Skip to main content

പൊളിയാണ് നീലേശ്വരം നഗരസഭയിലെ ഹരിത കര്‍മ്മ സേന. മന്നംപുറത്ത് കാവിനെ ശുചീകരിച്ചു

നീലേശ്വരം മന്നംപുറത്ത് കാവില്‍ കലശവും ചന്തയും സമാപിച്ചതോടെ ബാക്കിയായ മാലിന്യങ്ങള്‍ വളരെ വേഗത്തില്‍ ശുചീകരിച്ച് നഗരസഭയിലെ ഹരിതകര്‍മ്മ സേന.  64 ഹരിതകര്‍മ്മ സേനാംഗങ്ങള്‍ ആണ് നഗരസഭയില്‍ ഉള്ളത്. ഇതില്‍ 50 ഓളം പേരും ശുചീകരണത്തില്‍ പങ്കാളികളായി. കലശം തുടങ്ങുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പേ ക്ഷേത്രനടയുടെ കിഴക്കുഭാഗം ചന്തക്കായി സ്റ്റാളുകള്‍ ഒരുങ്ങിയിരുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങളും കാര്‍ബോര്‍ഡ് തരത്തിലുള്ള മാലിന്യങ്ങളുമായിരുന്നു കൂടുതലും ഇവയൊക്കെയും തരം തിരിച്ച് എടുത്തു. നൂറ് ചാക്കോളം വരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഹരിത കര്‍മ്മസേന ശേഖരിച്ചു.നഗരസഭാ ചെയര്‍ പേഴ്‌സണ്‍ ടി.വി ശാന്ത, മരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ.പി. രവീന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി. കൗണ്‍സിലര്‍മാരായ കെ.മോഹനന്‍, എ. ബാലകൃഷ്ണന്‍, എം.കെ. വിനയരാജ്, വി.വി സതി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ തൗഫീക്ക് പി ഇസ്മയില്‍, പി.പി. സ്മിത, കെ.പി. രചന തുടങ്ങിയവരും സംബന്ധിച്ചു.
കുറച്ച് ചന്തകള്‍ ഇനിയും വിട്ടൊഴിഞ്ഞ് പോകാന്‍ ബാക്കിയുണ്ട.  അവിടെയും ഉടന്‍ തന്നെ വൃത്തിയാക്കും. നിലവില്‍ 90 ശതമാനത്തോളം ക്ലീന്‍ ചെയ്തതായും ബാക്കിയുള്ള ചന്തകള്‍ ഒഴിഞ്ഞാല്‍ അവിടെയും ഉടന്‍ വൃത്തിയാക്കുമെന്ന് ഹരിത കര്‍മ്മ സേനാംഗങ്ങള്‍ അറിയിച്ചു.

date