Skip to main content

വിദ്യാർഥികൾക്ക് നീന്തൽ പരിശീലനം നൽകാൻ ജല തരംഗം പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്

 

മുങ്ങിമരണങ്ങൾ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാർത്ഥികൾക്ക് നീന്തൽ പരിശീലനവുമായി എറണാകുളം ജില്ലാ പഞ്ചായത്ത്. ജില്ലയിലെ മുഴുവൻ സ്കൂളുകളിലെ വിദ്യാർത്ഥികൾക്കും നീന്തൽ പരിശീലനം നൽകി പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ജല തരംഗം എന്ന് പേരിട്ടിട്ടുള്ള പദ്ധതിയുടെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനായി ജില്ലാ പഞ്ചായത്ത്  പ്രസിഡന്റ് ഉല്ലാസ് തോമസിന്റെ അധ്യക്ഷതയിൽ ആലോചന യോഗം സംഘടിപ്പിച്ചു.

വിദ്യാർത്ഥികൾക്ക് സുരക്ഷിതമായ നീന്തൽ പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത്  പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു. സർക്കാർ, എയിഡഡ് സ്കൂളുകൾക്ക് പുറമേ അൺ എയിഡഡ് സ്കൂളുകളെയും സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ  സ്കൂളുകളെയും പദ്ധതിയുടെ ഭാഗമാക്കും. താല്പര്യമുള്ള മുഴുവൻ വിദ്യാർഥികൾക്കും സൗജന്യ പരിശീലനം നൽകാനാണ്  ജില്ലാ പഞ്ചായത്ത് ലക്ഷ്യമിടുന്നത്. ഇതിനായി സ്കൂളുകളുടെ സമീപത്തുള്ള ജലാശയങ്ങളിൽ പരിശീലനം സംഘടിപ്പിക്കും. 15 ദിവസങ്ങളിലായി ഓരോ മണിക്കൂർ വീതമുള്ള പരിശീലനമാണ് നൽകുന്നത്. തുടക്കത്തിൽ  എട്ടാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്കാണ് നീന്തൽ പരിശീലനം ലഭിക്കുക. അഗ്നിരക്ഷാസേനയ്ക്കാണ് ഇതിന്റെ ചുമതല.

ആദ്യഘട്ടത്തിൽ സർക്കാർ സ്കൂളുകളിൽ നടപ്പാക്കുന്ന പദ്ധതി പിന്നീട് പടിപടിയായി  എയിഡഡ് സ്കൂളുകളിലേക്കും തുടർന്ന് അൺ എയിഡഡ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകളിലേക്കും വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. പൂർണ്ണമായും സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കിയുള്ള  പരിശീലനമാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ഇതിനായി പ്രത്യേക സുരക്ഷാ ഉപകരണങ്ങൾ  വാങ്ങാനും തീരുമാനിച്ചു. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നതിനുള്ള 400 ലൈഫ് ജാക്കറ്റുകളാണ് വാങ്ങുന്നത്. ജലാശയങ്ങളിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനായി ജില്ലാ പഞ്ചായത്ത് ആസൂത്രണം ചെയ്തിയിട്ടുള്ള ബ്ലൂ ആർമി വോളണ്ടിയർമാർക്ക് കൂടി ഇവ ഉപയോഗിക്കാൻ കഴിയും. ജില്ലാ പഞ്ചായത്തിന് പുറമേ ജില്ലാ ദുരന്തനിവാരണ അതോറിറ്റി, വിദ്യാഭ്യാസ വകുപ്പ്, അഗ്നി രക്ഷാ സേന തുടങ്ങിയവയും പദ്ധതിയുടെ ഭാഗമാകും.

ജില്ലയിലെ മുഴുവൻ സ്കൂളുകളിലും സ്റ്റുഡന്റ് ഡിസാസ്റ്റർ മാനേജ്മെന്റ് ഗ്രൂപ്പ് രൂപീകരിക്കാൻ  വിദ്യാഭ്യാസ ഉപ ഡയറക്ടർക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർദ്ദേശം നൽകി. വിദ്യാർത്ഥികളെ അടിയന്തര സാഹചര്യങ്ങളിൽ  സ്വയരക്ഷക്കും മറ്റുള്ളവരുടെ സുരക്ഷക്കും സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗ്രൂപ്പുകൾ രൂപീകരിക്കുന്നത്. 

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന്റെ ചേമ്പറിൽ നടന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് സനിത റഹീം, ജില്ലാ ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ഉഷ ബിന്ദു മോൾ,  വിമുക്തി ജില്ലാ മാനേജർ സി. സുനു, ജില്ല ഫയർ ഓഫീസർ കെ. ഹരികുമാർ, റവന്യൂ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഹണി ജി. അലക്സാണ്ടർ തുടങ്ങിയവർ പങ്കെടുത്തു.

date