലാസ് തോമസ് അധ്യക്ഷത വഹിക്കും. കളക്ടർ എൻ. എസ്. കെ. ഉമേഷ്‌ വിശിഷ്‌ടാതിഥിയാകും.

ജില്ലാ പഞ്ചായത്തത്തിന്റെ 2023-24 ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. വിവിധ സ്ഥാപനങ്ങളിൽ കൂടിക്കിടക്കുന്ന കേടായ ഇലക്ട്രോണിക് ഉപകരണങ്ങൾ ശേഖരിച്ച് റിപ്പയർ ചെയ്യുന്നു. ചെറിയ രീതിയിലുള്ള തകരാറുകൾ മാത്രമുള്ള ലാപ്ടോപ്പുകൾ, കമ്പ്യൂട്ടർ,പ്രിന്റർസ് മുതലായ ഇലക്ട്രോണിക് ഉപകരണങ്ങളാണ് പദ്ധതിയുടെ ആദ്യഘട്ടത്തിൽ റിപ്പയർ ചെയ്യുന്നത്. 

ശേഖരിച്ച ഉപകരണങ്ങൾ  കളക്ഷൻ പോയിന്റിൽ എത്തിക്കുകയും അവിടെ നിന്നും ഐ എച്ച് ആർ ഡിയുടെ എറണാകുളം മേഖലാ കേന്ദ്രം പ്രത്യേകമായി സജ്ജമാക്കിയിരിക്കുന്ന റിപ്പയറിങ് സെന്ററിലേക്ക് മാറ്റുകയും ചെയ്യുന്നു. പൂർണമായും സൗജന്യമായി റിപ്പയറിങ് വർക്കുകൾ നടത്തുന്ന കേന്ദ്രത്തിൽ 5000 രൂപ വരെ മുടക്കി റിപ്പയർ ചെയ്യാവുന്നവ റിപ്പയർ ചെയ്തു പുനരുപയോഗ സജ്ജമാക്കുന്നു. 5000 രൂപയ്ക്കുമേൽ റിപ്പയറിങ് ചെലവ് വരുന്ന ഉപകരണങ്ങൾ ഇ മാലിന്യമായി  കണക്കാക്കി ശാസ്ത്രീയമായി നിർമ്മാർജ്ജനം ചെയ്യുന്നു.

റിവൈവ് പദ്ധതി വഴി റിപ്പയർ ചെയ്ത് പുനരുപയോഗ സജ്ജമാകുന്ന കമ്പ്യൂട്ടറുകളും ലാപ്ടോപ്പുകളും നൈപുണ്യ നഗരം പദ്ധതിയിലൂടെ കമ്പ്യൂട്ടർ സാക്ഷരത കൈവരിക്കുന്ന വയോജനങ്ങളായ ഗുണഭോക്താക്കൾക്ക് സൗജന്യമായി നൽകുന്നു. ഇത് കമ്പ്യൂട്ടർ കിയോസ്ക്കുകൾ, ഇ-സേവന കേന്ദ്രങ്ങൾ തുടങ്ങിയ സ്വയം തൊഴിൽ സംരഭങ്ങൾ തുടരുവാൻ അവരെ പ്രാപ്തരാക്കുന്നു. 

പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങുന്ന പദ്ധതിക്കായി ആദ്യഘട്ടത്തിൽ 10 ലക്ഷം രൂപയാണ് എറണാകുളം ജില്ലാ പഞ്ചായത്ത് നീക്കി വെച്ചിരിക്കുന്നത്. ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തിൽ ജില്ലാ പദ്ധതിയായി നടപ്പാക്കുന്ന ഈ പദ്ധതി വിജയകരമാണെന്ന് കണ്ടെത്തിയാൽ മറ്റ് ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ കൂടി ശേഖരിച്ച് റിപ്പയർ ചെയ്ത് പുനരുപയോഗസജ്ജമാക്കുന്ന തരത്തിൽ വ്യാപിപ്പിക്കും.  ഇതോടെ ജില്ലയിലെ ഇ-മാലിന്യപ്രശ്നം പൂർണ്ണമായും പരിഹരിക്കപ്പെടും. കമ്പ്യൂട്ടറുകൾ ലാപ്ടോപ്പുകൾ പ്രിന്റേഴ്സ് എന്നിവ ഈ പദ്ധതിയുടെ ഭാഗമാകാൻ താല്പര്യമുള്ള വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഐഎച്ച്ആരുടെ എറണാകുളം മേഖലാ കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടറെ 8547005092 എന്ന മൊബൈൽ നമ്പറിൽ ബന്ധപ്പെടാം.

date