Skip to main content

ജില്ലയിൽ ലഹരി വിരുദ്ധ ദിനം വിപുലമായി ആചരിക്കും; ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

 

ഈ വർഷത്തെ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം വിപുലമായി ആചരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്.  വിമുക്തിയുമായി സഹകരിച്ച് ജില്ലയിലെ മുഴുവൻ സ്കൂളുകളെയും ഉൾപ്പെടുത്തി ബൃഹദ് പദ്ധതിയാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. 

ജൂൺ 26ന് ലഹരി വിരുദ്ധ ദിനത്തിൽ എൻ.എസ്.എസ്, എൻ.സി.സി, എസ്.പി.സി, സ്കൗട്ട് ആന്റ് ഗൈഡ് എന്നിവയുടെ നേതൃത്വത്തിൽ പരേഡും ഫ്ലാഷ് മോബും ഉൾപ്പടെയുള്ള പരിപാടികളും ലഹരി വിരുദ്ധ ക്ലാസുകളും സംഘടിപ്പിക്കും. തുടർന്ന് കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കും. മന്ത്രിമാർ, ജില്ലയിലെ മുഴുവൻ എം.എൽ.എമാർ, വിവിധ മേഖലകളിലെ പ്രമുഖർ തുടങ്ങിയവരെ ഉൾപ്പെടുത്തി ജില്ലാ തല ഉദ്ഘാടനം നടത്താനാണ് തീരുമാനം. വേദി എവിടെ വേണമെന്ന കാര്യത്തിൽ അടുത്ത ദിവസം തന്നെ തീരുമാനമാകും. അതേസമയം ജില്ലയിലെ മറ്റ് എല്ലാ സ്കൂളുകളിലും വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു. 

ഇതിനു പുറമേ അടുത്ത ഒരു വർഷത്തേക്ക് എല്ലാ സ്കൂളുകളിലും തുടർച്ചയായി ലഹരിക്കെതിരായ വിവിധ പരിപാടികൾ സംഘടിപ്പിക്കും. ഒരു വർഷത്തെ ആക്ഷൻ പ്ലാൻ തയ്യാറാക്കാൻ സ്കൂൾ അധികൃതർക്ക് ജില്ലാ പഞ്ചായത്ത് നിർദ്ദേശം നൽകിയിട്ടുണ്ട്. 

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന്റെ ചേമ്പറിൽ നടന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് സനിത റഹീം, ജില്ലാ ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ഉഷ ബിന്ദു മോൾ,  വിമുക്തി ജില്ലാ മാനേജർ സി. സുനു, ജില്ല ഫയർ ഓഫീസർ കെ. ഹരികുമാർ, റവന്യൂ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഹണി ജി. അലക്സാണ്ടർ തുടങ്ങിയവർ പങ്കെടുത്തു.

date