Skip to main content

ഗുരുവായൂർ നിയോജകമണ്ഡലം തീരസദസ്സ് ജൂൺ 11ന്

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഗുരുവായൂർ നിയോജകമണ്ഡലത്തിലെ തീരസദസ്സ് ജൂൺ 11 ന് രാവിലെ 10 മണിക്ക് മമ്മിയൂർ ലിറ്റിൽ ഫ്ളവർ കോൺവെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ അങ്കണത്തിൽ നടത്തുമെന്ന് എൻ കെ അക്ബർ എംഎൽഎ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. തീരസദസ്സിന്റെ ഉദ്ഘാടനം രാവിലെ 11 മണിക്ക് മത്സ്യബന്ധന, സാംസ്കാരിക, യുവജന കാര്യവകുപ്പ് മന്ത്രി സജി ചെറിയാൻ നിർവ്വഹിക്കും.

തീര സദസ്സ് ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി അന്നേ ദിവസം രാവിലെ 9.30 മുതൽ 11 മണി വരെ മമ്മിയൂർ ലിറ്റിൽ ഫ്ളവർ കോൺവെന്റ് യുപി സ്കൂളിൽ പ്രത്യേകം തയ്യാറാക്കിയ ഹാളിൽ ജനപ്രതിനിധികൾ, രാഷ്ട്രീയ സാമൂഹിക സാംസ്കാരിക ട്രേഡ് യൂണിയൻ നേതാക്കളുമായി ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ മണ്ഡലത്തിന്റെ വികസന പ്രവർത്തനങ്ങളെ പറ്റി ചർച്ച നടത്തും. ഇതോടൊപ്പം തീരദേശ മേഖലയിലെ മുതിർന്ന മത്സ്യത്തൊഴിലാളികളെയും തീരദേശ മേഖലയിൽ വിവിധ രംഗങ്ങളിൽ കഴിവ് തെളിയിച്ച 94 പ്രതിഭകളെയും ആദരിക്കും. കൂടാതെ പുനർഗേഹം ഗുണഭോക്താക്കളായ 20 പേർക്ക് ആധാര കൈമാറ്റം, സാഫ് മത്സ്യഫെഡ്, മത്സ്യത്തൊഴിലാളി ക്ഷേമനിധി എന്നിവയിലെ വിവിധ പദ്ധതികളുടെ 53 ഗുണഭോക്താക്കൾക്ക് ആനുകൂല്യ വിതരണം എന്നിവയും നടക്കും.

തീരദേശ ജനതയുമായി സംവദിക്കുവാനും അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി സത്വര പരിഹാര നടപടികൾ സ്വീകരിക്കുന്നതിനും സർക്കാരിന്റെ വികസന ക്ഷേമ പ്രവർത്തനങ്ങൾ അവരിലേക്ക് എത്തിക്കുന്നതിനുമായാണ് സംസ്ഥാന സർക്കാർ തീരസദസ്സ് സംഘടിപ്പിക്കുന്നത്. ജനപ്രതിനിധികളും മത്സ്യത്തൊഴിലാളികളും പൗരപ്രമുഖരും ഉദ്യോഗസ്ഥരും തീരമേഖലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിന് ഒരുമിക്കുന്ന വേദിയാണ് തീരസദസ്സ്.

എൻ കെ അക്ബർ എംഎൽഎ അധ്യക്ഷനാകുന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ ബിന്ദു, പട്ടികജാതി പട്ടികവർഗ്ഗ, ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ, റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ എന്നിവർ വിശിഷ്ടാതിഥികളാകും. ടി എൻ പ്രതാപൻ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി കെ ഡേവിസ് മാസ്റ്റർ, ജില്ലാ കലക്ടർ വി ആർ കൃഷ്ണതേജ, മത്സ്യഫെഡ് ചെയർമാൻ ടി മനോഹരൻ തുടങ്ങിയവർ മുഖ്യാതിഥികളാകും. ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ്, മത്സ്യ ബോർഡ് ചെയർമാൻ കൂട്ടായി ബഷീർ, ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ അഷിത, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, നഗരസഭ കൗൺസിലർമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് സ്വാഗതവും ഫിഷറീസ് ജോയിൻറ് ഡയറക്ടർ ഡോ. ആശ അഗസ്റ്റിൻ നന്ദിയും പറയും.ഫിഷറീസ് ഡയറക്ടർ ഡോ. അദീലാ അബ്ദുള്ള റിപ്പോർട്ട് അവതരിപ്പിക്കും. തീര സദസ്സിനോടനുബന്ധിച്ച് വോയിസ് ഓഫ് ചേഞ്ച് അണ്ടത്തോട് ഒരുക്കുന്ന ഗസൽ ഗാനമേളയും ഉണ്ടായിരിക്കും.

ചാവക്കാട് പിഡബ്ലിയുഡി ഗസ്റ്റ് ഹൗസിൽ നടന്ന വാർത്താ സമ്മേളനത്തിൽ ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത്, പുന്നയൂർ പഞ്ചായത്ത് പ്രസിഡൻറ് ടിവി സുരേന്ദ്രൻ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ ജെ അനിത, അസിസ്റ്റൻറ് ഡയറക്ടർ പി ഡി ലിസി, എക്സ്റ്റൻഷൻ ഓഫീസർ ജോയ്നി ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു.

date